നിയമസഭയുടെ പുസ്തക മേളയില്‍ പോയാല്‍ ‘ഉണ്‍മ’ എന്നൊരു
സ്റ്റാള്‍ കാണാം. അവിടെ സദാ പുഞ്ചിരിച്ച് നില്ക്കുന്ന ഒരു
പച്ചയായ മനുഷ്യനുണ്ട്- ഉന്‍മ മോഹന്‍.1986 ല്‍ തന്റെ
പത്തൊമ്പതാം വയസ്സില്‍ ആരംഭിച്ച ഉണ്‍മ എന്ന ലിറ്റില്‍ മാഗസിനിലൂടെ
മലയാള സാഹിത്യ ,സാംസ്‌കാരിക രംഗത്ത് അനിഷേധ്യ സാന്നിധ്യമായ
എഴുത്തുകാരന്‍. ‘കടലില്‍ കടുകല്ല; കടുകില്‍ കടലാണ് ‘ എന്ന രണ്ട്
വരി കൊണ്ട് മലയാളത്തിലെ കുഞ്ഞു സാഹിത്യത്തില്‍ നവ
ഭാവുകത്വം സൃഷ്ടിച്ചു. തൊട്ടപ്പുറത്ത് കേരള മീഡിയ അക്കാദമിയുടെ
സ്റ്റാള്‍ ഉണ്ട്. അവിടെയെത്തിയാല്‍ മലയാള മാധ്യമ ചരിത്രത്തിലെ
വിസ്മയകരമായ ഒരു പഠന ഗ്രന്ഥം വാങ്ങിയ്ക്കാം. ഡോക്ടര്‍
പി.കെ രാജശേഖരന്‍ എഴുതിയ ‘ പക്ഷിക്കൂട്ടങ്ങള്‍ – ലിറ്റില്‍ മാഗസിനുകളും
മലയാളത്തിലെ ആധുനികതയും ‘ .ഈ ഗ്രന്ഥം മലയാള സാഹിത്യ
,സാംസ്‌കാരിക രംഗങ്ങളില്‍ ലിറ്റില്‍ മാഗസിനുകള്‍ വഹിച്ച പങ്ക്
സവിസ്തരം വിശദീകരിക്കുന്നു. ഉണ്‍മ മോഹന്റെ ‘ഉണ്‍മ’ മണമ്പൂര്‍
രാജന്‍ ബാബുവിന്റെ ‘ ഇന്ന് ‘ എന്നു തുടങ്ങി നിരവധി
പക്ഷിക്കൂട്ടങ്ങള്‍ നന്മയുടേയും പുരോഗമന ചിന്തയുടേയും
സന്ദേശ വാഹകരായി മലയാള സാംസ്‌കാരിക ഭൂമികയുടെ
ആകാശത്തിലൂടെ പാറിപറന്നിരുന്നു.
ഇല്ലന്റ് മാസികകള്‍ക്ക് മരണമണി മുഴങ്ങിയിരിക്കുന്നു.
മൂന്ന് വര്‍ഷം മുമ്പ് കേന്ദ്ര തപാല്‍ വകുപ്പ് സ്റ്റാമ്പ് നിരക്ക്
ഇളവോടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ ലിറ്റില്‍ മാഗസിനുകള്‍ക്കും
ഒരു നോട്ടീസ് അയച്ചു. ലിറ്റില്‍ മാഗസിനുകള്‍ ആരംഭിച്ച കാലം
മുതല്‍ അന്നുവരെയുളള വരവ് ചെലവ് കണക്കുകള്‍
തെളിവുകള്‍ സഹിതം അറിയിക്കണമെന്നായിരുന്നു നോട്ടീസ്.
കടം വാങ്ങിയും അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക
സഹായം കൊണ്ടും പ്രവര്‍ത്തിച്ചിരുന്ന ഇല്ലന്റെ് മാസികകള്‍
എങ്ങനെയാണ് പെട്ടെന്നൊരു ദിവസം കണക്ക് ബോധിപ്പിക്കുക?
