അകത്തളങ്ങളില്‍ എരിഞ്ഞടങ്ങുന്നതിനു പകരം പൊരുതാനും പോരാടാനും പ്രതികരിക്കാനും സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് വനിതാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിയമസഭാ പുസ്തകോത്സവത്തിന്റെ സമാപന ദിവസത്തില്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ചര്‍ച്ചയാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ സ്ത്രീസമൂഹം ഉണരണമെന്ന് ആഹ്വാനം ചെയ്തത്.
കേട്ടാല്‍ മൗനം പാലിക്കുന്നതുകൊണ്ടും പെണ്ണല്ലേ എന്ന മാനേഭാവം കൊണ്ടുമാണ് സ്ത്രീശബ്ദം ദുര്‍ബലമാകുന്നതെന്ന് മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. തൊണ്ണൂറ്റിയൊന്‍പതു ശതമാനം ഇടങ്ങളിലും സ്ത്രീകള്‍ ദുര്‍ബലരാണ്. ഒരു ശതമാനം മാത്രമാണ് കരുത്തോടെ മൂന്നോട്ടുവരാറുള്ളത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വന്ന പാക്കിസ്ഥാനിലെ മലാല യൂസഫ്സായുടേയും ന്യൂസിലന്‍ഡിലെ ഹന്നയുടേയും ശബ്ദങ്ങള്‍ മാതൃകാണ്. ഉണ്ണിയാര്‍ച്ച, ഝാന്‍സി റാണി, ക്യാപ്റ്റന്‍ ലക്ഷ്മിഭായ് എന്നിവരുടെ കരുത്തുറ്റ പോരാട്ടങ്ങള്‍ മറക്കാനാകില്ല. വിവേചനവും ചൂഷണവും നേരിടുമ്പോള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരികമേഖലകളില്‍ സ്ത്രീസമത്വം തുല്യമാവാണം. നേര്‍ പകുതി വിഭാഗത്തിന്റെ പ്രാതിനിധ്യം തീരുമാനമെടുക്കുന്നമേഖലയിലും ഉണ്ടാകണം. ഇതിലേക്കായി സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. രാജ്യത്ത് ഭൂരിഭാഗം സ്ത്രീകളും ഇപ്പോഴും അടിമസമാനമായി കീടങ്ങളെപ്പോലെ ജീവിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മുഖ്യധാരയില്‍ ഇടം കിട്ടണമെങ്കില്‍ സ്ത്രീകള്‍ പൊരുതേണ്ടിയിരിക്കുന്നതായും പുതുതലമുറ സ്വപ്നങ്ങളെ നേടിയെടുക്കുന്നതിനായി പൊരുതുന്നത് ശുഭസൂചനയാണെന്നും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബി എം സുഹറ പറഞ്ഞു. അകത്തളങ്ങില്‍ എരിഞ്ഞടങ്ങുന്ന സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയുണ്ട്. സാഹിത്യത്തില്‍ ഇടം കിട്ടണമെങ്കില്‍ ഒരു എഴുത്തുമുറിയും വരുമാനവും അനിവാര്യതയാണ്. മുസ്ലീം സമൂഹത്തിലെ സഹോദരിമാരുടെ ഉള്ളുരുക്കങ്ങളും അസ്വാരസ്യങ്ങളും തുറന്നെഴുതിയതിനാല്‍ വിരുന്നുകളിലും സദസുകളിലും ഒറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാതെ വീഴ്ചകളെ മാത്രം ഉയര്‍ത്തിക്കാട്ടുകയാണ് സമൂഹമെന്ന് സാമൂഹിക പ്രവര്‍ത്തക ഷീബ അമീര്‍ പറഞ്ഞു. 90 ശതമാനം കുടുംബങ്ങളും മുന്നോട്ടു പോകുന്നത് സ്ത്രീകളുടെ സഹനശക്തി കൊണ്ടുമാത്രമാണ്. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ പിതാക്കന്‍മാര്‍ ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങളില്‍ കുഞ്ഞുങ്ങളെ ഒരു നിമിഷം പോലും നെഞ്ചില്‍ നിന്നും മാറ്റാത്ത അമ്മമാരാണ് ഭൂരിഭാഗവും. സ്ത്രീകളുടെ ഉള്ളിലെ ശക്തി അപാരമാണ്. ലോകത്തില്‍ ഏറ്റവും വേദന അനുഭവിക്കുന്നവര്‍ ശക്തരായ സ്ത്രീകളാണ്. മകളുടെ രോഗക്കിടക്കയില്‍ മൂന്നുവര്‍ഷം ഇരിക്കേണ്ടിവന്ന അമ്മ എന്ന നിലയില്‍ സമാന അനുഭവസ്ഥര്‍ക്കായി ആരംഭിച്ച സോലസ് ഇപ്പോള്‍ മുപ്പതിനായിരത്തോളം നിരാലംബര്‍ക്ക് ആശ്വാസമാണെന്നും അവര്‍ പറഞ്ഞു.
ALSO READ: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ’ദുരൂഹ സമാധി’; കല്ലറ ഇന്ന് പൊളിക്കില്ല
ശാസ്ത്രത്തില്‍ പെണ്‍ സമൂഹത്തിന് മുന്‍നിര സ്ഥാനം കിട്ടിയിട്ടില്ലെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ് പ്രൊഫ. ഡോ അനു ഗോപിനാഥ് പറഞ്ഞു. ഭൗതികശാസ്ത്രജ്ഞനായ പിയറി ക്യൂറിയുടെ പേരില്‍ പ്രഭാഷണങ്ങള്‍ നടത്തപ്പെട്ടതിനാല്‍ മാഡം ക്യൂറിക്ക് ശാസ്ത്ര സെമിനാറുകളില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. എത്ര വഴിവെട്ടി മുന്നോട്ടുവന്നാലും തീരുമാനമെടുക്കാനുള്ള അവസരം സമൂഹം സ്ത്രീകള്‍ക്ക് നല്‍കുന്നില്ല. അഹങ്കാരി എന്ന പേരുചാര്‍ത്തലിനപ്പുറം അംഗീകരിക്കലാണ് വേണ്ടത്. സ്ത്രീയായതിനാല്‍ വിവിധ പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തക മാതു സജിയാണ് ചര്‍ച്ച നയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here