കൊച്ചി കോര്‍പ്പറേഷന്‍ ഓഫസീല്‍ നിന്ന് ഫയലുകള്‍ കടത്തിയ സംഭവത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. സിസിടിവി ദൃശ്യങ്ങളടക്കമുളള രേഖകള്‍ സഹിതമാണ് പരാതി കൈമാറിയത്.
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റ് വിഷയത്തില്‍ യുഡിഎഫ് മുന്‍ മേയര്‍മാരും കൗണ്‍സിലര്‍മാരും പ്രതിക്കൂട്ടില്‍ നില്‍ക്കവേയാണ് നിലവിലെ കൗണ്‍സിലര്‍ രേഖകള്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായത്. ഓഫീസിലെത്തി രേഖകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു. പിന്നീട് ഇവയുമായി പുറത്തേക്ക് പോകുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ആണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കോര്‍പ്പറേഷന്‍ സെക്രട്ടറി, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ബ്രഹ്മപുരം വിഷയത്തില്‍ നഗരസഭ ഹൈക്കോടതിക്ക് നല്‍കാന്‍ തയ്യാറാക്കിയ രേഖകളാണ് കൊണ്ടുപോയെതെന്ന് സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നു. തീപ്പിടിത്തം നടന്ന ദിവസങ്ങളിലാണ് ഓഫീസില്‍ നിന്ന് എംജെ അരിസ്റ്റോട്ടില്‍ രേഖകള്‍ കടത്തിയതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് മുന്‍ മേയര്‍ ടോണി ചമ്മിണി നല്‍കിയ കരാറുകളും കൗണ്‍സിലര്‍ കടത്തിയവയിലുണ്ടെന്ന സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ സഹിതമാണ് സെക്രട്ടറിയുടെ പരാതി. പരാതി സംബന്ധിച്ച് പൊലീസ് കൗണ്‍സിലറില്‍ നിന്നു വിവരങ്ങള്‍ തേടാന്‍ നീക്കം തുടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here