നേരത്തെ 25 പൈസയുടെ സ്റ്റാമ്പ് ഒട്ടിച്ച് ഒരു ഇല്ലന്റ്
മാസിക അയയ്ക്കാമായിരുന്നു. ആനുകൂല്ല്യം നിലച്ചതോടെ
ഒരു മാസിക അയയ്ക്കാനുളള മിനിമം നിരക്ക് നാല്
രൂപയായി ഉയര്‍ന്നു. പതിനാറിരട്ടി വര്‍ധന.
മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുളള ഉണ്‍മ അതോടെ
പ്രസിദ്ധീകരണം നിര്‍ത്തി. കേരളത്തിലൂടെ പാറിപറന്നിരുന്ന
പക്ഷി കൂട്ടങ്ങളെല്ലാം കൂട്ടത്തോടെ ചിറകറ്റ് വീണുകൊണ്ടിരിക്കുന്നു.
പ്രസിദ്ധീകരണ മേഖലയില്‍ ലിറ്റില്‍ മാഗസിനുകള്‍ വഹിച്ചിരുന്നതിന്
സാമാനമായ ദൗത്യമാണ് പ്രസാധന രംഗത്ത് ചെറുകിട
പ്രസാധകര്‍ വഹിക്കുന്നത്. ഉണ്‍മ ഇല്ലന്റ് മാസിക നിര്‍ത്തിയതോടെ
മോഹന്‍ പ്രസാധന രംഗത്ത് കൂടുതല്‍ സജീവമായി. പക്ഷെ
രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ചെറുകിട പ്രസാധകരേയും
വെറുടെ വിടില്ല. നേരത്തെ കുറഞ്ഞ നിരക്കില്‍ ബുക്ക് പോസ്റ്റായി
പുസ്തകങ്ങള്‍ അയയ്ക്കാമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ബുക്ക്
പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതോടെ പ്രസാധകര്‍ക്ക് ചെലവേറിയ
കൊറിയര്‍, സ്പീഡ് പോസ്റ്റ് , വി പി പി സംവിധാനങ്ങള്‍
ആശ്രയിക്കുക മാത്രമാണ് മാര്‍ഗ്ഗമുളളത്
പക്ഷെ ഉണ്‍മ മോഹന് നിരാശയില്ല
‘ ഉറക്കമൊഴിച്ചിരുന്നാണ് ഉണ്‍മയുടെ ഓരോ ലക്കവും പുറത്തിറക്കിയിരുന്നത്.
കുത്തകകള്‍ പ്രസാധന രംഗം കൈയ്യടക്കിയ കാലത്ത് എന്റേതുപോലുളള
ചെറുകിട പ്രസാധകര്‍ക്ക് പിടിച്ചു നില്ക്കാനാവില്ല. അക്ഷരങ്ങളോടുളള
സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സംരംഭം ഇപ്പോഴും തുടരുന്നത്’
കേരള നിയമസഭയുടെ പുസ്തകോത്സവത്തില്‍ 168 പ്രസാധകരാണ്
പങ്കെടുക്കുന്നത്. ഇവയിലെ നൂറ്റി അമ്പതും ചെറുകിട പ്രസാധകരാണ്.
അത്യാധുനിക മാര്‍ക്കറ്റിംഗ് തന്ത്രങ്ങളോടെ കോര്‍പ്പറേറ്റുകള്‍ പുസ്തക
വിപണയെ വിഴുങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഉളളടകത്തിലെ വൈവിധ്യവും
കാലിക പ്രസക്തിയുളള വിഷയങ്ങളും മുന്‍നിര്‍ത്തി പുറത്തിറക്കുന്ന
പുസ്തകങ്ങളോടെയാണ് ചെറുകിട പ്രസാധകര്‍ നിലനില്ക്കുന്നത്.
പട്ടാമ്പിയിലെ ലോഗോസ് ബുക്‌സ് പുറത്തിറക്കിയ പി എന്‍ ഗോപീകൃഷ്ണന്റെ
‘ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകമാണ് മികച്ച ഉദാഹരണം.
