‘കോട്ടയം കുഞ്ഞച്ചന്‍’ പേജ് ആരംഭിച്ചത് സിപിഐഎം നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിക്കാനും, പിന്നില്‍ രാഷ്ട്രീയതാത്പര്യമെന്ന് പ്രതി അബിന്‍

കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക്‌ പ്രൊഫൈലുണ്ടാക്കിയത്‌ പൊതുപ്രവർത്തകരായ വനിതകളെയും സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടെന്ന്‌ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോൺഗ്രസ്‌ പ്രാദേശിക നേതാവ്‌ അബിൻ. രാഷ്ട്രീയതാൽപര്യമാണ്‌ കാരണമെന്നും പൊലീസ്‌ ചോദ്യം ചെയ്യലിൽ അബിൻ സമ്മതിച്ചു. ഉന്നത കോൺഗ്രസ്‌ നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ഇയാൾ മൊഴി നൽകിയിട്ടുണ്ട്‌.
ഒരു മാസം മുമ്പാണ്‌ ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേജ്‌ അബിൻ തുടങ്ങിയത്‌. സ്ത്രീവിരുദ്ധതയും ലൈംഗീകാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകൾ. അബിന്റെ ഫേസ്ബുക്ക്‌ പേജിലും സമാന പോസ്റ്റുകളുണ്ട്‌. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന്‌ അബിൻ സമ്മതിച്ചു.
പൊതുപ്രവർത്തന രംഗത്തും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തിയാണ്‌ ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നൽകിയതെന്നും മൊഴി നൽകിയിട്ടുണ്ട്‌. ഉന്നത നേതാക്കളുമായുള്ള അബിന്റെ ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന്‌ അബിനും മൊഴി നൽകിയിട്ടുണ്ട്‌. പൊലീസ്‌ കസ്റ്റഡിയിലെടുത്ത ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കും.
രാഷ്ട്രീയ ലക്ഷ്യത്തോടെ താൻ ഒറ്റയ്‌ക്കാണ്‌ പേജുണ്ടാക്കിയതെന്നും മറ്റാരുടെയും സഹായമുണ്ടായിരുന്നില്ലെന്നുമാണ്‌ അബിൻ മൊഴിയിൽ പറയുന്നത്‌. എന്നാൽ പൊലീസ്‌ ഇത്‌ പൂർണമായി വിശ്വസിച്ചിട്ടില്ല. അബിന്റെ ഫോൺവിളികളുടെ വിവരങ്ങൾ തേടി സേവനദാതാവായ കമ്പനിക്ക്‌ പൊലീസ്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ഫോൺവിളികളുടെ വിശദാംശങ്ങളും ഫോണിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും ലഭ്യമാകുന്നതോടെ അബിനെ സഹായിച്ച നേതാക്കളാരെന്നത്‌ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരും. ഇവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്കും പൊലീസ്‌ കടക്കും.
കോൺഗ്രസ്‌ അനുകൂല വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകളിലൂടെയും ‘കോട്ടയം കുഞ്ഞച്ചന്റെ’ സ്ത്രീവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്‌മിന്മാരുടെ ഇടപെടലുകളും പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. വ്യാജ പ്രൊഫൈൽ പിന്തുടർന്നവരും പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്‌തവരും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. പോസ്റ്റുകൾ ഷെയർ ചെയ്‌ത കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റടക്കമുള്ളവരും കേസിൽ പ്രതികളാണ്. അതേ സമയം പ്രതിക്ക്‌ ജാമ്യമെടുക്കാൻ ‌ കോൺഗ്രസ്‌ അഭിഭാഷകർ കോടതിയിലെത്തിയതും അബിൻ്റെ ഉന്നത കോൺഗ്രസ് ബന്ധത്തിൻ്റെ തെളിവാണ്.
ലോയേഴ്‌സ്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മൃദുൽ ജോണിന്റെ ഓഫീസാണ്‌ പ്രതിയുടെ വക്കാലത്ത്‌ ഏറ്റെടുത്തിരിക്കുന്നത്‌. മൃദുൽ കൊച്ചിയിലായിരുന്നതിനാൽ ജൂനിയർ അഭിഭാഷകരാണ്‌ പ്രതി അബിന്‌ വേണ്ടി കോടതിയിൽ ഹാജരായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News