കൊടുങ്ങല്ലൂരിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായെന്ന കേസ് വഴിത്തിരിവിൽ. കാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വർണം ബന്ധുവിൻ്റെ വീട്ടിൽ മറന്നു വെച്ചതാണെന്ന് ലോക്കറിൻ്റെ ഉടമ പൊലീസിനെ അറിയിച്ചു.
എടമുട്ടം നെടിയിരിപ്പിൽ സണ്ണിയുടെ ഭാര്യ സുനിതയാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിൽ നിന്നും അറുപത് പവനോളം തൂക്കമുള്ള ആഭരണങ്ങൾ കാണാതായതായതായി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നത്. തൻ്റെയും അമ്മ സാവിത്രിയുടെയും പേരിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറോളം പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങളിൽ നിന്നും അറുപതു പവനോളം കാണാതായി എന്നായിരുന്നു സുനിതയുടെ പരാതി.
ബാങ്ക് ലോക്കറിലെ സ്വർണം നഷ്ടപ്പെട്ടതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ടൗൺ സഹകരണ ബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിരുന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിൻ്റെ താക്കോൽ ലോക്കർ ഇടപാടുകാരൻ്റെ കൈവശവും, മാസ്റ്റർ കീ ബാങ്കിലുമാണ് സൂക്ഷിക്കാറുള്ളത്. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനും കഴിയൂ. അതുകൊണ്ട് തന്നെ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് അന്വേഷണമാണ് പൊലീസ് നടത്തി വന്നിരുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നതിനിടയിലാണ് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ലോക്കറുടമ പൊലീസിനെ അറിയിച്ചത്.
ലോക്കറിൽ നിന്നെടുത്ത സ്വർണം ബന്ധുവിൻ്റെ വീട്ടിൽ മറന്നുവെക്കുകയായിരുന്നു എന്നാണ് ഉടമ പറയുന്നത്. അതേസമയം സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയെ തുടർന്ന് സംശയത്തിൻ്റെ നിഴലിലായ കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് സത്യാവസ്ഥ പുറത്ത് വന്നതിലൂടെ സ്ഥാപനത്തിൻ്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന ബാങ്കിനെതിരെ ഈ വിഷയം രാഷ്ട്രീയായുധമാക്കാൻ പ്രതിപക്ഷ കക്ഷികളും ശ്രമിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here