കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപെടുത്തി. ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിന്റെ ഊർജിതമായ ദൗത്യത്തിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാച്ചർമാരുടെ കണ്ണ് വെട്ടിച്ച് വെള്ളച്ചാട്ടം കാണാൻ പോയ രണ്ട് പേരാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ചിറ്റൂർ നന്ദിയോട് സ്വദേശി രമേശ് ഉൾപ്പെടെ ആറു പേരടങ്ങുന്ന സംഘമാണ് സീതാർകുണ്ടിലെത്തിയത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ സമയത്ത് പെട്ടെന്ന് നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് രമേശ് വെള്ളച്ചാട്ടത്തിന് നടുവിൽ കുടുങ്ങുകയായിരുന്നു.
ഒപ്പം കുടുങ്ങിയ ആൾ സ്വയം കരക്ക് കയറി. വള്ളിയില്‍ തൂങ്ങി നിന്ന രമേശിനെ ഫയർ ഫോഴ്സ് സംഘം വടം കെട്ടി കരകയറ്റുകയായിരുന്നു. ചിറ്റൂരിൽ നിന്നും കൊല്ലങ്കോട് നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് രമേശിനെ രക്ഷപ്പെടുത്തിയതെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. പാലക്കാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിന് നിയന്ത്രണവും മലയോര മേഖലയായ അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി പ്രദേശങ്ങളിലേക്ക് രാത്രി യാത്ര നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here