ഗതാഗത രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ആറു വര്‍ഷം തികയുന്നു

സംസ്ഥാനത്തിന്‍റെ പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ആറു വര്‍ഷം തികയുന്നു. മെട്രോ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി സമ്മാന പദ്ധതികളും യാത്രാനിരക്കിളവുകളുമാണ് കെ എം ആര്‍ എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ആറാം പിറന്നാള്‍.

കഴിഞ്ഞ വർഷം മുതലാണ് മെട്രോ വാര്‍ഷികദിനം കേരള മെട്രോ റെയിൽ ഡേ ആയി ആചരിച്ച് വരുന്നത്. ഇത്തവണ ആറാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും സമ്മാനപദ്ധതകളും നിരക്കിളവുകളുമാണ് കെ എം ആര്‍ എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരിൽ ശനിയാഴ്ച്ച മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ മത്സരപരിപാടികള്‍ക്ക് തുടക്കമാകും.

മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം. ഏപ്രിൽ മാസത്തിൽ ദിവസേന ശരാശരി 75,831 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. മെയ് മാസത്തിൽ യാത്രക്കാരുടെ എണ്ണം 98766 ആയി വര്‍ധിച്ചു.

ഈ മാസം പതിനൊന്ന് മുതൽ പതിനേഴുവരെ ആലുവ,കളമശേരി, പാലാരിവട്ടം, കലൂർ, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്റ്റേഷനുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രദർശന-വിൽപ്പന മേള സംഘടിപ്പിക്കുന്നുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ കൊച്ചി മെട്രോ “ബോബനും മോളിയും” എന്ന പേരിൽ ഓപ്പൺ ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
ജൂൺ പതിനഞ്ചിന് കൊച്ചി മെട്രോയുടെ ട്രെയിനുകളിൽ പ്രശസ്തരായ കാർട്ടൂണിസ്റ്റുകൾ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തത്സമയം വരച്ച് സമ്മാനിക്കും. ജൂൺ 22 മുതൽ 25 വരെ വൈറ്റില മെട്രോ സ്റ്റേഷനിൽ എം ക്ലബ്ബ് എന്റർടെയ്ൻമെന്റിന്റെ സഹകരണത്തോടെ ഫ്ലവർ ആൻഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News