വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; ആശുപത്രി അടിച്ചുതകര്‍ത്ത് അക്രമികള്‍, സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മര്‍ദനം

പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആശുപത്രി അര്‍ദ്ധരാത്രി അക്രമികള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ 7 അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സമരക്കാരെ മര്‍ദിച്ച അക്രമികള്‍ പൊലീസിനെയും കൈയേറ്റം ചെയ്തു.

ഇന്നലെ അര്‍ദ്ധരാത്രിയാണ് ഡോക്ടര്‍മാരുടെ സമരവേദിയിലേക്ക് ഒരുസംഘം അക്രമികള്‍ ഇരച്ചെത്തിയത്. ആശുപത്രിയും സമരവേദിയും അടിച്ചുതകര്‍ത്ത അക്രമികള്‍ ഡോക്ടര്‍മാരുള്‍പ്പടെ സമരം ചെയ്യുന്നവരെ മര്‍ദിച്ചു.

ആശുപത്രിയിലെ അത്യാഹിത വിഭാഗമടക്കം പൂര്‍ണമായും അക്രമികള്‍ തകര്‍ത്തു. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകര്‍ത്തു. കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത കൂട്ടുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബിരുദാനന്തര ബിരുദ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. മുഖത്തും വയറിലും ഇടതുകണങ്കാലിലും, കഴുത്തിലും, വലതു മോതിരവിരലിലും, ചുണ്ടിലും മുറിവുകളുണ്ടായിരുന്നു.

സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുമുണ്ടെന്നും കഴുത്തിലെ എല്ലൊടിഞ്ഞതിനാല്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration