നിയമസഭ പുസ്തകോത്സവം: പാനല്‍ ചര്‍ച്ചകളില്‍ പുസ്തകഭ്രാന്ത് മുതല്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെ

klibf-2025

സമകാലീന ഇന്ത്യന്‍ രാഷ്ട്രീയം, മനുഷ്യനെ ചേര്‍ത്തു നിര്‍ത്തുന്ന ആത്മീയത തുടങ്ങി പുസ്തകഭ്രാന്തും പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെയുളള വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളുമായി നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. ജനുവരി 7 മുതല്‍ 13 വരെ നിയമസഭ സമുച്ചയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് രാഷ്ട്രീയ, സാഹിത്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കും സാഹിത്യസീമകള്‍ക്കും സാംസ്‌കാരിക വേലിക്കെട്ടുകള്‍ക്കും അപ്പുറത്ത് പുത്തനാശയങ്ങളുമായി എത്തുക.

മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും എംഎല്‍എമാരായ എം വി ഗോവിന്ദന്‍ മാസ്റ്ററും രമേശ് ചെന്നിത്തലയും പികെ ബഷീറും മാത്യു ടി തോമസും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കും. ജോണ്‍ ബ്രിട്ടാസ് എംപി മോഡറേറ്ററാകുന്ന പാനല്‍ ചര്‍ച്ചയില്‍ പി കെ കൃഷ്ണദാസും പങ്കെടുക്കും. സഹകരണമേഖലയും പ്രൊഫഷണലിസവും എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ മന്ത്രി വിഎന്‍ വാസവന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഡോ. ബിപി പിള്ള, ഇജി രഞ്ജിത് കുമാര്‍, ബി രാജേന്ദ്രകുമാര്‍, ഡോ. രാജേഷ് എസ് പൈങ്ങാവില്‍, ഡോ. രാജേഷ് കുമാര്‍ എസ് എന്നിവര്‍ പങ്കെടുക്കും. ഡോ. ഡി സജിത് ബാബു മോഡറേറ്ററാകും.

Read Also: ലോകത്ത് പുതുവർഷം പിറന്നു; ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്

പികെ ശ്രീമതി ടീച്ചര്‍, ബിഎം സുഹറ, ഡോ. രേഖാ രാജ്, ഷീബ അമീര്‍, ഡോ. അനു ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കുന്ന പെണ്‍കരുത്തിന്റെ ശബ്ദങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മാതു സജി നയിക്കും. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്ന ആത്മീയതയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ നിഷാന്ത് എംവി മോഡറേറ്ററാകും. ഗീവര്‍ഗീസ് മാര്‍ കൂറിലോസും മുസ്തഫ മൗലവിയും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ഭാഗമാകും. അച്ചടി മാധ്യമത്തിന്റെ ആയുസ്സ് എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സരസ്വതി നാഗരാജന്‍ മോഡറേറ്ററാകും. രാജഗോപാല്‍ ആര്‍, മനോജ് കെ ദാസ്, ജോസ് പനച്ചിപ്പുറം, ആര്‍എസ് ബാബു എന്നിവര്‍ പങ്കെടുക്കും.

എഴുത്തും തൊഴിലും ഇഴചേരുമ്പോള്‍ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ അനു പാപ്പച്ചന്‍ മോഡറേറ്ററാകും. പ്രതാപന്‍, സുഭാഷ് ഓട്ടുമ്പുറം, ധനുജ കുമാരി, ഇളവൂര്‍ ശശി, റാസി എന്നിവര്‍ പാനലിസ്റ്റുകളായെത്തും. സുജിത് കൊടക്കാട് ചര്‍ച്ച നയിക്കുന്ന പുസ്തകഭ്രാന്തിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കീര്‍ത്തി ജ്യോതിയും ആര്‍ അനന്തകൃഷ്ണനും ശരണ്‍ രാജീവും ഭാഗമാകും. ബാലസാഹിത്യം- ഉണ്ണികളേ ഒരു കഥ പറയാം എന്ന ചര്‍ച്ചയില്‍ ബിജു തുറയില്‍കുന്ന് മോഡറേറ്ററാകും. ഡോ. കെ ശ്രീകുമാറും കൃപ അമ്പാടിയും ഉണ്ണി അമ്മയമ്പലവും സിബിജോണ്‍ തൂവലും പങ്കെടുക്കും. വിവര്‍ത്തന സാഹിത്യത്തിന്റെ സൗന്ദര്യം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സുനീത ബാലകൃഷ്ണന്‍ മോഡറേറ്ററാകും. ഡോ. പ്രിയ കെ നായരും പ്രൊഫ. എ അരവിന്ദാക്ഷനും കബനി സിയും ഡോ. സണ്ണി എന്‍എമ്മും പങ്കെടുക്കും.

വായനയാണ് ലഹരി എന്ന പ്രമേയത്തില്‍ ചിട്ടപ്പെടുത്തുന്ന പുസ്‌കോത്സവത്തില്‍ 350 പുസ്തക പ്രകാശനങ്ങളും 60ലധികം പുസ്തക ചര്‍ച്ചകളും നടക്കും. ടോക്ക്, ഡയലോഗ്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ക്ക് വേദിയാകും. ദിവസവും വൈകിട്ട് 7 മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News