നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ തൻ്റേതായ വ്യക്തിത്വം നിലനിർത്തി; നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

najeeb organ donation

നജീബിൻ്റെ കണ്ണുകൾക്ക് കാഴ്ച മങ്ങില്ല, കിഡ്നികൾക്ക് വിശ്രമവും. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചുരുന്ന നജീബിൻ്റെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മലപ്പുറം മഞ്ചേരി സ്വദേശിയായ 46 -കാരൻ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍ നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

Also Read; ‘പി സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരം, പാവക്കാട് മണ്ഡലം ഇടതുപക്ഷം പിടിച്ചെടുക്കും’: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു

തലകറക്കം പോലുള്ള ചില അസ്വസ്തകള്‍ കണ്ടതിനെ തുടർന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നജീബ് ചികിത്സ തേടിയത്. അടിയന്തിര ചികിത്സക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും തലയിലെ അനിയന്ത്രിത രക്തസ്രാവമൂലം നില ഗുരുതരമായിരുന്നു. വൈകാതെ മസ്തിഷ്‌ക മരണവും സ്ഥിരീകരിച്ചു. നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ ഉൾപ്പെടെ തൻ്റേതായ വ്യക്തിത്വം നിലനിർത്തിയ നജീബിൻ്റെ ആകസ്മിക മരണം തങ്ങൾക്ക് നികത്താൻ പറ്റാത്ത വിടവാണെങ്കിലും, ജീവിതത്തിൽ ഒരിക്കൽപോലും കാണാത്ത മനുഷ്യർക്ക് അവൻ കാരണം പുതുവെളിച്ചമേകാൻ പറ്റിയാൽ അത് വലിയ സത്കർമമമായി കാണുന്നതുകൊണ്ടാണ് അവയവങ്ങൾ പകർന്നു നൽകാൻ തയ്യാറായതെന്ന് കുടുംബം പറയുന്നു.

രണ്ട് വൃക്കകളും, രണ്ട് നേത്രപടലങ്ങളുമാണ് കേരള സര്‍ക്കാറിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്‍ഒഎസ്) വഴി ദാനം ചെയ്തത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേയും, കോഴിക്കോട് മെഡിക്കൽ കോളേജിലേയും രോഗികൾക്കാണ് വൃക്കകൾ നൽകിയത്. കണ്ണുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗികൾക്കും. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്ങ്ങളുമാണ് പലരെയും മരണാനന്തര അവയവദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതായി മനസ്സിലാക്കാൻ പറ്റുന്നത്.

മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്‌ടർമാരെ കൂടാതെ സർക്കാർ പാനലിലുള്ള രണ്ട് വിദഗ്‌ധ ഡോക്ട‌ർമാർ അടക്കമുള്ള സംഘം പ്രത്യേക പ്രോട്ടക്കോൾ തയ്യാറാക്കിയാണ് മരണം സ്ഥിരീകരിക്കാറുള്ളത്. അവയവദാനം തീർത്തും സാമ്പത്തിക നേട്ടമില്ലാത്ത സത്കർമ്മവുമാണ്. സർക്കാരിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണന പ്രകാരമാണ് സ്വീകർത്താവിനെ തിരഞ്ഞെടുക്കുന്നതെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയായ ഡോ. വേണുഗോപാലൻ പറഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്.

Also Read; ‘2019 വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൻ്റെ വേർഷൻ 2 ആണ് 2024 പാലക്കാട് ഉപതെരഞ്ഞെടുപ്പ്”; മന്ത്രി പി എ മുഹമ്മദ് റിയാസ്

എന്നാൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമൂഹം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും സർക്കാരിൻ്റെ പോർട്ടലിൽ വൃക്കമാറ്റിവെക്കലിനു മാത്രമായി ആയിരത്തിലധികം പേർ ഇപ്പോഴും രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫൽ ബഷീർ പറഞ്ഞു. ദൈവ വിധിയിൽ പകച്ചുനിൽക്കുന്ന സമയത്തും ഉചിതമായ തീരുമാനമെടുത്ത് നാലുപേർക്ക് പുതുജീവൻ നൽകാൻ കാരണക്കാരായ നജീബിൻ്റെ മക്കളും സഹോദരനും മറ്റു കുടുംബാംഗങ്ങളും സമൂഹത്തിന് മാതൃകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയാ നടപടികൾക്ക് ആസ്റ്റർ മിംസിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും യൂറോളജി, നഫ്രോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരും നഴ്സുമാരും നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News