കൊടകര കുഴൽപ്പണക്കേസ് ; പുതിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചുവെന്ന‌ ബിജെപി യുടെ മുൻ പാർട്ടി ഓഫീസ്‌ സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

കൊടകര കുഴൽപ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തൽ എന്നത് ഏറെ ഗൗരവമുള്ളതാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടയിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്‌.
കേസിൽ പൊലീസ്‌ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതാണ്‌. വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ്‌ എന്നിവർക്കെല്ലാം വിശദമായ റിപ്പോർട്ടും പൊലീസ് നൽകിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട്‌ നടന്നിട്ടുണ്ടെന്നാണ്‌ അന്ന്‌ കണ്ടത്‌. കുഴൽപണം തട്ടിയ പ്രതികളെ അറസ്‌റ്റ്‌ ചെയ്ത പൊലീസ്‌ അന്ന്‌ ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.

Also read:യുഎഇയിൽ പൊതുമാപ്പ് നീട്ടി, അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ രണ്ടു മാസം കൂടി അനുമതി

കള്ളപ്പണ കേസ്‌ ആയതിനാൽ ഇഡി യാണ്‌ അന്വേഷിക്കേണ്ടത്. പണം എവിടെ നിന്ന് വന്നു, ആർക്ക് വന്നു തുടങ്ങി വിവരങ്ങൾ പുറത്തുവരണം. എന്നാൽ, പ്രതികൾ ബിജെപി ക്കാർ ആയതിനാൽ കേന്ദ്ര ഏജൻസികൾ അന്ന് ഒളിച്ചുകളിച്ചു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി എങ്ങിനെയൊക്കെയാണ്‌ അധികാരം പിടിച്ചടക്കുന്നത്‌ എന്നതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഭരണത്തിലെത്താൻ ഒരു സാധ്യതയും ഇല്ലാത്ത സംസ്ഥാനമായ കേരളത്തിൽ കോടാനുകോടി കള്ളപ്പണം ഇറക്കിയ സംഭവം. ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി യുടെ ഈ കളികൾ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌.

Also read:വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയെ ക്രിയാത്മകമായി നയിച്ച വ്യക്തി, ശ്രേഷ്ഠ ഇടയൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സർക്കാരുകളെ കേന്ദ്ര ഏജൻസികൾ എപ്രകാരമെല്ലാം വേട്ടയാടുന്നുവെന്നതിന്‌ നിരവധി ഉദാഹരണങ്ങൾ ഉണ്ട്‌. കേരളം തന്നെ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്‌. കോടതികൾ ഇടപെട്ടാണ്‌ പല അനാവശ്യ അന്വേഷണങ്ങളും തടഞ്ഞത്‌. അതേസമയം, പരസ്യമായി കുഴൽപ്പണം കടത്തിയതടക്കം ബിജെപി ക്കാർ പ്രതികളായ കേസുകൾ ഇവർ കണ്ടില്ലെന്ന്‌ നടിച്ചു. ഇപ്പോൾ ബിജെപി നേതാവ്‌ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ബിജെപി കൊണ്ടുവന്ന‌ കള്ളപ്പണത്തിന്റെ കണക്ക്‌ ആർക്കും പറയാനാകാത്ത സ്ഥിതിയാണ്‌. വെളിപ്പെടുത്തിയ ആളെയടക്കം ചോദ്യം ചെയ്ത്‌ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരുവെന്നും എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News