കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം തെറ്റെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച വനിതയെ എന്തിന് തട്ടിക്കൊണ്ടു പോകണമെന്നും അദ്ദേഹം ചോദിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണ് ചെയ്തത്. ജനാധിപത്യ കശാപ്പ് നടത്തുന്നവരല്ല സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയില്‍ ഇ ബാലാനന്ദന്‍ അനുസ്മരണ വേദിയില്‍ സംസാരിക്കവെയാണ് പ്രതികരണം.
Read Also: കുസാറ്റ് ദുരന്തം: പ്രിൻസിപ്പലും രണ്ട് അധ്യാപകരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
കലയെ പാർപ്പിച്ചിരുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള ആശുപത്രിയിലാണെന്നും കോൺഗ്രസ് നേതാക്കളാണ് അക്രമം നടത്തിയതെന്നും പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. കല രാജു ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അവരിപ്പോഴും പാര്‍ട്ടി അംഗമാണ്. അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസിന് ശേഷം മൂന്നുനാല് ദിവസമായി അവരെ കാണാതായി. ഇക്കാര്യം അന്വേഷിക്കുകയും പൊലീസില്‍ പറയുകയും ചെയ്തു. പക്ഷേ കാണാനായില്ല. അവരെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസാണ്. സിപിഐഎമ്മിന്റെ കൗണ്‍സിലറെ എന്തിന് സിപിഐഎം തട്ടിക്കൊണ്ടുപോകണം. കോൺഗ്രസാണ് അവരെ തട്ടിക്കൊണ്ടുപോയത്. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ചയാളെ കാണാനില്ലെന്ന് പറഞ്ഞാല്‍ ഒരു യുക്തിയുണ്ടെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നും സി എന്‍ മോഹനനന്‍ പറഞ്ഞു. അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള എല്‍ഡിഎഫ് തീരുമാനത്തോട് സഹകരിക്കാന്‍ കലാ രാജു തയ്യാറായിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് പ്രവര്‍ത്തകരും അനൂപ് ജേക്കബ് എംഎല്‍എ ഉള്‍പ്പടെയുള്ളവരും ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി പിബി രതീഷ് പറഞ്ഞു.
എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കൂത്താട്ടുകുളം നഗരസഭ ഭരണസമിതി അധ്യക്ഷക്കും ഉപാധ്യക്ഷനും എതിരെയുള്ള യുഡിഎഫ് അവിശ്വാസ നീക്കം പൊളിഞ്ഞതിനു പിന്നാലെയായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നഗരസഭയ്ക്കു മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here