അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ നൂതന സമൂഹമാക്കി മാറ്റാനുള്ള പദ്ധതികൾ ഒരുങ്ങുന്നു; കെ കെ രാഗേഷ്

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒരു നൂതന സമൂഹമായി മാറ്റാൻ ലക്ഷ്യമിടുന്നതാണ് പതിനാലാം പഞ്ചവത്സര പ​ദ്ധതിയെന്ന് മുന്‍ എംപി കെ കെ രാഗേഷ്. സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ആസൂത്രണ പ്രക്രിയ പ്രധാനമാണെന്നത് കേരള സർക്കാരിന്റെ ഉറച്ച ബോധ്യമാണെന്നും കേരളത്തിലെ ആസൂത്രണ പ്രക്രിയയുടെ ഒരു പ്രധാന സവിശേഷത അതിന്റെ പങ്കാളിത്ത സ്വഭാവമാണെന്നും കെ കെ രാഗേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ നൂതന സമൂഹമാക്കി മാറ്റാനുള്ള പദ്ധതികൾ ഒരുങ്ങുന്നു
ഇന്ത്യയിൽ നിലവിൽ പഞ്ചവത്സര പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ (2022-27) സമീപന രേഖയ്ക്ക് കഴിഞ്ഞ മന്ത്രിസഭായോ​ഗം അം​ഗീകാരം നൽകുകയുണ്ടായി. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒരു നൂതന സമൂഹമായി മാറ്റാൻ ലക്ഷ്യമിടുന്നതാണ് പതിനാലാം പഞ്ചവത്സര പ​ദ്ധതി. സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ആസൂത്രണ പ്രക്രിയ പ്രധാനമാണെന്നത് കേരള സർക്കാരിന്റെ ഉറച്ച ബോധ്യമാണ്. കേരളത്തിലെ ആസൂത്രണ പ്രക്രിയയുടെ ഒരു പ്രധാന സവിശേഷത അതിന്റെ പങ്കാളിത്ത സ്വഭാവമാണ്.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസന പ്രവർത്തങ്ങളുടെ അടിസ്‌ഥാനശിലയായി വർത്തിക്കുന്ന ആസൂത്രണ പ്രക്രിയയാണ് പഞ്ചവത്സര പദ്ധതികൾ. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സാമൂഹ്യ ക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നീ മേഖലകളിൽ കേരളം നേടിയെടുത്ത മികവ് തുടരുന്നതിനൊപ്പം ഇവയെ സമ്പദ് വ്യവസ്ഥയിലെ ഉൽപാദന ശക്തികളുടെ ത്വരിത വളർച്ചയ്ക്കുള്ള ഒരു ചാലകശക്തിയായി ഉപയോഗപ്പെടുത്താനാണ് പതിനാലാം പദ്ധതിയിലെ തീരുമാനം.

മാനവശേഷിയുടെ കരുത്തിലൂന്നി വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുകയും സമ്പദ്ഘടനയിലെ ഉൽപാദനശക്തികളുടെ വളർച്ച ദ്രുതഗതിയിലാക്കുകയും ചെയ്യുകയാണ് പതിനാലാം പദ്ധതിയുടെ ലക്ഷ്യം.വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചെറുകിട വ്യാപാരം എന്നിവയടങ്ങുന്ന വളർച്ച വരുമാനദായക സേവനങ്ങൾ, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, ആധുനിക വ്യവസായം, പശ്ചാത്തലസൗകര്യ വികസനം എന്നിവയിലൂന്നിയ മുന്നേറ്റമാണ് പുതിയ പദ്ധതിയുടെ അടിസ്‌ഥാനം. പതിനാലാം പദ്ധതിയിൽ ഉന്നത വിദ്യാഭ്യാസം കേരള സർക്കാരിന്റെ വികസന മുൻഗണനകളിലെ ഒരു പ്രധാന മേഖലയായിരിക്കും.

ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ആധുനികവൽക്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, യുവതലമുറയ്ക്ക് ആധുനിക സമ്പദ്ഘടനയിലെ ഏറ്റവും മികച്ച തൊഴിൽ നൽകുക എന്നിവയാണ് പുതിയ പദ്ധതിയുടെ മറ്റൊരു പ്രധാനലക്ഷ്യം.അതിദാരിദ്ര്യം ഇല്ലാതാക്കാനും
മാലിന്യ നിർമ്മാർജ്ജനത്തിന് സമഗ്രവും നൂതനവുമായ സമ്പ്രദായങ്ങൾ ആലോചിക്കുന്നതിനും വളർച്ചയുടെ ചാലകശക്തികളായി മാറാൻ പ്രാദേശിക സർക്കാരുകളെ സഹായിക്കുന്നതിനും പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഊർജ്ജിത ശ്രമങ്ങളുണ്ടാവും.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വികസന നയം പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. അതാണ് പതിനാലാം പദ്ധതിയുടെ കാതൽ. ആ നയത്തിന്റെ പ്രഖ്യാപനമാണ് മന്ത്രിസഭ അംഗീകരിച്ച സമീപനരേഖ.

Also Read: കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News