‘മനോരമേ ഒരു മയത്തിലൊക്കെ തള്ള്…’, അവസാനമായി സെക്രട്ടേറിയറ്റ് കണ്ടു വന്നത് നന്നായി; ട്രോളി കെജെ ജേക്കബ്

kj jacob fb post

ചേരി തിരിഞ്ഞുള്ള ഐഎഎസ് പോരിൽ സെക്രട്ടേറിയറ്റ് തകർന്നു വീണു എന്നും സർക്കാർ ഉടൻ വീഴുമെന്നൊക്കെ എഴുതി പിടിപ്പിച്ച മലയാള മാധ്യങ്ങളെ ട്രോളി മുതിർന്ന മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്. എൻ പ്രശാന്തിന്‍റെ സസ്‌പെൻഷൻ നീട്ടിയ വാർത്തക്കൊപ്പം കൃഷി വകുപ്പിൽ നിന്നും ബി അശോകിനെ മാറ്റിയ നടപടി കൂടി ചേർത്ത് വച്ചാണ് ഐഎഎസ് പോര് രൂക്ഷമെന്നും സർക്കാറിന് തടയാനാകുന്നില്ല എന്നും മനോരമ വാർത്ത നൽകിയത്.

ഇതിനെയാണ്, തന്റെ സെക്രട്ടറിയേറ്റുമായുള്ള പഴയ ഓർമ്മകൾ കൂടി പങ്കു വച്ചുകൊണ്ട് കെജെ ജേക്കബ് പരിഹാസ രൂപേണ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു പോയപ്പോൾ സെക്രട്ടേറിയറ്റിനു ചുറ്റും ഒന്ന് കറങ്ങിയെന്നും പിന്നീട് കാണാൻ പറ്റിയില്ലെങ്കിലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; മാര്‍ ജോസഫ് പാംപ്ലാനി മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരി

ഒരാളെ പുറത്തേക്കു മാറ്റിയപ്പോൾ സെക്രട്ടേറിയറ്റിന്‍റെ തൂണുകൾ ഇളകിത്തുടങ്ങി, ചുവരുകൾ വിണ്ടുതുടങ്ങി, തറ പൊളിഞ്ഞു തുടങ്ങി, പദ്ധതികൾ പാളിത്തുടങ്ങി, ഫയലുകൾ കരഞ്ഞു തുടങ്ങി, ഫണ്ടുകൾ വറ്റിത്തുടങ്ങി, ഐഎഎസുകാർ ആദ്യമായി അടി തുടങ്ങി, ഭരണചക്രം കറക്കം നിർത്തിത്തുടങ്ങി, സർക്കാരിന് ദിശതെറ്റിത്തുടങ്ങി, മന്ത്രിമാർ പാഞ്ഞുതുടങ്ങി, എന്നൊക്കെയാണ് മനോരമ വാർത്ത നൽകുന്നത് എന്ന് കെജെ ജേക്കബ് പരിഹസിച്ചു. ഐഎഎസുകാർ തമ്മിലുള്ള യുദ്ധത്തിൽ പൊളിഞ്ഞു വീഴും മുമ്പ് പഴയ ഓർമ്മയിൽ അവസാനമായി സെക്രട്ടേറിയറ്റ് ഒന്ന് കണ്ടുപോന്നത് നന്നായി എന്ന് തോന്നുന്നതായും അദ്ദേഹം തമാശ രൂപേണ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു പോയപ്പോൾ സെക്രട്ടേറിയറ്റിനു ചുറ്റും ഒന്ന് കറങ്ങി. ഒരു രസം തോന്നി ചെയ്തതാണ്. എന്തായാലും അതൊരു ഭാഗ്യമായി എന്ന് ഇപ്പോൾ തോന്നുന്നു. ഇനി ചെല്ലുമ്പോൾ അതവിടെ ഇല്ലെങ്കിലോ….

