പയ്യാമ്പലത്തെ കാറ്റില്‍ ഓര്‍മ്മകള്‍ കൊടിയേറുന്നു; മരണമില്ലാതെ സഖാവ്

പയ്യാമ്പലത്തെ കാറ്റും തിരകളും അടങ്ങുന്നില്ല…
ഓര്‍മ്മകളുടെ കണ്ണീരും പൂക്കളും ഒടുങ്ങുന്നില്ല…
ഇല്ല, നിങ്ങള്‍ മരിക്കുന്നില്ല…
സഖാവ് കോടിയേരി മരിക്കുന്നില്ല…

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ജനകോടികളുടെ ജ്വലിക്കുന്ന ഓര്‍മ്മയായിട്ട് ഒരു വര്‍ഷമാകുന്നു. കേരള രാഷ്ട്രീയത്തിലും കേരളത്തിന്റെ പൊതുമണ്ഡലത്തിലും ഒരുകാലത്തും നികത്തനാവാത്ത അസാന്നിധ്യമാണ് കോടിയേരിയുടേത്. സമരതീഷ്ണവും സംഭവബഹുലവുമായ ജീവിതം !

Also Read : നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ഇന്ന് കോടിയേരിക്കും നിത്യസ്മാരകം ഉയരും

1957ല്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കൊടിയേറുമ്പോള്‍ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായാണിയമ്മയുടെയും മകന് പ്രായം മൂന്നരവയസ്സ്. ആധുനിക കേരളത്തിന്റെ വലിയ കോടിയേറ്റങ്ങള്‍ക്കൊപ്പം ചുവടുവെച്ച ബാല്യവും കൗമാരവും. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൊണ്ട് തിളയ്ക്കുന്ന യൗവനത്തില്‍ രാജ്യം അടിയന്തരാവസ്ഥയുടെ തീച്ചൂളയില്‍. ചരിത്രത്തിലെ ഏറ്റവും കഠിനമായ പീഡനങ്ങള്‍. അറസ്റ്റുകള്‍, മര്‍ദ്ദനങ്ങള്‍. പതിനാറ് മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കപ്പട്ടപ്പോള്‍ എട്ടാം ബ്ലോക്കിന്റെ തൊട്ടടുത്ത് സിമന്റ് തറയില്‍- സഖാവ് പിണറായി വിജയന്‍. പോരാട്ടത്തിന്റെ ആ സാഹോദര്യം അവിടെ നിന്ന് തുടങ്ങുന്നു.

എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി, പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി, അഞ്ചു തവണ എംഎല്‍എ, ആഭ്യന്തരമന്ത്രി. സഖാവ് സിഎഛ് കണാരന്റെ നാട്ടില്‍ നിന്നും അതേ വൈഭവങ്ങളോടെ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി. തലശ്ശേരിയിലെ ഒരു കൊച്ചു ഗ്രാമം കേരളമാകെ പടര്‍ന്ന് പാര്‍ട്ടിയുടെയും പോരാട്ടത്തിന്റെയും ചരിത്രമായ അരനൂറ്റാണ്ടുകാലത്തിന്റെ പേരാണ്
അക്ഷരാര്‍ത്ഥത്തില്‍ കോടിയേരി.

രാഷ്ട്രീയ എതിരാളികള്‍ പോലും ആസ്വദിച്ച പ്രസംഗത്തിന്റെ കടലിരമ്പം. നിറചിരിയുടെ നന്മയും ലാളിത്യവും സൗഹാര്‍ദ്ദവുമായി മനുഷ്യരെ അത്രയേറെ ശ്രദ്ധയോടെ കേട്ട മറ്റൊരു ജനനായകനില്ല. പി കൃഷ്ണപിള്ളയെപ്പോലെ പാര്‍ട്ടി പ്രവര്‍ത്തകരെ അത്രയേറെ ആഴത്തിലും വ്യാപ്തിയിലും അറിഞ്ഞ മറ്റൊരു സെക്രട്ടറിയുമില്ല.

Also Read : കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്

ഔചിത്യം, സംയമനം എന്നീ വാക്കുകളുടെ പര്യായമായിരുന്നു കോടിയേരി; സ്വന്തം കുടുംബത്തെ വേട്ടയാടിയപ്പോള്‍ പോലും! 17ാം വയസ്സില്‍ പാര്‍ട്ടി അംഗമായി 68ാം വയസ്സില്‍ മരിക്കും വരെ ഒരു പാര്‍ട്ടി അച്ചടക്ക നടപടിക്കും ഒരിക്കലും വിധേയനാവാത്ത നേതാവിന് അസുഖത്തിന്റെ യാതനാനാളുകളില്‍പ്പോലും പാര്‍ട്ടിതന്നെയായിരുന്നു
മനക്കരുത്തിന്റെ മന്ത്രം.

അതെ. പയ്യാമ്പലത്തിന്റെ മണല്‍പ്പരപ്പില്‍ വര്‍ഷിച്ച കണ്ണീരുംപൂക്കളും അവസാനിക്കുന്നില്ല. എകെജിക്കും ഇകെ നായനാര്‍ക്കും ചടയനും അഴിക്കോടനുമിടയില്‍ സഖാവ് കോടിയേരിയും എരിഞ്ഞടങ്ങുന്നില്ല. ഒരു ദിനം പോലും സഖാവിനെ ഓര്‍ക്കാതെ കടന്നുപോകുന്നുമില്ല, ഓര്‍മ്മകളുടെ തിരമാലകള്‍ മുദ്രാവാക്യങ്ങളാകുമ്പോള്‍ മരണത്തിന് താഴ്ത്താനാവാത്ത ജീവിതത്തിന്റെ കൊടിമരം തന്നെയാകുന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News