സമീപ കാലത്ത് വില്പനയിലും കേരളീയ സാംസ്‌കാരിക തലത്തില്‍
ഉയര്‍ന്ന സംവാദങ്ങളിലും മുന്‍നിരയിലെത്താന്‍ ഈ പുസ്തകത്തിന് സാധിച്ചു.
അന്ധവിശ്വാസ പ്രചാരണം എന്ന വിപണന തന്ത്രം
മതൃഭൂമിയ്ക്കും മനോരയ്ക്കുമെല്ലാം മികച്ച മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍
ഉളള പുസ്തക പ്രസാധക വിഭാഗങ്ങള്‍ ഉണ്ട്.എന്നാല്‍ സര്‍ഗാത്മക
രചനകളോ സാമൂഹ്യ പ്രസക്തിയുളള പുസ്തകങ്ങളോ അല്ല ഇവരുടെ
പ്രധാന വിപണന സൃഷ്ടികള്‍. ഇരുകൂട്ടരും മലയാള പുസ്തക വിപണിയിലേയ്ക്ക്
ഇടിച്ചുകയറുന്നത് പഞ്ചാംഗങ്ങളുമായാണ്.ലക്ഷക്കണക്കിന് പഞ്ചാംഗങ്ങളാണ്
ഓരോ വര്‍ഷവും വിറ്റ് പോവുന്നത്. കേരള സമൂഹത്തെ അന്ധവിശ്വാസങ്ങളാല്‍
ബന്ധനസ്ഥരാക്കി ജ്യോതിഷം എന്ന അശാസ്ത്രീയതയെ കോടികള്‍ കൊയ്യാനുളള
ഒരു വിപണന വസ്തുവാക്കി മാറ്റുക എന്നതാണ് മാര്‍ക്കറ്റിംഗ് തന്ത്രം.
മനോരമയുടെ പഞ്ചാംഗം പരിശോധിക്കാം. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച
സൂക്ഷ്മ ഗണിത പദ്ധതിയനുസരിച്ച് തയ്യാറാക്കിയതും കാണിപ്പയൂര്‍ നാരായണന്‍
നമ്പൂതിരിപ്പാട് ഗണിച്ചതുമെന്ന മേല്‍ വിലാസത്തോടെയാണ് മനോരമ പഞ്ചാംഗം
തയ്യാറാക്കിയിരിക്കുന്നത്.പേജ് 266ല്‍ പറയുന്നതിങ്ങനെ
‘ വന്ധ്യാ വൃദ്ധാ കൃശാ ബാലാ രോഗിണി പുഷ്പ വര്‍ജിതാ
കര്‍ക്കശാ സ്ഥൂല ദേഹാ ച നാര്യോഷ്ടൗ പരിവര്‍ജയേത്’
മേല്‍ പറഞ്ഞതിന്റെ മലയാള പരിഭാഷ ഇങ്ങനെയാണ്
‘നല്ല സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ വന്ധ്യാ, വൃദ്ധാ , മെലിഞ്ഞവള്‍,ബാലിക
രോഗമുളളവള്‍, ഋതുകാലം കഴിഞ്ഞ സ്ത്രീ, കര്‍ക്കശ സ്വഭാവമുളള സ്ത്രീ, തടിച്ചവള്‍
എന്നിവരെ ഉപേക്ഷിക്കണം’
തീര്‍ന്നില്ല , പേജ് 267ല്‍ നല്ല ശകുനങ്ങള്‍ എന്ന തലക്കെട്ടില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു
‘ മദ്യം, പച്ചയിറച്ചി, മണ്ണ് , ശവവും , കത്തുന്ന തൂ, അക്ഷതം നെയ്യും ചന്ദനവും
വെളുത്ത കുസുമം, വിപ്രദ്വയം ( രണ്ട് ബ്രാഹ്മണര്‍) കാദളം, വേശ്യാസ്ത്രീ, തയിര്‍,
തേന്‍ , കരിമ്പു, ഗജവും, തണ്ട്, അശ്വ, രഥം, െഎന്തോളവും , രാജാവും, കയറിട്ട കാള,
പശുവും യാത്രാ മുഖേ ശോഭനം’
കേരളത്തിലെ ആദ്യ ജ്യോതിഷ പ്രസിദ്ധീകരണമായ ജ്യോതിഷമാസിക
‘വ്യഭിചാര യോഗങ്ങള്‍’ പ്രവചിച്ചത് 1951ല്‍ ആയിരുന്നെങ്കില്‍
