കൊടകര കുഴൽപണ കേസ്; പണം കടത്താൻ ധർമ്മരാജൻ ഉപയോഗിച്ചത് രഹസ്യ അറകളുള്ള 10 വാഹനങ്ങൾ

BLACK MONEY

കൊടകര കുഴൽപ്പണ കേസിൽ കോടികളുടെ കള്ളപ്പണം ഇടപാടുകൾക്കായി ധർമ്മരാജൻ ഉപയോഗിച്ചത് രഹസ്യ അറകളുള്ള 10 വാഹനങ്ങളാണെന്ന് അന്വേഷണ സംഘം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി 41.40 കോടി രൂപ കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ കാറുകൾ പാഴ്സൽ ലോറി, ലോറി എന്നിവയാണ് ഉപയോഗിച്ചതെന്നും അന്വേഷണ സംഘം എൻഫോഴ്സ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ കത്തിൽ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ അറിവോടെയാണ് എല്ലാ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുള്ളതെന്നും 33.50 കോടി രൂപയുടെ സ്രോതസ് കണ്ടെത്തണമെന്നും ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവൻ നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഇഡിയ്ക്ക് അയച്ച കത്തിൻ്റെ പകർപ്പ് കൈരളി ടിവിക്ക് ലഭിച്ചു.

കൊടകര കുഴൽപ്പണ കേസിൽ പൊലീസ് അന്വേഷണ സംഘം, കേസ് രജിസ്ട്രർ ചെയ്ത സാഹചര്യം, തുടർന്ന് നടത്തിയ വിശദമായ അന്വേഷണം, അതിൽ കണ്ടെത്തിയ വിവരങ്ങൾ, പ്രധാന സാക്ഷിയായ ധർമ്മരാജൻ്റെ മൊഴിയുടെ വിശദാംശങ്ങൾ എന്നിവ വിവരിച്ചാണ് അന്വേഷണ സംഘതലവൻ വികെ രാജു കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകിയത്. കൈരളി ടിവിക്ക് ലഭിച്ച ഈ കത്തിൻ്റെ പകർപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളത്.

Also Read; കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

സ്വിച്ച് ഇട്ടാൽ തുറക്കുന്ന രണ്ട് വീതം രഹസ്യ അറകൾ വാഹനങ്ങളിൽ ഒരുക്കിയാണ് ധർമ്മരാജൻ കുഴൽപ്പണം കടത്തിയതെന്ന് ധർമ്മരാജൻ പറഞ്ഞതായും അത് അന്വേഷണത്തിൽ കണ്ടെത്തിയതായും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപ ചെലവാക്കിയാണ് വാഹനത്തിൽ അറകൾ ഉണ്ടാക്കിയത് കോഴിക്കോട് ആണ് ഇവ നിർമ്മിച്ചു നൽകിയത്. ‘ഇനോവ, എർട്ടിഗാ, റിറ്റ്സ്, പാഴ്സൽ ലോറികൾ, ലോറികൾ എന്നിങ്ങനെ 10 വാഹനങ്ങൾ ധർമ്മരാജന് കുഴൽപ്പണ ഇടപാടുകൾ നടത്താൻ ഉണ്ടായിരുന്നു ഈ വാഹനങ്ങളിൽ എല്ലാം രഹസ്യ അറകളും ഉണ്ടായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 41.40 കോടി രൂപയാണ് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്.

മൂന്നരക്കോടി കള്ളപ്പണം കടത്താൻ ശ്രമിക്കുമ്പോഴാണ് മോഷണ സംഘം പണം തട്ടിയെടുത്തെന്ന പരാതി വന്നതും അതിൻ മേൽ അന്വേഷണം ഉണ്ടായതും. കൂടാതെ ധർമ്മരാജൻ്റെ സഹോദരൻ ധനരാജൻ്റെ നേതൃത്വത്തിൽ 4.40 കോടി രൂപയുടെ കുഴൽപണം കർണ്ണാടകയിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവരവേ സേലത്ത് വാച് മോഷണസംഘം കൊള്ളയടിച്ചുവെന്നും പരാതി ഉയർന്നിരുന്നു. വാഹനങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ചു നൽകിയ സംഘത്തിൽ നിന്നാണ് വാഹനങ്ങളുടെ നമ്പർ കവർച്ചാ സംഘം മനസിലാക്കിയത്. ഇക്കാര്യങ്ങൾ എല്ലാം വികെ രാജു തൻ്റെ കത്തിൽ വിശദമാക്കിയിരിക്കുന്നു. ഏറ്റവും കൂടുതൽ തവണ ധർമ്മരാജൻ കള്ളപ്പണം കൊണ്ടുവന്നത് റിറ്റ്സ്, എർട്ടിഗ കാറുകളിയാണ്.

Also Read; ചേലക്കര ഉപതെരഞ്ഞെടുപ്പ്; വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച് യു ആർ പ്രദീപ്

കെഎസ്ആർടിസി ബസിലും പണം കടത്തിയിട്ടുണ്ട്. ആർക്കൊക്കെ എത്ര വീതം പണം കൈമാറിയെന്നതിൻ്റെ ലിസ്റ്റും കത്തിനൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു. ധർമ്മരാജൻ ആൻ്റ് അസോസിയേറ്റ്റസ് വഴി കൊണ്ടുവന്ന കുഴൽ പണത്തിൻ്റെ കണക്കുകൾ ഇങ്ങനെ; കർണ്ണാടകയിൽ നിന്ന് വന്നത് 14.40 കോടി, മറ്റ് ഹവാല റൂട്ടുകൾ വഴി 27 കോടി രൂപ, ആകെ 41.40 കോടി, 4.40 കോടിയും 3.50 കോടിയും ചേർത്ത് 7.90 കോടി രൂപയാണ് കൊള്ളയടിച്ചു എന്ന് പറഞ്ഞത്. മൊത്തം 33.50 കോടി രൂപ വിവിധ സ്ഥലങ്ങളിൽ വ്യക്തികൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News