അപകടത്തിൽപെട്ട നടൻ കൊല്ലം സുധിയെയും കൂടെയുണ്ടായിരുന്നവരെയും കാറിൽനിന്ന് പുറത്തെടുത്തത് എയർബാഗ് മുറിച്ചു മാറ്റിയശേഷമാണെന്നും സുധിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മുഖമാകെ രക്തമായിരുന്നുവെന്നും ദൃക്‌സാക്ഷി.
‘‘ഒരു വാഹനം തെക്കുനിന്നും മറ്റൊന്ന് വടക്കുനിന്നും വന്നു. വടക്കുനിന്നെത്തിയത് കാറും തെക്കുനിന്നെത്തിയത് പിക്കപ്പ് വാനും. വാഹനങ്ങൾ ഇടിക്കുന്നതാണ് കണ്ടത്. ഒാടിച്ചെന്ന് നോക്കിയപ്പോൾ, എയർബാഗുണ്ടായിരുന്നു. പിന്നീട് നാട്ടുകാർ ഓടിയെത്തി എയർബാഗ് മുറിച്ചുമാറ്റി പരുക്കേറ്റവരെ പുറത്തെടുത്തു. അപകടത്തിൽപെട്ടത് ആരൊക്കെയാണെന്ന് അറിയില്ലായിരുന്നു. കൊല്ലം സുധിയും ബിനു അടിമാലിയുമാണെന്ന് പിന്നീടാണ് അറിഞ്ഞത്. കൊല്ലം സുധി മുൻവശത്തെ സൈഡ് സീറ്റിലായിരുന്നു. തലയിടിച്ചതാണെന്ന് തോന്നുന്നു. ആകെ രക്തമായിരുന്നു. അപ്പോൾ അദ്ദേഹത്തിന് ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ശബ്ദമുണ്ടായത്. അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു. മുഖത്തൊക്കെ രക്തമായിരുന്നു. ഇവിടം അപകടമേഖലയാണ്’’– അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായ സ്ഥലം സ്ഥിരം അപകടമേഖലയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നു പുലർച്ചെ 4.30നാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39), ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
പരുക്കേറ്റ മറ്റ് കലാകാരൻമാരെ പിന്നീട് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുധിയുടെ മൃതദേഹം പൊലീസ് ഇൻക്വസ്‌റ്റിനുശേഷം കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടു നൽകും.
മഹേഷാണ് കാർ ഓടിച്ചിരുന്നുവെന്നതാണ് വിവരം. ഇയാൾ ഉറങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here