മനോരമ വരെ കെ ഫോൺ സൃഷ്ടിക്കുന്ന മാറ്റത്തെക്കുറിച്ച് എഡിറ്റോറിൽ എഴുതിയിട്ടും പ്രതിപക്ഷം പദ്ധതിയുടെ ശോഭ കെടുത്താനുള്ള ശ്രമത്തിലാണ്

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ ഫോണിനെ ഇകഴ്ത്താൻ ശ്രമിക്കുന്ന പ്രതിപക്ഷ ശ്രമക്കൾക്കെതിരെ സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമായ കെ.കെ.രാഗേഷ്. “അരികിലെത്തുന്നു ഡിജിറ്റൽ സമത്വം” എന്ന് കെ ഫോണിനെപ്പറ്റി മലയാള മനോരമ എഡിറ്റോറിയൽ എഴുതിയിട്ടും പ്രതിപക്ഷം പദ്ധതിയുടെ ശോഭ കെടുത്താനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ മാധ്യമങ്ങളടക്കം കെ ഫോൺ വലിയ വാർത്തയാക്കിയപ്പോൾ ഇല്ലാത്ത ആരോപണവുമായി പ്രതിപക്ഷം രംഗത്ത് ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിൻ്റെ അഭിമാന പദ്ധതിയെ തകർക്കാൻ കണക്ടാവാത്ത കളളങ്ങളും എന്ന് കുറിച്ച ചിത്രത്തോടൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

“അരികിലെത്തുന്നു ഡിജിറ്റൽ സമത്വം” എന്നാണ് കെ ഫോണിനെപ്പറ്റി മലയാള മനോരമ എഡിറ്റോറിയൽ എഴുതിയത്. ദേശീയ മാധ്യമങ്ങളും കെ ഫോൺ ഉദ്ഘാടനം വലിയ രീതിയിൽ വാർത്തയാക്കി. കേരള വികസനത്തിലെ വലിയ കുതിച്ചുചാട്ടം എന്ന നിലയിലാണ് കെ ഫോൺ പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം ചൈനീസ് കേബിൾ ആരോപണങ്ങളുമായി കെ ഫോൺ പദ്ധതിയുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങളിലാണ്.

കെ ഫോൺ കേബിളുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതിനാൽ ​ഗുണമേന്മയിൽ ഒരുറപ്പുമില്ലെന്നാണ് ചിലർ പറയുന്നത്. ചൈനീസ് എന്ന് കേൾക്കുമ്പോൾ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ്. ലോകത്ത് ആവശ്യമായ ഒപ്റ്റിക്കൽ ഫൈബറിൻ്റെ അമ്പത് ശതമാനത്തിലധികം ഉണ്ടാക്കുന്നത് ചൈനയാണ് എന്നാണ് യു.കെ.യിലെ ലീഡ്‌സ്‌ യൂണിവേഴ്‌സിറ്റിയിലെ ഫങ്ക്ഷണൽ മെറ്റീരിയൽസ് ചെയർ പ്രൊഫസറായ ഡോ. ജിൻ ജോസ് തന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ (ITU) നും IEEE യും നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവയ്ക്കുമാത്രമാണ് ഒപ്റ്റിക്കൽ ഫൈബർ നിർമിച്ചു വിൽക്കാൻ പറ്റുകയുള്ളൂവെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കെ ഫോണിൽ ഉപയോഗിച്ച ഒപ്റ്റിക്കൽ ഫൈബർ ചൈനീസ് നിർമ്മിതമാണെന്ന ആരോപണങ്ങളെ അദ്ദേഹം അവഗണിച്ചു തള്ളുകയാണ് ചെയ്തത്.

കേന്ദ്ര സർക്കാരിന്റെ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് കെ ഫോൺ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഹരിയാനയിലെ ഗുഡ്ഗാവിൽ നിർമിക്കുന്ന എൽഎസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകളാണ് കെ ഫോണിനായി ഉപയോഗിച്ചത്.

എൽഎസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് “മെയ്ക് ഇൻ ഇൻഡ്യ” പോളിസി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് പ്രധാന വിമർശനം.
എന്നാൽ 55 ശതമാനത്തിലധികം ഭാഗം ഇന്ത്യയിൽ നിർമ്മിച്ചവയെ മെയ്ഡ് ഇൻ ഇന്ത്യയായി പരിഗണിക്കണമെന്നാണ് Department of Telecommunication 29.08.2018 ന് ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയത്.
എൽഎസ് കേബിൾ കെ ഫോണിനുള്ള ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ നിർമ്മിക്കാനുള്ള ഒപ്റ്റിക്കൽ യൂണിറ്റ് ലഭ്യമാക്കിയത് ചൈനയിലെ Jiangsu Sterlite Tongguang Optical Fiber Co Ltd. ൽ നിന്നാണ്. ശേഷം ഹരിയാനയിലുള്ള എൽഎസ് കേബിൾ ഫാക്റ്ററിയിൽ നിന്ന് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ നിർമ്മിക്കുകയായിരുന്നു. പ്രൊഡക്റ്റിന്റെ 58% ഭാഗവും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതിനാൽ ടെലികോം വകുപ്പിന്റെ മാനദണ്ഡങ്ങൾ ഇവിടെ കൃത്യമായി പാലിക്കപ്പെട്ടതാണ്.

അതോടൊപ്പം കെ.എസ്.ഇ.ബി. പതിവായി വാങ്ങുന്ന വയറിനെക്കാൾ ആറുമടങ്ങ് വില ഒപ്റ്റിക്കൽ ഫൈബറിനുവേണ്ടി നൽകിയെന്ന വിമർശനത്തിൽ യാതൊരു അർത്ഥവുമില്ല. 220 കെ.വി. ലൈനിനുവേണ്ടി വാങ്ങുന്ന സാധാരണ എർത്ത് വയറും കെ ഫോണിനുവേണ്ടി ലഭ്യമാക്കിയ ഒപ്റ്റിക്കൽ യൂണിറ്റും തമ്മിൽ വില വ്യത്യാസം ഉണ്ടാവുമെന്നത് സ്വാഭാവികമായ കാര്യമാണ്. കെ ഫോണിനെപ്പറ്റി പ്രതിപക്ഷമുന്നയിക്കുന്ന വിമർശനങ്ങൾക്ക് അടിസ്‌ഥാനമില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News