***

എം എ യ്ക്ക് പഠിക്കുമ്പോൾ രണ്ടു കൊല്ലം അതിനു ചുറ്റും ജീവിച്ചിരുന്നു. ആദ്യത്തെ കൊല്ലം ഗാന്ധാരി അമ്മൻ കോവിലിന്റെ പിറകിൽ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. അവിടെനിന്നു പാളയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലേക്കു സെക്രട്ടേറിയറ്റ് ചുറ്റി നടന്നുപോകാനുള്ള ദൂരമേയുള്ളൂ.

അങ്ങിനെ കുറച്ചുദിവസം നടന്നപ്പോഴാണ് പത്തം ക്ലാസിൽ പഠിച്ച പൈതഗോറസ് തിയറം ഓർമവന്നത്: പാദവർഗ്ഗം അധികം ലംബവർഗ്ഗം സമം കർണ്ണ വർഗ്ഗം. അതിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ സെക്രട്ടേറിയറ്റിന്റെ തെക്കുവശത്ത് പിറകിലുള്ള ഗേറ്റിൽക്കൂടി കയറി വടക്കുവശത്ത് മുൻപിലുള്ള ഗേറ്റിലൂടെ പുറത്തുചാടിയാൽ കുറച്ചു നടപ്പു ലാഭിക്കാം.

അധികാരവുമായി യാതൊരു പരിചയവും ഇല്ലാതിരുന്നതുകൊണ്ടും അന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ സർക്കാർ ഉദ്യോഗസ്‌ഥൻ വില്ലേജ് ഓഫീസറായിരുന്നതുകൊണ്ടും “യന്ത്ര’വും ‘സർവ്വീസ് സ്റ്റോറി’യുമൊക്കെ വായിച്ചും സെക്രട്ടേറിയറ്റ് ഒരു രാവണൻ കോട്ടയാണെന്ന ധാരണയുണ്ടായിരുന്നതുകൊണ്ട് പേടിയായിരുന്നു. രാവിലെ രാവിലെ മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നെ കുറെ ഉദ്യോഗസ്‌ഥരും വന്നു ഒപ്പിട്ടു ഭരണ ചക്രം തിരിച്ചു തുടങ്ങും. അതങ്ങിനെ തിരിയുന്നതുകൊണ്ടാണ് നമ്മളൊക്കെ ജീവിച്ചുപോകുന്നത്. അവരെങ്ങാൻ നിർത്തിയാൽ? ഡിം!

എന്നൊക്കെയാണ് ധാരണയെങ്കിലും നോക്കുമ്പോൾ പക്ഷെ ആളുകൾ വെറുതെ സെക്രട്ടേറിയറ്റിലേക്കു കയറിപ്പോകുന്നുണ്ട്, ചോദ്യവും പറച്ചിലുമൊന്നുമില്ല.

ഒരു ദിവസം ധൈര്യം സംഭരിച്ചു ഞാനും ആ പിൻഗേറ്റിലൂടെ അകത്തു കടന്നു. പൈതഗോറസ് തിയറം അനുസരിക്കാൻ എല്ലാ ശാസ്ത്ര-സാഹിത്യ വിദ്യാർത്ഥികൾക്കും ഉത്തരവാദിത്തമുണ്ട് എന്നൊരു നയം ശാസ്ത്ര സാഹിത്യ പരിഷത്തിന് ഉണ്ടോയെന്നറിയില്ല. പക്ഷെ ശാസ്ത്രം പഠിച്ചിട്ടു ഇപ്പോൾ സാഹിത്യം പഠിക്കുന്ന എനിക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടു കയറിയതാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ പറയാം. മാവോയിസ്റ്റാണെന്നു വിചാരിച്ചോളും; കുഴപ്പമുണ്ടാവില്ല.

പാറാവുകാരനുണ്ട്; ആൾ പക്ഷെ ഗൗനിക്കുന്നേയില്ല.

അപ്പൊ കുഴപ്പമില്ല.

അകത്തുകയറിയാൽ പിന്നെ പുറത്തു കടന്നല്ലേ പറ്റൂ. എങ്കിലും നല്ല പേടിയുണ്ട്. സത്യം പറഞ്ഞാൽ മോഷ്ടിക്കാൻ കയറിയ മട്ടിലായിരുന്നു ഒരവസ്‌ഥ. ഇടംവലം നോക്കാതെ തിരുവനതപുരം ഭാഷയിൽ നേരെ കുറുക്കനെ കടന്നു വടക്കുഭാഗത്തെ ഗേറ്റിലൂടെ പുറത്തു ചാടി.

