അന്തരിച്ച മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് കെ ജെ ജേക്കബ്. ജീവിതം ഒട്ടുമിക്കവാറും ജീവിച്ചു തീർക്കുകയും നിരവധി പത്രാധിപന്മാരെ അടുത്തു കാണുകയും ആ പണിയെക്കുറിച്ചു ഏതാണ്ടൊരു ധാരണയുണ്ടാവുകയും ചെയ്ത ഇക്കാലത്തും ആദ്യം പതിഞ്ഞ എസ് ജയചന്ദ്രൻ നായരുടെ രൂപത്തിന് മാറ്റമൊന്നുമില്ല എന്നാണ് കെ ജെ ജേക്കബ് പങ്കുവെച്ച അനുശോചന പോസ്റ്റിൽ കുറിച്ചത്.
കെ ജെ ജേക്കബിന്റെ പോസ്റ്റ്
‘ഗുരുസാഗരം’ ഒന്നൂടെ മറിച്ചുനോക്കി.
ആദ്യമായി മനസ്സിൽ കടന്നു കസേര വലിച്ചിട്ടിരുന്ന പത്രാധിപർ ‘ഗുരുസാഗര’ത്തിലാണ്. ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം.
എല്ലാം അറിയുന്ന ആൾ. വാർത്തകൾ പ്രതീക്ഷിച്ചിരിക്കുന്ന, വാർത്തകൾ കണ്ടു ഞെട്ടാത്ത ആൾ. വാർത്തകൾ തിരിച്ചറിയുന്ന ആൾ. എല്ലാവരും അദ്‌ഭുതപ്പെടുമ്പോൾ അദ്‌ഭുതപ്പെടാത്ത ആൾ.
‘ഗുരുസാഗര’ത്തിലെ പത്രാധിപരെ മനസ്സിൽ കൊണ്ടുനടക്കുന്ന നാളുകളിലാണ് ജേണലിസം പഠന കാലത്തു ഒരിക്കൽ കലാകൗമുദിയിൽ പോയത്.
ദാ ഇരിക്കുന്നു, പത്രാധിപർ.
അതുതന്നെ.
വളരെ കുറച്ചേ സംസാരിച്ചുള്ളൂ. ഏറിയാൽ പതിനഞ്ചു മിനിറ്റ്. അതിനകം ആ രൂപം മനസ്സിൽ ഉറപ്പിച്ചിരുന്നു.
പിന്നീടെത്രയോ കാലത്തിനുശേഷം ‘ദി വീക്കി’ൽ ജോലി ചെയ്യുമ്പോൾ an editor is always on top of the situation എന്ന് അന്നത്തെ സീനിയർ എഡിറ്ററും ഇപ്പോഴത്തെ പത്രാധിപരുമായ ജയശ്ചന്ദ്രൻ പറയുമ്പോൾ ഞാനാ പത്രാധിപരെ ഓർക്കുമായിരുന്നു. (ജയേഷ് അത് പറഞ്ഞത് ഏറ്റവും മുകളിലിരിക്കുന്ന ഒരാളെ ഉദ്ദേശിച്ചുമാത്രമല്ല, ആ പണി ഏറിയോ കുറഞ്ഞോ എടുക്കുന്ന എല്ലാവരെയും പറ്റിയാണ്.)
ഒരു മനുഷ്യൻ എന്ന നിലയിൽ സ്വയം രൂപപ്പെടാൻ എന്നെ സഹായിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പും അതിലെ ലേഖനങ്ങളുമായിരുന്നു. ‘കലാ കൗമുദി’യും ‘മലയാള’വും സെക്കൻഡ് റഫറൻസ് ആണ്; പ്രധാനമായും രാഷ്ട്രീയത്തിന്.
പക്ഷെ പത്രാധിപർക്കു എസ് ജയചന്ദ്രൻ നായരുടെ രൂപമായിരുന്നു.
ജീവിതം ഒട്ടുമിക്കവാറും ജീവിച്ചു തീർക്കുകയും നിരവധി പത്രാധിപന്മാരെ അടുത്തുകാണുകയും ആ പണിയെക്കുറിച്ചു ഏതാണ്ടൊരു ധാരണയുണ്ടാവുകയും ചെയ്ത ഇക്കാലത്തും ആദ്യം പതിഞ്ഞ ആ രൂപത്തിന് മാറ്റമൊന്നുമില്ല.
വിട, ജയചന്ദ്രൻ നായർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here