‘ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം’; നവകേരള സദസ് നാളെ മുതല്‍

എന്താണ് നവകേരള സദസ് ?

ഭരണസംവിധാനത്തെ ജനകീയവത്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മു‍ഴുവന്‍ മന്ത്രിമാരും സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് നവകേരള സദസ്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ തുടര്‍ച്ചയായി പരിപാടി നടക്കും. ‘ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്.

ഫയലില്‍ കുരുങ്ങിക്കിടക്കില്ല ഒരു പ്രശ്‌നവും

ഫയലില്‍ കുരുങ്ങിക്കിടക്കുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുക എന്നതാണ് നവകേരള സദസുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ ഫയലും ഒരു ജീവിതത്തെ പ്രതിനിധീകരിക്കുന്നതാണെന്നും അതിന് പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞതാണ്. ആ ലക്ഷ്യം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാനാണ് ഈ പരിപാടിയിലുടെ സര്‍ക്കാര്‍ ഉന്നമിടുന്നത്.

മണ്ഡലങ്ങളില്‍ ബഹുജന സദസുകള്‍

ദിവസവും രാവിലെ ജില്ല തലത്തില്‍ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാ‍ഴ്‌ച നടക്കും. മുഖ്യമന്ത്രി ആകെ 15 മിനിറ്റാണ് പ്രസംഗിക്കുക. പങ്കെടുക്കുന്ന മറ്റുള്ളവര്‍ ആകെ 45 മിനിറ്റും സംസാരിക്കും. നവകേരള സന്ദസിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും ബഹുജന സദസുകള്‍ സംഘടിപ്പിക്കും. ഒരു ദിവസം തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും നാല് മണ്ഡലങ്ങളിലെത്താനാണ് തീരുമാനം. ജനപ്രതിനിധികള്‍, സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷക തൊ‍ഴിലാളികള്‍, മഹിളകള്‍ – യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍
തുടങ്ങിയവര്‍ മണ്ഡല ബഹുജന സദസുകളില്‍ പങ്കെടുക്കും.

മണ്ഡല സദസിന്‍റെ സമയം ഇങ്ങനെ

എല്ലാ ദിവസവും രാവിലെ 11, ഉച്ചയ്ക്ക് ശേഷം മൂന്ന്, വൈകിട്ട് നാലര, ആറ് എന്നിങ്ങനെയാണ് മണ്ഡല സദസിന്‍റെ സമയം. പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാൻ ഏ‍ഴ് കൗണ്ടറുകളാണ് ഓരോ മണ്ഡലങ്ങളിലും ഉണ്ടാവുക. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരര്‍ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. മണ്ഡല സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ പരാതികള്‍ സ്വീകരിക്കും. പരാതികളില്‍ വിലാസം, മൊബൈൽ നമ്പര്‍, ഇ – മെയിൽ വിലാസവും നൽകണം.

സദസ് നടക്കുന്നയിടത്തെ സൗകര്യങ്ങള്‍

നവകേരള സദസ് നടക്കുന്ന പരിസരത്ത് 5,000 പേർക്ക് ഇരിപ്പിടം ഒരുക്കും.  പുറമെ വാഹന പാർക്കിങ്, ശുദ്ധജലം, ശുചിമുറി, മറ്റ് പ്രാഥമിക ചികിത്സ സൗകര്യങ്ങളും ഉണ്ടാവും.

പരാതികൾ നാലാഴ്‌ചക്കുള്ളിൽ തീർപ്പാക്കും

നവകേരള സദസുകളില്‍ ലഭിക്കുന്ന പരാതികള്‍ പരമാവധി രണ്ടാ‍ഴ്‌ചയ്‌ക്കുള്ളിൽ തീർപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ല തല ഉദ്യോഗസ്ഥർ, ലഭിക്കുന്ന പരാതി തീർപ്പാക്കി മറുപടി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. വിശദമായി പരിശോധിക്കേണ്ട പരാതികള്‍ മാത്രം പരമാവധി നാലാ‍ഴ്‌ചയ്‌ക്കുള്ളിൽ പരിഹരിക്കും. സംസ്ഥാന തലത്തിലെ വിഷയം 45 ദിവസത്തിനുള്ളിൽ തീര്‍പ്പാക്കുകയാണ് ലക്ഷ്യം.

കലാപരിപാടികളും ഉണ്ടാവും

സംസ്ഥാനത്തെ മു‍ഴുവന്‍ മണ്ഡല സദസുകളിലും വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News