എന്നെയൊന്ന് വീട്ടിലാക്കണം, പക്ഷെ പൈസ തരില്ല! കാസർഗോഡ് കൂലിനൽകില്ലെന്ന് പറഞ്ഞ് സോഡാകുപ്പികൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു

Crime

കാസർകോഡ് കുമ്പളയിൽ ഓട്ടോറിക്ഷയിൽ പണം നൽകാതെ വീട്ടിൽ കൊണ്ടു വിടാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം.സോഡാ കുപ്പി കൊണ്ട് ഓട്ടോ ഡ്രൈവറുടെ തലക്കടിക്കുകയായിരുന്നു. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുമ്പള കുണ്ടങ്കേരടുക്കയിലെ ഓട്ടോ ഡ്രൈവറായ സതീശയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം കുമ്പളയിലെ ഓട്ടോസ്റ്റാൻ്റിലാണ് സംഭവം. ഓട്ടോറിക്ഷക്കരികിലെത്തിയ കോയിപ്പാടിയിലെ ഫാറൂഖ് തന്നെ ഓട്ടോയിൽ വീട്ടിൽ വിടണമെന്നും പണം നൽകില്ലെന്നും പറഞ്ഞു. എന്നാൽ വാടക നൽകാതെ ഓട്ടം വരാനാവില്ലെന്ന് ഓട്ടോ ഡ്രൈവറായ സതീശ പറഞ്ഞു. ഇതോടെ വാക് തർക്കമുണ്ടാവുകയും ഫാറൂഖ് സോഡാ കുപ്പി ഉപയോഗിച്ച് സതീശയുടെ തലക്കടിക്കുകയുമായിരുന്നു.വീണ്ടും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സതീശ ഒഴിഞ്ഞു മാറി. തലയ്ക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവർ കുമ്പള സഹകരണആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്  ഫാറൂഖിനെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുമ്പള പേരാലിലെ അബ്ദുൽ സലാമിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഫാറൂഖ്. വധക്കേസിൽ വിചാരണ പൂർത്തിയാക്കിയ ജില്ലാ കോടതി വിധി പറയുന്ന ദിവസം തീരുമാനിക്കുന്നതിനായി ഡിസംബർ 19 ന് കേസ് പരിഗണിക്കാനിരിക്കെയാണ് ഫാറൂഖ് വീണ്ടും അറസ്റ്റിലായത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News