കേരള പൊലീസില്‍ മുസ്‌ലിങ്ങൾക്ക് മാത്രമായി പിഎസ്‌സി നിയമനമെന്ന കള്ളം ; വ്യാജപ്രചാരണം പൊളിച്ചടുക്കി കെജെ ജേക്കബ്

കേരള പൊലീസില്‍ മുസ്‌ലിങ്ങൾക്ക് മാത്രമായി പിഎസ്‌സി റിക്രൂട്ട്മെന്‍റ് എന്ന വ്യാജ പ്രചാരണത്തിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. കുറച്ചുമാസമായി പ്രചരിക്കുന്ന കള്ളം വീണ്ടും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ജേക്കബിന്‍റെ പോസ്റ്റ്. ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ എസ്‌പി റാങ്കിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സത്യാവസ്ഥ അറിഞ്ഞെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

കെജെ ജേക്കബിന്‍റെ എഫ്‌ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം

വൈകുന്നേരമായപ്പോൾ അടുത്തത്.
“കേരള പോലീസ് സേനയിൽ മുസ്ലിങ്ങൾക്കു മാത്രമായി PSC റിക്രൂട്ട്മെന്റ്. ആരെങ്കിലും അറിഞ്ഞോ?”
കൂടെ പോസ്റ്ററുണ്ട്. ബലം കൂട്ടാൻ പി എസ് സി യുടെ ലിങ്കുമുണ്ട്.
പി എസ് സിയിൽ ഉയർന്ന തലത്തിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു. ആൾക്ക് സംഭവം പെട്ടെന്ന് പിടികിട്ടി. ഒരു മാസമായി ഇത് കിടന്നു കറങ്ങുന്നുണ്ട്; ആളോട് ചിലരൊക്കെ അന്വേഷിച്ചിരുന്നു. ഇന്ന് അതിനു വീണ്ടും ജീവൻ വച്ചു. ഇന്നുതന്നെ എസ് പി ലെവലിലുള്ള രണ്ടു പോലീസ് ഉദ്യോഗസ്‌ഥന്മാർ വിളിച്ചു ഇതിന്റെ സത്യാവസ്‌ഥ അന്വേഷിച്ചു.
സംഭവം ഇതാണ്: സംവരണ ലിസ്റ്റിൽ ചിലപ്പോൾ ബന്ധപ്പെട്ട സമുദായത്തിൽനിന്നു ആവശ്യത്തിന് ആളുകൾ ഇല്ലാതെ വരും. അല്ലെങ്കിൽ അഡ്വൈസ് ചെയ്തവർ ചിലർ ചേരാതെ വരും. ഒന്നോ രണ്ടോ..പരമാവധി അഞ്ചു പോസ്റ്റ് വരെ ഇങ്ങിനെ ഒഴിവ് വരാറുണ്ട്. നോ ക്യാൻഡിഡേയ്റ്റ് അവൈലബിൾ (NCA) എന്ന ഈ വിഭാഗത്തിൽ വരുന്ന ഒഴിവുകളിലേക്ക്‌ ആ സംവരണ സമുദായത്തിൽനിന്നു റിക്രൂട്ട്മെന്റ് നടത്തും.
മേല്പ്പറഞ്ഞ ലിങ്കിൽ രണ്ടു ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെൻ്ട്ടാണ് നടത്താൻ പോകുന്നത്.
അതാണ് കേരള പോലീസ് സേനയിലേക്ക് മുസ്ലിങ്ങൾക്ക് മാത്രമായി റിക്രൂട്ട്മെന്റ് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്.
എത്ര പേർക്ക് ഇങ്ങിനെയൊരു വിശദീകരണം കിട്ടും?
***
ഈ സംഭവം കാസ കൃമികളുടെ ഉല്പന്നമാണോ എന്നറിയില്ല; കണ്ടിട്ട് അങ്ങനെത്തന്നെയാണ് തോന്നുന്നത്. ഒന്നുകിൽ സംഘി, അല്ലെങ്കിൽ ക്രിസംഘി.
എന്തിലും വർഗീയത കലർത്താനും, പ്രത്യേകിച്ച് മുസ്ലിം വിദ്വേഷം പരത്താനുമുള്ള ആസൂത്രിത ശ്രമം കേരളത്തിൽ നടക്കുന്നുണ്ട് എന്നത് പുതിയ കാര്യമല്ല. കേരളത്തിലെ ജനസംഖ്യയിൽ 28-30 ശതമാനം വരുന്ന ഒരു സമുദായത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന ഈ വിദ്വേഷ പ്രചാരണം നാടിനെ കുട്ടിച്ചോറാക്കാൻ ഉദ്ദേശിച്ചുതന്നെയാണ്.
നാടിന്റെ അസ്‌ഥിവാരമിളക്കുന്ന ഇമ്മാതിരി പണി ചെയ്യുന്നവർക്കെതിരെയാണ് ഭീകര വിരുദ്ധ നിയമം പ്രയോഗിക്കണ്ടത്. ഇക്കൂട്ടരെ നിയമത്തിന്റെ അവസാന സാധ്യതയുമുപയോഗിച്ചു നിലയ്ക്ക് നിർത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഒന്നുമറിയാത്തപോലെ തലയ്ക്കു കൈയുംവെച്ചു കിടന്നുറങ്ങിയിട്ട് അവസാനം കൈവിട്ടുപോകുമ്പോൾ എണീറ്റ് നിലവിളിച്ചിട്ട് വലിയ കാര്യമുണ്ടാവാൻ സാധ്യതയില്ല.
***
ആരെയും ടാഗ് ചെയ്യുന്നില്ല.
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News