കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ വണ്ടി തടഞ്ഞ് തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ പ്രതിഷേധ നാടകം.തൃക്കാക്കര നഗരസഭാ പരിധിയിലെ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.അതേസമയം ചെയര്‍പേഴ്‌സന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മാലിന്യ വണ്ടി തടഞ്ഞത് ക്രിമിനല്‍ കുറ്റമാണെന്നും കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.
രാവിലെ 8 മണിയോടെയായിരുന്നു തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ നേതൃത്വത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ വണ്ടി തടഞ്ഞത്.തൃക്കാക്കര നഗരസഭാ പരിധിയിലെ മാലിന്യംകൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കണമെന്ന് മന്ത്രിതല യോഗത്തില്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബ്രഹ്‌മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം.നിശ്ചിത തീയതിക്കകം സ്വന്തം നിലയില്‍ സംവിധാനമൊരുക്കാമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു.ഇതേത്തുടര്‍ന്ന് മറ്റ് തദ്ദേശഭരണ സ്ഥാപനപരിധിയിലെ മാലിന്യം ശേഖരിക്കുന്നത് കോര്‍പ്പറേഷന്‍ നിര്‍ത്തിയിരുന്നു. മന്ത്രി തലയോഗത്തില്‍ എതിര്‍പ്പ് പറയാതിരുന്ന തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ന് രാവിലെ മാലിന്യവണ്ടി തടഞ്ഞത് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു മേയര്‍ എം അനില്‍കുമാറിന്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here