കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ രാജ്യമൊട്ടാകെ ജലഗതാഗതം; പഠന ചുമതല കെഎംആര്‍എല്ലിന്

kochi-metro-kmrl

കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ രാജ്യമൊട്ടാകെ ജലഗതാഗതം ആരംഭിയ്ക്കാനുള്ള പഠനത്തിന് കെഎംആര്‍എല്ലിനെ ചുമതലപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കൊച്ചി വാട്ടര്‍ മെട്രോ വിജയകരമായതോടെയാണ് പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനം കേരളത്തിന് ലഭിച്ച അംഗീകാരമായി.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനം നടത്താന്‍ കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാന്‍ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി ഇന്‍ഹൗസ് കമ്മിറ്റി രൂപീകരിച്ച് വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ ആരംഭിച്ചു.

Read Also: ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് 14 മുതൽ കൊച്ചിയിൽ; 6,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങൾ നടന്നെന്ന് മന്ത്രി ആര്‍ ബിന്ദു

തടാകം, പുഴ, ജലാശയങ്ങള്‍, കായലുകള്‍, സമുദ്രം തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യത തേടുന്നത്. അസമില്‍ ബ്രഹ്മപുത്ര നദി, ജമ്മു- കാശ്മീരില്‍ ദാല്‍ തടാകം, ആന്തമാനില്‍ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഇങ്ങനെ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് പദ്ധതി നടപ്പാക്കുക. അഹമ്മദാബാദ്- സബര്‍മതി, സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗോഹത്തി, കൊല്ലം, കൊല്‍ക്കത്ത, പാട്‌ന, പ്രയാഗ്‌രാജ്, ശ്രീനഗര്‍, വാരാണസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആന്തമാന്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോയ്ക്കുള്ള സാധ്യത പരിഗണിക്കുന്നത്. സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാം എന്നതില്‍ അന്തിമ തീരുമാനം എടുക്കും. തുടര്‍ന്ന് വാട്ടര്‍ മെട്രോയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ അരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കേരളത്തിനും കെഎംആര്‍എല്ലിനും വാട്ടര്‍മെട്രോയ്ക്കും ലഭിച്ച വലിയ അംഗീകാരമാണ് കേന്ദ്ര തീരുമാനം. രാജ്യത്തെ ഇത്രയും സ്ഥലങ്ങളിലെ വൈവിധ്യമാര്‍ന്ന ജലകേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുക എന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെങ്കിലും പരിചയ സമ്പന്നരായ മനുഷ്യവിഭവശേഷി ഇക്കാര്യത്തില്‍ കെഎംആര്‍എല്ലിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്ധ സേവനവും തേടും.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News