കോഴിക്കോട് ബീച്ചില്‍ പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ആല്‍വിനെ ഇടിച്ച ബെൻസ് ജി വാഗൺ ഓടിച്ച സാബിത് റഹ്മാന്‍റെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തു. ഡിഫന്‍റര്‍ കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് റഹീസിന്‍റെ ലൈസൻസ് ആറുമാസത്തേക്കും സസ്പെന്‍റ് ചെയ്തു. പരസ്യ ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ട് കാറുകളുടേയും ഡ്രൈവര്‍മാരോട് ഹിയറിങ്ങില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
അതിനെ തുടര്‍ന്നാണ് ആല്‍വിനെ ഇടിച്ച ബെൻസ് ജി വാഗൺ ഓടിച്ച സാബിത്ത് റഹ്മാനും ഡിഫന്‍റര്‍ കാറോടിച്ച മുഹമ്മദ് റഹീസും മോട്ടോര്‍വാഹനവകുപ്പിന്‍റെ ചേവായൂര്‍ റീജ്യണല്‍ ഓഫീസിലെത്തിയത്. അര മണിക്കൂറിലേറെ നീണ്ട ഹിയറിങ്ങിന് ശേഷം ഇവരുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് മോട്ടോര്‍ വാഹനവകുപ്പ് ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ തീരുമാനിച്ചത്.
also read; 361 കിലോമീറ്ററിലേറെ ദൂരം പുറംതിരിഞ്ഞിരുന്ന് ബൈക്കോടിച്ചു, മലയാളിയായ സൈനികന് ലോക റെക്കോര്‍ഡ്
സാബിത് റഹ്മാന്‍റെ ലൈസൻസ് ഒരു വര്‍ഷത്തേക്കും മുഹമ്മദ് റഹീസിന്‍റെ ലൈസൻസ് ആറുമാസത്തേക്കുമാണ് സസ്പെന്‍റ് ചെയ്തത്. ആല്‍വിനെ ഇടിച്ച ബെൻസ് ജി വാഗൺ കാറിന് ഇൻഷുറൻസ് ഇല്ല. തെലുങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കേരളത്തില്‍ ഉപയോഗിക്കാനുള്ള നികുതിയും അടച്ചിട്ടില്ല. അമിത വേഗതക്ക് മുമ്പ് രണ്ട് തവണ പിഴ ലഭിച്ചിട്ടുണ്ടെങ്കിലും അടച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യാഗസ്ഥര്‍ അറിയിച്ചു. തെലുങ്കാന കേന്ദ്രീകരിച്ച ഒരു കമ്പനിയുടെ പേരിലാണ് ജി വാഗൺ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡിഫന്‍റര്‍ കാര്‍ മലപ്പുറം സ്വദേശിയായ സബീര്‍ ബാബു വിന്‍റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നമ്പര്‍ ലഭിച്ചിട്ടും താല്‍ക്കാലിക നമ്പര്‍ പതിച്ച് ഓടിയതിന് ഡിഫന്‍റര്‍ കാറിനെതിരെ പിഴ ചുമത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ സിഎസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ഹിയറിങ് നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here