മനോരമ പഞ്ചാംഗത്തിലൂടെ സന്താനലബ്ധിക്കായി മെലിഞ്ഞ സ്ത്രീയേയും തടിച്ചസ്ത്രീയേയും ഉപേക്ഷിക്കണമെന്നും വേശ്യാസ്ത്രീയെ കാണുന്നത് നല്ല ശകുനമാണെന്നും നിര്‍ദേശിക്കുന്നത് 2024ലാണ്. മനോരമ പഞ്ചാംഗത്തിന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് ഓരോവര്‍ഷവും വിറ്റ്
പോകുന്നത്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഇതെല്ലാം വായിച്ച് എത്ര പ്രതിലോമകരവും സ്ത്രീവിരുദ്ധവുമായ മസ്തിഷ്‌ക്ക പ്രക്ഷാളനത്തിന്റെ ഇരകളാവുമെന്ന് പറയേണ്ടതില്ലല്ലോ.
പ്രതിരോധം പുസ്തകങ്ങള്‍
മലയാളത്തിലെ മുന്‍നിര മാധ്യമ ഗ്രൂപ്പുകള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട്
പുസ്തക വിപണിയെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ പ്രതിരോധമുയര്‍ത്തുന്നത്
ചെറുകിട പ്രസാധാകരാണ്. ലാല്‍സലാമിന്റെ ഉടമസ്ഥതയിലുളള മൈത്രി ബുക്‌സിന്റെ വിപുലമായ സ്റ്റാളിലെ പകുതിയിലേറെ പുസ്തകങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുളള പുസ്തകങ്ങളാണ്. യു കലാനാധന്റെ ‘ ജ്യോതിഷം ഒരു കപട ശാസ്ത്രം’, പത്മനാഭന്‍ കണ്ണൂക്കരയുടെ ‘ ജ്യോത്സ്യവും മന്ത്രവാദവും സത്യവും മിഥ്യയും’ എന്നീ പുസ്തകങ്ങള്‍ നിയമസഭാ പുസ്തകോത്സവത്തില്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.ആര്‍ത്തവത്തെ അശുദ്ധമാക്കുന്ന ആചാര സംരക്ഷകര്‍ക്കുളള മറുപടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച രേഷ്മ ചന്ദ്രന്റെ ‘ ആര്‍ത്തവം ശാസ്ത്രവും വിശ്വാസവും ‘ എന്ന പുസ്തകം. ഈ പുസ്തകത്തിലും ആവശ്യക്കാര്‍ ഏറെയുണ്ട്.
പുരോഗമന മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചെറുകിട പ്രസാധകരാണ് ഇന്ന്
സാംസ്‌കാരിക രംഗത്തെ ഫാസിസ്റ്റ് അധിനിവേശത്തെ പ്രതിരോധിക്കുന്നതിന്
നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തുന്നത്.എന്നാല്‍ സാമ്പത്തിക പരാധീനതകള്‍
മൂലം ഈ പക്ഷിക്കൂട്ടങ്ങളുടെ ചിറകുകള്‍ ഒടിഞ്ഞു വീണുകൊണ്ടിരിക്കുന്നു.
പുസ്തകമേളകള്‍ മാത്രമാണ് ഇവര്‍ക്കാശ്വാസം.ഇവരെ താങ്ങി നിര്‍ത്തേണ്ടത്
സാംസ്‌കാരിക കേരളത്തിന്റെ കടമയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here