ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഇ ഡി യെയും സിബിഐയെയും അദ്ദേഹം ‘കൊട്ടേഷൻ സംഘം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇലക്‌ടറല്‍ ബോണ്ട് അഴിമതി, ഒരു പദ്ധതിയുപയോഗിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഗുണ്ടാപിരിവാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
Also Read: ഇലക്ടറല്‍ ബോണ്ട്; ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തകരോട്,
ആരുമറിയാതെ, കണക്കില്ലാതെ, എന്നാൽ നിയമപരമായി കോർപറേറ്റ് കമ്പനികൾക്കും വ്യക്തികൾക്കും രാഷ്ട്രീയപാർട്ടികൾക്കു പണം നൽകാനുള്ള ഇലക്ടറൽ ബോണ്ട് അഴിമതി സ്‌ഥാപനവൽക്കരിക്കുകയാണ് എന്ന് നിങ്ങളുടെ പാർട്ടികൾ നിലപാടെടുത്തിരുന്നു.
അതുകൊണ്ടുതന്നെ ആ പദ്ധതിയിൽനിന്നും പണം വാങ്ങുന്നതല്ല എന്നും.
ഇപ്പോൾ അഴിമതി മാത്രമല്ല, ആ പദ്ധതിയുപയോഗിച്ചു ഗുണ്ടാപ്പിരിവ് നടത്തുകയായിരുന്നു എന്നതിനുള്ള തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കൊട്ടേഷൻ ടീമായ ഈ ഡി യെയും പിന്നെ സി ബി ഐ, ആദായനികുതി വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റുകളെയും ഉപയോഗിച്ച് കമ്പനികളിൽനിന്നു പണം പിടുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ അഞ്ചു കമ്പനികളിൽ മൂന്നിനും ഇമ്മാതിരി ഭീഷണികൾ ഉണ്ടായിരുന്നു എന്നാണ് ഇതിനകം വന്ന റിപ്പോർട്ട്; ബാക്കി വന്നുകൊണ്ടിരിക്കുന്നുണ്ട്.
Also Read: മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
അതുവരട്ടെ. ഫാഷിസ്റ്റുകളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ പണക്കൂമ്പാരത്തിന്റെ പിന്നാമ്പുറ കഥകൾ പതുക്കെയെങ്കിലും പുറത്തുവരട്ടെ.
പറഞ്ഞുവന്നത് അതല്ല.
അഴിമതിയെ സ്‌ഥാപനവൽക്കരിക്കുന്ന ഒരു പദ്ധതിയെ അങ്ങിനെത്തന്നെ കാണാനും അതിൽനിന്നു മാറി നടക്കാനും, അതിനെപ്പറ്റി സമൂഹത്തിനു മുന്നറിയിപ്പ് നൽകാനും നിങ്ങളുടെ പാർട്ടികൾക്കായി.
അതിനെതിരെ കേസുമായി സി പി എം സുപ്രീം കോടതിയിൽ പോയി.
ചെറിയ കാര്യങ്ങളല്ല.
വ്യക്തികളെക്കുറിച്ചുള്ള ആരോപണങ്ങൾ നിങ്ങളുടെ പാർട്ടികളെക്കുറിച്ചുമുണ്ടായിട്ടുണ്ട്; അതൊക്കെ തിരുത്താൻ ശ്രമിക്കുമ്പോഴും രാഷ്ട്രീയപ്പാർട്ടികൾ എന്ന നിലയിൽ വ്യവസ്‌ഥാപിത അഴിമതിയോടു സന്ധിയില്ല എന്ന നിലപാട് സ്വീകരിക്കാൻ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
കോർപ്പറേറ്റ് കമ്പനികളുടെ കൊള്ളലാഭത്തിൽനിന്നു അവർ നീട്ടിയെറിയുന്ന ചോരപ്പണം കൊണ്ടല്ല, നിങ്ങളുടെ വിയർപ്പുതുള്ളികൾ വീണ മുഷിഞ്ഞ നോട്ടുകൾ കൊണ്ടാണ് നിങ്ങളുടെ പാർട്ടികൾ നിങ്ങൾ നടത്തുന്നത് എന്ന നിങ്ങളുടെ വാദത്തിനു കാലം സാക്ഷിപറയാനെത്തിയിരിക്കുകയാണ്.
കല്ലിൽ കൊത്തിയെടുത്ത നിങ്ങളുടെ നിലപാടുകൾക്കു ഒരു നാട് അഭിവാദ്യമർപ്പിക്കുന്ന ചരിത്രമുഹൂർത്തം.
ഞാനെന്റെ സഹോദരന്റെ കാവൽക്കാരൻ എന്ന കമ്യൂണിസ്റ്റിന്റെ ചരിത്രപരമായ ചങ്കുറപ്പോടെ, കാലിൽ പറ്റിയ പൊടിയോളമെത്തുന്ന വിനയത്തോടെ അതേറ്റുവാങ്ങുക.
തലയുയർത്തിപ്പിടിച്ചുനിൽക്കുക.
നിങ്ങളെയോർത്തു നിങ്ങളുടെ സഹയാത്രികരായ എന്നെപ്പോലുള്ള മനുഷ്യരും ഇത്തിരി അഭിമാനിക്കട്ടെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here