എറണാകുളം കോതമംഗലത്തെ മുസ്ലിം ലീഗ് യോഗത്തില്‍ നടന്ന കൈയാങ്കളിയില്‍ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം നാല് പേരെ ലീഗ് സംസ്ഥാന കമ്മറ്റി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഡിസംബര്‍ നാലിന് കോതമംഗലത്തു നടന്ന പ്രാദേശിക നേതൃയോഗത്തിലാണ് സംഘര്‍ഷം ഉണ്ടായത്.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡിസംബര്‍ നാലിന് കോതമംഗലം മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ നടന്ന പാര്‍ട്ടി നേതൃയോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. യൂത്ത് ലീഗ് എറണാകുളം ജില്ലാ സെക്രട്ടറി പി എ ഷിഹാബ്, യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് കെ എം ആസാദ്, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് അബൂ കൊട്ടാരം, മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സി എം ഇബ്രാഹിംകുട്ടി എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
ലീഗ് പഞ്ചായത്ത്, ശാഖാ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇരുപതോളം വരുന്ന വാടക ഗുണ്ടകളുമായി എത്തിയ ഒരു സംഘം പാര്‍ട്ടി പരിപാടി അലങ്കോലപ്പെടുത്തി എന്നാണ് സംസ്ഥാന നേതൃത്വത്തിന് നിയോജകമണ്ഡലം കമ്മിറ്റി നൽകിയ പരാതി. ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് കെ എം ഇബ്രാഹിം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയ പരാതിയില്‍ തന്നെ കൈയേറ്റം ചെയ്തതായും പറയുന്നുണ്ട്. യോഗം തടസ്സപ്പെടുത്തിയതിനും യോഗഹാളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിനും കോതമംഗലം പൊലീസിലും നിയോജകമണ്ഡലം കമ്മിറ്റി പരാതി നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here