കുഴപ്പം കൂടാതെ ആദ്യത്തെ ദിവസം കടന്നതോടെ ധൈര്യമായി. പിന്നീടുള്ള ദിവസങ്ങളിൽ ധൈര്യം ഇൻക്രിമെന്റലായി കൂടിക്കൂടി വന്നു. പിന്നെ അതൊരു നടപ്പാതയായി. ചുറ്റും നോക്കാൻ തുടങ്ങി. പത്രത്തിൽ വായിച്ചു മാത്രം പരിചയമുള്ള കൊടിവച്ച കാറുകൾ പലത്, വലിയ ചുവപ്പു ബോർഡുകൾ, അതിലെ വൻപദവികൾ ഒക്കെ കണ്ണിൽപ്പെട്ടു തുടങ്ങി. നല്ല ഭംഗിയുള്ള പുൽത്തകിടി, അവിടെയുള്ള വാഴച്ചെടികൾ; അതിലെ പൂക്കൾ, നല്ല ഭംഗിയുള്ള കെട്ടിടം, വലിയ തൂണുകൾ, പിന്നെ ഗംഭീരമായ വെള്ള നിറം. ആകെയൊരു ശേലുണ്ട്.

അതങ്ങിനെ നടക്കുമ്പോൾ ഒരു ദിവസം പാറാവുകാരൻ പിടികൂടി.

“പുള്ള അവിടെ നിന്നേ.”

ഹൃദയം ഏകദേശം ഒന്ന് സ്തംഭിച്ചു.

തീർന്നു. .

നിന്നു.

“പുള്ള എല്ലാ ദിവസം എവിടെ പോണ്?”

കാറ്റിൽ പറന്നുപോകുന്ന ശരീരവും കൈയിൽ എന്തെങ്കിലുമൊക്കെ പുസ്തകവും പിന്നെ നോട്ടെഴുതാനുള്ള ഫയലും സാധാരണ നടക്കുന്നവർക്കില്ലാത്ത ഒരു ചെറിയ പരിഭ്രമം ഒക്കെയായി ഇയാളെന്തിനാണ് എല്ലാ ദിവസവും സെക്രട്ടേറിയറ്റിൽ വരുന്നത് എന്ന് അയാൾക്കൊരു സംശയം. തോന്നാവുന്നതേയുള്ളൂ.

“ഞാൻ..ഞാൻ…”

തൊണ്ട വരണ്ടു തുടങ്ങി. അപ്പനേം അമ്മേം ഒന്നൂടെ കാണണം എന്ന് പോലും തോന്നി.

“അത് പിന്നെ…”

പുള്ളി വേറെ ഒന്നും ചോദിക്കുന്നില്ല. വലിയ ഗൗരവം ഒന്നുമില്ല, പക്ഷെ ഞാൻ തന്നെ പറയണം.

“അവിടെ കോളേജില്…”

“ഓ യൂണിവേഴ്‌സിറ്റി കാളേജിലാ?”

പുള്ളി ഒന്നയഞ്ഞു. വിദ്യാർത്ഥികളോട് പോലീസുകാർക്കൊക്കെ ഒരനുഭാവമുണ്ട്. അനുഭവംണ്ട്

“അല്ല.”

ആൾ മുറുകി.

“പിന്നെ?”

“അയിന്റെ പൊറകില്..”

“അതെവിടെ?”

“യൂണിവേഴ്‌സിറ്റിന്റെ അകത്ത്… ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്”

“ഓ, പണിക്കര് സാറിന്റെ കാളജ്‌…”

അയ്യപ്പപ്പണിക്കർ. തൊട്ടപ്പുറത്തുണ്ടായിരുന്ന ബ്രിട്ടീഷ് ലൈബ്രറിയുടെ മണം ഇപ്പുറത്തെ പാറാവുകാരന്റെ മൂക്കിലടിച്ചിരുന്നു എന്നുവേണം വിചാരിക്കാൻ.

