ദില്ലിയെ ചെങ്കടലാക്കി മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി

രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാളികള്‍ കോര്‍പറേറ്റ് – വര്‍ഗീയ കൂട്ടുകെട്ടിനും കൊള്ളയ്ക്കും എതിരായി ചെങ്കൊടികളുമായി ബുധനാഴ്ച ദില്ലിയില്‍ ഒത്തുചേര്‍ന്നു. അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, അഖിലേന്ത്യാ കിസാന്‍സഭ, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ രാംലീല മൈതാനത്ത് സംഘടിപ്പിച്ച മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി വന്‍ജനമുന്നേറ്റമായി മാറി.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ മണിപ്പുര്‍ വരെയും ഉള്ള തൊഴിലാളികളും കര്‍ഷകരും അണിനിരന്ന റാലി ഇന്ത്യയുടെ വൈവിധ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി. പതിനായിരക്കണക്കിന് സ്ത്രീകള്‍ പങ്കാളികളായ റാലിയില്‍ മോദിസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നിശിതമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡിഷ, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്ന് പരമ്പരാഗത വേഷങ്ങളില്‍ തൊഴിലാളികളും കര്‍ഷകരും റാലിയില്‍ പങ്കെടുത്തു. ആറ് മാസം നീണ്ട പ്രചാരണത്തിനും തയ്യാറെടുപ്പിനും ശേഷം സംഘടിപ്പിച്ച റാലി അച്ചടക്കത്തിലും ആവേശത്തിലും ശ്രദ്ധേയമായി.

സിഐടിയു, അഖിലേന്ത്യാ കിസാന്‍സഭ, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നിവയുടെ ഭാരവാഹികളായ കെ ഹേമലത, തപന്‍ സെന്‍, അശോക് ധാവ്ളെ, വിജു കൃഷ്ണന്‍, എ വിജയരാഘവന്‍, ബി വെങ്കട്, സ്വാഗതസംഘം ചെയര്‍മാനും വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പ്രഭാത് പട്നായിക് എന്നിവരും കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ ഫെഡറേഷനുകളുടെയും ബാങ്ക്, ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകളുടെയും നേതാക്കളും സംസാരിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോല്‍പല്‍ ബസു എന്നിവര്‍ റാലിയെ അഭിവാദ്യം ചെയ്തു.

ദില്ലിയിലേയും പരിസരത്തെയും വിവിധ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച ശേഷമാണ് ജാഥകളായി തൊഴിലാളികളും കര്‍ഷകരും രാംലീല മൈതാനത്തേയ്ക്ക് എത്തിയത്.ബുധനാഴ്ച രാവിലെ എട്ടോടെ തുടങ്ങിയ കലാപരിപാടികള്‍ 11:30 വരെ നീണ്ടു. പൊതുസമ്മേളനം പുരോഗമിക്കുമ്പോഴും മൈതാനത്തേയ്ക്ക് ജനങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ശൈത്യകാലത്തിനുശേഷം പതിവിലേറെ ചുട് കൂടുതലായിരുന്നിട്ടും പകല്‍ നേരത്ത് വിശാലമായ മൈതാനം തൊഴിലാളികളെക്കൊണ്ട് നിറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News