വയനാട് പുനരധിവാസം; 50 വീടുകള്‍ നിർമിച്ചുനൽകാൻ കെ എൻ എം

വയനാട് ദുരന്തത്തിന് ഇരയായഅമ്പത് കുടുംബങ്ങള്‍ക്ക് കെ എന്‍ എം സംസ്ഥാന സമിതി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂറു കുടുംബങ്ങളെ പുനരധിവസിപ്പിക്കും. താത്ക്കാലിക താമസ സൗകര്യം ഒരുക്കി കൊടുക്കുന്നതോടൊപ്പം ആവശ്യമുള്ള സാമഗ്രികളും നല്‍കും. പാത്രങ്ങള്‍, കിടക്ക, കട്ടില്‍, അടുപ്പ് തുടങ്ങിയവയാണ് ഓരോ കുടുംബത്തിനും നല്‍കുക. കൂടാതെ ്‌സഥിരം സംവിധാനം ആകുന്നതുവരെ വാടക നല്‍കാനും സഹായിക്കും.

അമ്പത് പേര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും. കടകളുടെ നവീകരണം, തൊഴില്‍ ഉപകരണങ്ങള്‍, ജീവിത മാര്‍ഗ്ഗം കണ്ടെത്താനുള്ള സഹായം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 50 കുടിവെള്ള പദ്ധതികളും നടപ്പാക്കും. വയനാട് ദുരന്തത്തില്‍ കുടിവെള്ള സ്രോതസ്സ് നഷ്ടപ്പെട്ടവര്‍ക്ക് കിണര്‍, ശുദ്ധജലത്തിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പാക്കും. കൂടാതെ 100 കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ ഭക്ഷ്യ വസ്തുക്കളുടെ ചെലവ് കെ എന്‍ എം വഹിക്കും.

Also Read: സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കും; രണ്ട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് നിശ്ചിത തുകക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ മാസത്തില്‍ ഒരിക്കല്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കും. 50 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കാനും കെ എന്‍ എം ഉദ്ദേശിക്കുന്നു. ദുരന്തത്തിന് ഇരയായ കുടുംബങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തില്‍ നിശ്ചിത തുക നല്‍കുന്ന പദ്ധതിയാണിത്.
കൂടാതെ ദുരന്തത്തിന് ഇരയായ പ്രദേശത്തെ 25 പെണ്‍കുട്ടികളെ കെ എന്‍ എം സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവരുടെ ഭാവി ജീവിതത്തില്‍ ഉപകാരപ്പെടുന്ന കാര്യങ്ങള്‍ക്ക് സഹായം നല്‍കും. കൂടാതെ ദുരന്തത്തിന് ഇരയായ കുടുംബങ്ങളില്‍ ഡയാലിസിസ്, കിഡ്‌നി മാറ്റിവെക്കല്‍, മാറാരോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ എന്നിവര്‍ക്ക് വേണ്ടി കെ എന്‍ എമ്മിന്റെ കീഴില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ എം ബി ചികിത്സ സഹായം നല്‍കും.

കെ എന്‍ എം പണ്ഡിത സഭയായ ജംഇയത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടക്കുന്ന എടവണ്ണ ജാമിഅ നദ്വിയ്യ, പുളിക്കല്‍ ജാമിഅ സലഫിയ്യ, പുളിക്കല്‍ മദീനത്തില്‍ ഉലൂം, മോങ്ങം അന്‍വാറുല്‍ ഇസ്ലാം വിമന്‍സ് കോളെജ് തുടങ്ങിയ സ്ഥാപനങ്ങളിലെ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് കോട്ടയില്‍ ദുരന്ത ബാധിത പ്രദേശത്തെ അര്‍ഹരായ നിശ്ചിത വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമടക്കം സൗജന്യ പ്രവേശനം നല്‍കുമെന്നും കെ എന്‍ എം പ്രസിഡന്റ് അറിയിച്ചു.

Also Read: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമം, ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി

ദുരന്ത നാളുകളില്‍ ഐ എസ് എം വളണ്ടിയര്‍ വിഭാഗമായ ഈലാഫ് നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മൃതദേഹങ്ങള്‍ തിരയാനും ഖബര്‍ കുഴിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും അവശ്യവസ്തുക്കള്‍ എത്തിക്കാനും ഈലാഫ് വളണ്ടിയര്‍മാര്‍ ചെയ്ത സേവനങ്ങള്‍ മറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. വയനാട് കെ എന്‍ എം ദുരന്ത നാളുകളില്‍ ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എന്‍ എം വനിത വിഭാഗമായ എം ജി എം ദുരന്ത നാളുകളില്‍ സേവന രംഗത്ത് സജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസ പദ്ധതി ലോകനിലവാരത്തില്‍ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് അനുഗുണമായ രൂപത്തില്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്യാന്‍ സര്‍ക്കാറും സന്നദ്ധ സംഘടനകളും ശ്രമിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ ഹുസൈന്‍ നടവൂര്‍, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷ, കെ എന്‍ എം വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുറഹ്മാന്‍, കെ എന്‍ എം സെക്രട്ടറി ഡോ എ ഐ അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്‍ മദനി പാലത്ത്, ശരീഫ് മേലേതില്‍, സൈദലവി സ്വലാഹി, ശബീര്‍ അഹമ്മദ്, മമ്മൂട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News