“ഉം.”

ആൾ അയഞ്ഞു, തെളിഞ്ഞു.

“നല്ല കാളേജുകള് തന്നെ. അവിടന്ന് ഐയെയെസ്സുകാരൊക്കെ ഉണ്ടായിട്ടുണ്ട് കേട്ടാ.”

രക്ഷപെട്ടു.

“പുള്ള പൊക്കോ. നല്ലപോലെ പഠിക്കണം കേട്ടാ.”

പിന്നീട് ഞാൻ പോകുമ്പോൾ ആൾ വല്ലപ്പോഴും ഒന്ന് ചിരിക്കും. ഞാൻ രണ്ടും.

അങ്ങിനെ പൈതഗോറസ് തിയറം അനുസരിക്കാൻ വേണ്ടി ഞാൻ അന്ന് കയറിയ സെക്രട്ടേറിയറ്റിൽ ഇപ്പോൾ അങ്ങിനെ കയറാൻ പറ്റില്ല. വളരെ കനത്ത സെക്യൂരിറ്റിയാണ്. ഒരീച്ചപോലും കടക്കില്ല എന്നാണറിവ്. ഇപ്പോൾ ഈച്ചയ്ക്കു കടക്കണമെങ്കിൽ അനുവാദം നൽകിക്കൊണ്ടുള്ള സ്‌പെഷ്യൽ സെക്രട്ടറി(ഈച്ച)യുടെ ഉത്തരവിന്റെ കോപ്പി സ്കാൻ ചെയ്തു വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു അതിന്റെ സ്‌ക്രീൻ ഷോട്ടും പിന്നെ ഉത്തരവിന്റെ രണ്ടു പേപ്പർ കോപ്പിയും പാറാവുകാരനെ കാണിച്ചാൽ മാത്രമേ നടക്കൂ എന്നാണ് സെബിൻ പറഞ്ഞത്.

***

അങ്ങിനെ ആയിട്ടുള്ളതായിട്ടുള്ളതായ ആ സെക്രട്ടേറിയറ്റ് സർക്കാരിലുള്ള ഡസൻ കണക്കിന് സെക്രട്ടറിമാരിൽ ഒരാളെ സ്‌ഥലം മാറ്റിയതോടെ പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് മനോരമ രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്; ഇന്നത്തോടെ എറണാകുളത്തിരിക്കുന്ന എനിക്കുപോലും പേടിയായിത്തുടങ്ങി.

ഒരാളെ പുറത്തേക്കു മാറ്റിയപ്പോൾ സെക്രട്ടേറിയറ്റിന്റെ തൂണുകൾ ഇളകിത്തുടങ്ങി, ചുവരുകൾ വിണ്ടുതുടങ്ങി, തറ പൊളിഞ്ഞു തുടങ്ങി, പദ്ധതികൾ പാളിത്തുടങ്ങി, ഫയലുകൾ കരഞ്ഞുതുടങ്ങി, ഫണ്ടുകൾ വറ്റിത്തുടങ്ങി, ഐയ്യേയെസ്സുകാർ ആദ്യമായി അടിതുടങ്ങി, ഭരണചക്രം കറക്കം നിർത്തിത്തുടങ്ങി, സർക്കാരിന് ദിശതെറ്റിത്തുടങ്ങി, മന്ത്രിമാർ പാഞ്ഞുതുടങ്ങി, എന്നൊക്കെയാണ് വാർത്ത.

ഇനി എപ്പോളാണ് സെക്രട്ടേറിയറ്റ് മൊത്തം ഉരുണ്ടുവീഴുന്നത് എന്ന് നോക്കിയാൽ മതി എന്നുതോന്നിപ്പോകും വായിച്ചുവരുമ്പോൾ.

പഴയ ഓർമ്മയിൽ അവസാനമായി സെക്രട്ടേറിയറ്റ് ഒന്ന് കണ്ടുപോന്നത് നന്നായി എന്ന് എനിക്കും തോന്നുന്നു.

***

എന്നാലും അണ്ണാ, അണ്ണന്മാരെ, ഒരു മയത്തില്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News