ബിജെപി നിയന്ത്രണത്തിലുള്ള ചെങ്ങന്നൂര്‍ കിഴക്കേനട സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ അഴിമതി നടത്തിയതായി വിജിലന്‍സിന് പരാതി. ക്രമക്കേട് നടന്നതായി ഓഡിറ്റിംഗില്‍ കണ്ടെത്തി. ബിജെപി ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള ബാങ്കാണ് ഇതെന്നും ആരോപണം.
സൊസൈറ്റി നിയമങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയെന്നും ആക്ഷേപമുണ്ട്. ചെങ്ങന്നൂര്‍ വേങ്ങൂര്‍ രമേശ് ബാബുവാണ് ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. 2 പതിറ്റാണ്ടിലേറെയായി സംഘപരിവാര്‍ അനുഭാവമുള്ള ഭരണസമിതിയാണു ബാങ്ക് ഭരിക്കുന്നത്.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഭരണസമിതി പ്രവര്‍ത്തിക്കുന്ന കിഴക്കേനട സര്‍വീസ് സഹകരണബാങ്കില്‍ 20 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി വേങ്ങൂര്‍ രമേശ്ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ സഹകരണനിയമങ്ങള്‍ പാലിച്ചിട്ടില്ല. മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ഭരണസമിതി പ്രസിഡന്റും ഉള്‍പ്പെടുന്ന കമ്മറ്റി 1,79,65,843 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്ന് ചെങ്ങന്നൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ രേഖാമൂലം മറുപടി തന്നിട്ടുണ്ടെന്ന് രമേശ് ബാബു പറഞ്ഞു.
സൊസൈറ്റിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്നയാള്‍ വിരമിച്ചപ്പോള്‍ ഇയാളുടെ മകനെ അതേ തസ്തികയില്‍ നിയമിച്ചു. ഇത് സഹകരണനിയമത്തിന്റെ ലംഘനമാണ്. കൂടാതെ മൂന്നുകോടിയോളം രൂപ അഴിമതി കാണിച്ച ഭരണസമിതി പ്രസിഡന്റിനെ രാജിവയ്പ്പിച്ചിട്ട് അതേ കമ്മിറ്റിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ പ്രസിഡന്റാക്കി. നിക്ഷേപകരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ ഭരണസമിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു.
ഭരണസമിതി അംഗമായിരുന്നയാളുടെ ഭാര്യയെ പ്യൂണായി നിയമിച്ചു. ഒട്ടേറെ ആളുകളുടെ ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ വ്യാജ വായ്പയായി തട്ടിയെടുത്തിട്ടുള്ളത്. ഇങ്ങനെ ചതിയില്‍പ്പെട്ട ചില അഭിഭാഷകരും സാധാരണക്കാരും ജപ്തിഭീഷണിയുടെ വക്കിലാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രമേശ് ബാബു ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here