അപക്വമായ ചോദ്യമില്ല, കുഞ്ഞിന്‍റെ കുടുംബത്തെ ശല്യം ചെയ്‌തില്ല; കൈരളി ന്യൂസിന്‍റെ ക്വാളിറ്റി ജേണലിസത്തിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കേരളം. സംഭവത്തില്‍, കൈരളി ന്യൂസിന്‍റെ പക്വതയാര്‍ന്ന മാധ്യമപ്രവര്‍ത്തനത്തിന്   സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. കുഞ്ഞിനായി കേരളം ഒരേ മനസോടെ തിരച്ചില്‍ നടത്തിയ സമയം, തെറ്റിദ്ധരിപ്പിക്കുന്നതും ഉറപ്പില്ലാത്തതുമായ ഒരു വിവരം പോലും പങ്കുവെക്കില്ലെന്ന് കൈരളി ന്യൂസ് കൊല്ലം റിപ്പോര്‍ട്ടര്‍ രാജ്‌കുമാര്‍ റിപ്പോര്‍ട്ടിങ്ങിനിടെ എടുത്തുപറഞ്ഞു. ലൈവ് റിപ്പോര്‍ട്ടിങ്ങിലെ ഈ ദൃശ്യം അടക്കം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം.

പുറമെ, കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ സനോജ് സുരേന്ദ്രന്‍, ആലപ്പു‍ഴ റിപ്പോര്‍ട്ടര്‍ ഷാജഹാന്‍,  തിരുവനന്തപുരം  റിപ്പോര്‍ട്ടര്‍മാരായ വിജിന്‍ വായന്തോട്, വി.എസ് അനുരാഗ് അടക്കമുള്ള കൈരളി മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രതയോടെ വാര്‍ത്തകളെ കൈകാര്യം ചെയ്‌തു. കുട്ടിയുടെ കുടുംബത്തെ വേദനിപ്പിക്കുന്നതോ കേസന്വേഷണത്തെ വ‍ഴിതിരിച്ചുവിടുന്നതോ ആയ ഒരു വാര്‍ത്തയും നല്‍കിയില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയവരെന്ന് കരുതുന്നവര്‍ പാരിപ്പള്ളി  ബേക്കറിയിലെത്തിയ വിവരം ആദ്യം നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ സനോജ് സുരേന്ദ്രനായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നാണ് ഷാജഹാന്‍ വിവരങ്ങള്‍ തത്സമയം നല്‍കിയത്. എന്നാല്‍, അതിവൈകാരികത നിറയ്‌ക്കാതെ മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ് കൈവിടാതെയായിരുന്നു ഇവരുടെ റിപ്പോര്‍ട്ടിങ്.

പൊലീസ് അന്വേഷണം നടക്കുന്ന ഇടങ്ങളിലെ വിശദാംശങ്ങള്‍, പ്രതികളെ സഹായിക്കുന്ന രൂപത്തില്‍ മറ്റ് മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത നല്‍കിയപ്പോള്‍ മറിച്ചുള്ള സമീപനമാണ് കൈരളിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പ്രതികളെ സഹായിക്കുന്ന രൂപത്തില്‍ വാര്‍ത്തകള്‍ മാറരുത് എന്നത് കൈരളി ന്യൂസ് മാധ്യമപ്രവര്‍ത്തകര്‍ നേരത്തേ തന്നെ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് പ്രതിഫലിപ്പിക്കുന്നതുകൂടിയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിന്ദനപ്രവാഹം.

ALSO READ | കുഞ്ഞിനെ കണ്ടെത്തി; പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു

അതേസമയം, ചില വാര്‍ത്താചാനലുകള്‍ റേറ്റിങ് മാത്രം ലക്ഷ്യമിട്ട് തരംതാണ സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസ് സംശയിക്കപ്പെടുന്നവര്‍ കുടുംബത്തെ വിളിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ ശല്യം ചെയ്യുന്ന നിലയില്‍ ഇടപെട്ടു. കുടുംബത്തെ ഫോണില്‍ പോലും സംസാരിക്കാന്‍ അനുവദിക്കാതെ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടത്തി. കുടുംബം ഫോണില്‍ സംസാരിക്കുന്ന പലതും ലൈവിനിടെ ചില മാധ്യമങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ഈ സമയം ദയനീയമായി കുഞ്ഞിന്‍റെ അമ്മ മാധ്യമങ്ങളെ നോക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇത് ആവര്‍ത്തിക്കരുതെന്ന് കുടുംബം പലതവണ കേണപേക്ഷിച്ചെങ്കിലും വകവെക്കാതെ വാര്‍ത്താചാനലുകള്‍ ശല്യം ചെയ്‌തു. സഹികെട്ട കുഞ്ഞിന്‍റെ പിതാവ് ഫോണില്‍ സംസാരിക്കാന്‍ വേണ്ടി ശുചിമുറിയില്‍ കയറി കതകടച്ച് ഇരിക്കേണ്ട സ്ഥിതിവന്നു. കൂടാതെ, മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കുഞ്ഞിനെ അപയാപ്പെടുത്തുമെന്ന് തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞോ എന്നതടക്കമുള്ള അപക്വതയാര്‍ന്ന ചോദ്യവും മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് കൈരളി ന്യൂസിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News