ഓരോ ദിവസവും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. ഇപ്പഴിതാ ചെക്ക്ബുക്കും എടിഎം കാർഡും നെറ്റ്ബാങ്കിങും ഒക്കെയുള്ള ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തുകയാണ്. ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുമ്പോൾ ഉപഭോക്താവിന് നല്ല വാടകയും ഓരോ ഇടപാടിന് അഞ്ചുമുതൽ പത്തു ശതമാനം വരെ കമ്മീഷനും ലഭിക്കുന്ന രീതിയിലാണ് പുതിയ തട്ടിപ്പ്. ഇങ്ങനെ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങി, വാടകയോ കമ്മീഷനോ കൈപ്പറ്റി മറ്റാർക്കെങ്കിലും ഉപയോഗിക്കാൻ കൊടുക്കുന്ന അക്കൗണ്ടുകളെ മ്യൂൾ അക്കൗണ്ട് എന്നാണു പറയുന്നത്. ഈ തട്ടിപ്പിന് പിന്നിൽ വലിയ ചതിക്കുഴി ഒളിഞ്ഞ് കിടപ്പുണ്ട്.
Also read:പാമ്പ് കടിയേറ്റാൽ ഉടൻ എന്ത് ചെയ്യണം? എന്തൊക്കെ ഒഴിവാക്കണം? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്താൽ എന്താണ് പ്രശ്നം?
ഒരാൾ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് സ്വന്തമായുള്ള പണമിടപാട് നടത്തുന്നതിനായാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടിലൂടെയുള്ള മുഴുവൻ പണമിടപാടിന്റെ പൂർണ ഉത്തരവാദിത്തം അക്കൗണ്ട് ഉടമയ്ക്കു മാത്രമാണ്. നിയമപരമായി നമ്മുടേതല്ലാത്ത പണം നമ്മുടെ അക്കൗണ്ടിലൂടെ കൈമാറുകയാണെങ്കിൽ നിയമലംഘനത്തിന് നമ്മൾ കൂട്ടു നിൽക്കുന്നു എന്നാണ് അർത്ഥം. എങ്ങനെ വാടകയ്ക്ക് അക്കൗണ്ടുകൾ എടുക്കുന്നവർ എന്തായാലും നിയമവിരുദ്ധമായ പണമിടപാടുകൾ നടത്താനാണ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. അത് നിയമ വിരുദ്ധവും തെറ്റുമാണ്.
നിയമവിരുദ്ധമായ പണമിടപാടുകൾ എന്തൊക്കെ?
സൈബർ തട്ടിപ്പു നടത്തിക്കിട്ടുന്ന തുക തന്നെയാണ് ഇത്തരം ഇടപാടുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എന്ന് തന്നെ പറയാം. അതായത്, ഒടിപി പങ്കുവച്ചോ മറ്റോ ഇരകളുടെ അക്കൗണ്ടിൽ നിന്നു തട്ടിക്കുന്ന തുക വാടകയ്ക്കെടുത്ത അക്കൗണ്ടിലേക്കായിരിക്കും മാറ്റുക. പിന്നീട് ആ തട്ടിയെടുത്ത തുക ആ അക്കൗണ്ടിൽ നിന്ന് മറ്റു പല അക്കൗണ്ടുകളിലേയ്ക്ക് മാറ്റും. അങ്ങനെ മൂന്നാലു തവണ പല അക്കൗണ്ടുകളിലൂടെ മാറ്റുകയും അവസാനം എടിഎം വഴിയോ ക്രിപ്റ്റോ ആക്കിയോ ഒക്കെ കൈക്കലാക്കും.
യഥാർത്ഥത്തിൽ ആരോ തട്ടിപ്പു നടത്തിയതിന് അക്കൗണ്ട് ഉടമ കുറ്റക്കാരനാവുമോ?
തീർച്ചയായും ആരോ തട്ടിപ്പു നടത്തിയതിന് അക്കൗണ്ട് ഉടമ കുറ്റക്കാരനാകും. ഉടമ ചെയ്ത കുറ്റം തട്ടിപ്പു നടത്തിക്കിട്ടിയ തുക അക്കൗണ്ട് വഴി കൈമാറാൻ കൂട്ടുനിന്നു എന്നതാണ്. അതുകൊണ്ടുതന്നെ വാടകയ്ക്കു കൊടുത്ത അക്കൗണ്ട് മാത്രമല്ല സ്വന്തം പേരിലുള്ള എല്ലാ അക്കൗണ്ടുകളും മരവിക്കപ്പെട്ടേക്കാം. നിയമനടപടികൾ നേരിടേണ്ടിയും വന്നേക്കാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here