കുട്ടി എഴുത്തുകാരി വരദയുടെ അഭിപ്രായത്തിൽ പുസ്തകം തുറന്ന് ഒറ്റയ്ക്കിരുന്ന് വായിക്കുന്നതിന്റെ സുഖം ഒരു ഓഡിയോ ബുക്കും തരില്ലെന്നാണ്. കെ.എൽ.ഐ.ബി.എഫിന്റെ ഇന്ററാക്റ്റീവ് സെഷനിൽ സംസാരിക്കുകയായിരുന്നു വരദ. ഇന്നത്തെ കുട്ടികളിൽ വായന ഇല്ലാത്തത് വീടുകളിൽ കഥകൾ പറഞ്ഞു തരുന്ന മുത്തശ്ശനും മുത്തശ്ശിയുമില്ലാത്തതുകൊണ്ടാണെന്ന് വരദ പറയുന്നു. പുതുമയുള്ള ഇക്കാലത്തെ കഥകൾ കുട്ടികളാണ് മുതിർന്നവർക്ക് പറഞ്ഞു കൊടുക്കുന്നത്. ഓഡിയോ ബുക്കുകളെക്കാൾ പുസ്തകം തൊട്ട് തലോടി വായിക്കുന്നതാണ് ഇഷ്ടമെന്നും ഈ കുഞ്ഞ് എഴുത്തുകാരി പറയുന്നു.
നിയമസഭ പുസ്തകോത്സവം ഒന്നും രണ്ടും എഡിഷനുകളിൽ കാഴ്ചകൾ കണ്ട് നടന്ന വരദ സ്പീക്കർ എ എൻ ഷംസീറിനോട് ഒരു പരിഭവം പറഞ്ഞിരുന്നു, ”കുട്ടികൾക്കല്ലേ പുസ്തകവുമായി കൂടുതൽ അടുപ്പം, പക്ഷേ പുസ്തകോത്സവത്തിൽ കുട്ടികൾക്ക് ഒന്നും ചെയ്യാൻ അവസരമില്ല”. വരദയുടെ ആവശ്യത്തിന് അടുത്ത പുസ്തകമേളയിൽ പരിഹാരമുണ്ടാകും എന്ന് അന്ന് സ്പീക്കർ ഉറപ്പ് നൽകി.
Also Read: വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതന്‍ മാങ്ങാട്
ഇത്തവണത്തെ പുസ്തകമേളയുടെ പ്രധാന ആകർഷണം സ്റ്റുഡന്റ്‌സ് കോർണർ ആണ്. വരദയ്ക്ക് സ്പീക്കർ നൽകിയ ഉറപ്പ് അങ്ങനെ ഈ മേളയിൽ നടപ്പിലായി. വെള്ളിയാഴ്ച സ്റ്റുഡന്റ്‌സ് കോർണറിൽ നടന്ന വായനാലോകത്തിൽ ഇക്കാര്യങ്ങൾ വരദ അനുസ്മരിച്ചു.
അഞ്ഞൂറോളം പുസ്തകങ്ങൾ വായിച്ച്, അതിന്റെ ആസ്വാദനകുറിപ്പുകൾ എഴുതി പ്രസിദ്ധീകരിച്ച മിടുക്കിയാണ് വിളവൂർക്കൽ ജി എച്ച് എച്ച് എസിലെ അഞ്ചാം ക്ളാസുകാരി വരദ. ചിത്രകഥാപുസ്തകങ്ങളിലൂടെയാണ് വരദ വായനയുടെ ലോകത്തേക്ക് വന്നത്. കഥക്കൂട്ട് എന്ന പേരിൽ വായിച്ച കഥകളുടെ ആസ്വാദനം എഴുതി വച്ചു. ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങൾ എന്ന പേരിൽ മൈൻഡ് പബ്ലിക്കയിലൂടെ അത് പ്രസിദ്ധീകരിച്ചു. വീട്ടിലെ ഊഞ്ഞാലും അപ്പൂപ്പൻതാടിയും കോഴിയും കാക്കയും മഞ്ചാടിക്കുരുവുമാണ് ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങൾ എന്ന കഥയുടെ പ്രചോദനം. റേഡിയോ ജോക്കിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ച വിശേഷങ്ങളും വരദ പങ്കുവച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here