ഗ്യാൻ വാപി മസ്ജിദിന് താഴെ പൂജയ്ക്കായി തുറന്ന് കൊടുക്കണമെന്ന വാരണാസി കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. ബാബരി വിധിയുടെ ഞെട്ടലിലിൽ നിന്നും രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷവും മതനിരപേക്ഷപക്ഷവും കര കയറുന്നതിനു മുമ്പ് തന്നെ ഗ്യാൻ വാപി വിധി വന്നത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നതാണ്. രാജ്യത്ത് സംഘ പരിവാർ നോട്ടമിട്ട മുസ്‌ലിം പള്ളികളിൽ ഓരോന്നായി പ്രശ്നങ്ങൾ സൃഷ്ടിച്ചു കോടതി കയറ്റി അനുകൂല വിധി സമ്പാദിക്കുന്ന രീതി അംഗീകരിക്കാൻ കഴിയില്ല.
ഗ്യാൻ വാപി വിധി മതേതര മനസ്സുകൾക്ക് ആഴത്തിലുള്ള മുറിവ് ഏല്പിക്കുന്നതാണ്. നിയമ പോരാട്ടത്തിലൂടെ ഗ്യാൻ വാപി മസ്ജിദ് പൂർണമായി വീണ്ടെടുക്കാൻ മത നിരപേക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. മുസ്‌ലിം മസ്ജിദുകളുടെ മേൽ വ്യാജ അവകാശവാദമുന്നയിച്ചു വികാരം ഇളക്കി വിട്ട് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് തട്ടാനുള്ള ശ്രമം കാണാതെ പോകരുത്. വൈകാരിക അന്തരീക്ഷം സൃഷിടിച്ച് വിശ്വാസികളെ തെരുവിലിറക്കി തമ്മിൽ തല്ലിക്കാനുള്ള അജണ്ട തിരിച്ചറിയണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയത കത്തിക്കാനുള്ള വ്യാപക ശ്രമം നടക്കുന്നുണ്ട്. ഗ്യാൻവാപി അതിന് കൂടുതൽ എരിവ് പകരുന്ന രീതിയിലേക്ക് മാറുന്നത് മതേതര സമൂഹം തിരിച്ചറിയണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here