നിയമസഭാ പുസ്തകോത്സവം; പേരിനു മാത്രമല്ല… ആ പുസ്തകങ്ങളുടെ എഴുത്തിനുമുണ്ട് അതിലേറെ ചന്തം; പരിചയപ്പെടാം അവരെ!

രണ്ടു പുസ്തകങ്ങള്‍. രണ്ടും എഴുത്തുകാരികളുടേത്. പേരു കേട്ടാല്‍ ഒന്നു വായിക്കാന്‍ തോന്നും. അത്ര സുന്ദരം. അടരുവാന്‍ വയ്യെന്റെ പ്രണയമേ…., പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകള്‍. മധുരം കിനിയുന്ന, സുന്ദരമായ പേരുകള്‍. എഴുത്തിനുമുണ്ട് അതിലേറെ ചന്തം. വെളളിയാഴ്ച നിയമസഭാ പുസ്തകോത്സവത്തിലാണ് രണ്ടു പുസ്തകങ്ങളും പ്രകാശനം ചെയ്തത്. സറീന ഉമ്മു സമാന്റേതാണ് അടരുവാന്‍ വയ്യെന്റെ പ്രണയമേ. അജിത വി അമ്പലപ്പുഴയാണ് പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകള്‍ എഴുതിയത്.

ALSO READ: ഇമ്മിണി വല്യ കാര്യങ്ങളുമായി കുഞ്ഞ് എഴുത്തുകാരി വരദ

അടരുവാന്‍ വയ്യെന്റെ പ്രണയമേ എന്ന പുസ്തകം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ എഡിജിപി പി വിജയന് നല്‍കി പ്രകാശനം ചെയ്തു. പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകള്‍ എഡിജിപി പി വിജയന്‍ മാധ്യമ പ്രവര്‍ത്തകനായ ശരത്ചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. ഹരിതം ബുക്സാണ് രണ്ട് പുസ്തകങ്ങളുടെയും പ്രസാധകര്‍.

അടരുവാന്‍ വയ്യെന്റെ പ്രണയമേ മുംബൈയിലെ ചുവന്നതെരുവിലെ സ്ത്രീയുടെ പ്രണയം വിഷയമാക്കിയുള്ള നോവലാണ്. സറീന ഉമ്മു സമാന്റെ അഞ്ചാമത്തെ പുസ്തകമാണിത്. സ്‌കൂള്‍ അധ്യാപികയായ അജിത വി അമ്പലപ്പുഴയുടെ 23 വര്‍ഷത്തെ അധ്യാപന ജീവിത അനുഭവ കഥകളാണ് പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകള്‍. കുട്ടികളുടെ ജീവിതം, പ്രണയം, പിണക്കം, വിജയം ഒക്കെ കഥകളായുണ്ട്. അജിതയുടെ രണ്ടാമത്തെ പുസ്തകമാണിത്.

ALSO READ: വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതന്‍ മാങ്ങാട്

ലോകത്തെ ഏറ്റവും പ്രശസ്തമായ ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെസ്റ്റിവല്‍ മാതൃകയിലേക്ക് കേരള നിയമസഭ പുസ്തകോത്സവത്തെ മാറ്റാനാകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. പുസ്തകോത്സവത്തിന് മികച്ച ജനപങ്കാളിത്തം ലഭിക്കുന്നുണ്ട്. ഇത് അടുത്ത എഡിഷനുകളിലേക്കുള്ള ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു. വലിപ്പച്ചെറുപ്പമില്ലാതെ പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൂടിയതായി സ്പീക്കര്‍ പറഞ്ഞു.

കേരളം ഏത് പദ്ധതി നടപ്പിലാക്കിയാലും അതിന് ഒരു ബൗദ്ധിക കാഴ്ചപ്പാട് ഉണ്ടാവുമെന്ന് എഡിജിപി പി. വിജയന്‍ പറഞ്ഞു. കുടുംബശ്രീ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രി തുടങ്ങിയ പദ്ധതികള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതേ നിലയില്‍ നിയമസഭാ പുസ്തകോത്സവം ശ്രദ്ധനേടുന്നുണ്ടെന്ന് പി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News