‘ഉപ്പച്ച്യെ, നിക്കിന്ന് രാത്രി ബിരിയാണി വേണം’; ആഗ്രഹം സഫലമാകാതെ മുഅല്ലയുടെ തണുപ്പിലേക്ക് അവന്‍ യാത്രയായി’; നൊമ്പരമായി കുറിപ്പ്

മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ഒന്‍പതുവയസുകാരന്‍ കുഴഞ്ഞുവീണ വാര്‍ത്ത ഞെട്ടലോടെയാണ് കുടുംബവും നാട്ടുകാരും കേട്ടത്. മുക്കം കാരശ്ശേരി കക്കാട് സ്വദേശിയായ അബ്ദുറഹ്‌മാനാണ് മരിച്ചത്. ഉംറ കഴിഞ്ഞ് മുറിയിലെത്തി വിശ്രമിച്ച ശേഷം മസ്ജിദുല്‍ ഹറമിലേക്ക് മഗ്രിബ് നമസ്‌കാരത്തിന് പോയ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കുട്ടിയുടെ ഖബറടക്കത്തിനും മറ്റും ഒപ്പമുണ്ടായിരുന്ന മുസ്തഫ മലയില്‍ എന്ന ആളുടെ ഫേസ്ബുക്ക് പോസ്റ്റ് വേദനിപ്പിക്കുന്നതാണ്. ഉപ്പയുടെ വിരല്‍ത്തുമ്പ് പിടിച്ച് ഹറമിലേക്ക് ഇറങ്ങിയ അബ്ദുറഹ്‌മാന്‍ എത്തിച്ചേര്‍ന്നത് മുഅല്ലയുടെ തണുപ്പിലാണെന്ന് മുസ്തഫ പറയുന്നു.

മുസ്തഫ മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉപ്പയുടെ വിരല്‍ത്തുമ്പ് പിടിച്ച് ഹറമിലേക്ക് ഇറങ്ങിയതാണ് അബ്ദുറഹ്‌മാന്‍ . എത്തിച്ചേര്‍ന്നത് മുഅല്ലയുടെ തണുപ്പില്‍ .റൈഹാന്‍ പരിമളം പരന്നൊഴുകന്ന മുഅല്ലയുടെ സുഗന്ധമാസ്വദിച്ച് അവനുറങ്ങട്ടെ….
……………………………………………

‘ഉപ്പച്ച്യെ …നിക്കിന്ന് രാത്രി ബിരിയാണി വേണം.’

ഉംറക്കിടയില്‍ അബ്ദുറഹ്‌മാന്‍ എന്നോട് പറഞെന്ന് പറഞ് നാസര്‍ക്ക മുഖം പൊത്തി കരഞ്ഞു . അല്‍പം മുമ്പ് വരെ ഓടിച്ചാടി കൂടെ നടന്നിരുന്ന പൊന്നുമോന്‍ നിമിഷാര്‍ദ്ധം കൊണ്ട് കിടക്കുന്ന തണുത്തുറച്ച ആശുപത്രി മോര്‍ച്ചറിയുടെ മുന്നില്‍ ഇരുന്നാണ് ഒരു ഉപ്പയുടെ വിലാപം .ഒന്ന് ചേര്‍ത്ത് പിടിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞില്ല .ഒരു വര്‍ണ്ണ പൂമ്പാറ്റയെ പോലെ ഹറമിന്റെ മുറ്റത്ത് പാറി പ്പറന്ന് നടന്നവന്‍ . ഉപ്പയും ഉമ്മയും സഹോദരങളോടുമൊപ്പം ഉംറ പൂര്‍ത്തീകരിച്ചവന്‍ . ഉമ്മയെയും പെങ്ങന്മാരെയും ഹറമില്‍ തന്നെ നിര്‍ത്തി മഗ്രിബിന് മുമ്പ് ഒന്ന് റൂമില്‍ പോയി കുളിച്ച് വസ്ത്രം മാറി വരാന്‍ പോയതാണ് അവനും ഉപ്പയും . കുളി കഴിഞ് വസ്ത്രം മാറി ആവേശത്തോടെ ഹറമിലേക്ക് ഉപ്പയുടെ കൈയും പിടിച്ച് നടക്കുന്ന അബ്ദുറഹ്‌മാന്‍ എന്ന പൊന്നുമോന്‍ പെട്ടെന്ന് കുഴഞ്ഞു വീണു . പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്റെ മോന്‍ ഓട്ടത്തിലും ചാട്ടത്തിലും കളിയിലും മറ്റെല്ലാ മേഖലയിലും മിടുക്കനായിരുന്നെന്ന് പറഞ് തേങ്ങി തേങ്ങി നാസര്‍ക അദ്ദേഹത്തിന്റെ ഫോണില്‍ അവന്റെ കുറേ ഫോട്ടോസ് എടുത്തു കാണിച്ചു . വിവിധ മത്സരങ്ങള്‍ക്ക് ട്രോഫി വാങ്ങിക്കുന്ന ചിത്രങ്ങള്‍ . നിസ്സംഗനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ . നടപടിക്രമണങ്ങളെല്ലാം പൂര്‍ത്തിയായി ഇന്ന് അസര്‍ നമസ്‌കാരത്തിന് ഹറമില്‍ വെച്ച് ലക്ഷങ്ങള്‍ മയ്യത്ത് നമസ്‌കരിച്ച് ഉമ്മുല്‍ മുഹ്‌മിനീന്റെ ചാരെ , മുത്ത് നബിയുടെ പൊന്നുമൊന്റെ ചാരെ തയ്യറാക്കിയ ശാശ്വതമായ ഭവനത്തിലേക്ക് മടക്കം . ഖബറിലേക്ക് ഇറക്കി വെക്കാന്‍ കൂടെ നാസര്‍കയും ഇറങ്ങി . വിറയാര്‍ന്ന കൈകളോടെ ഇഖ്‌ലാസിന്റെ കരുത്തില്‍ പൊന്നുമൊന്റെ ചലനമറ്റ ശരീരം ഞങ്ങള്‍ ഏറ്റുവാങ്ങി . മണ്ണിനോട് ചേര്‍ത്ത് വെച്ച് പൊന്നോമനയുടെ തിരുനെറ്റിയില്‍ നാസര്‍ക്കയുടെ അന്ത്യ ചുംബനം . ഖബറില്‍ മുട്ടുകുത്തിയിരുന്ന് ആര്‍ത്തനാദം .കൂടെയുള്ളവര്‍ അദ്ധേഹത്തെ കൈപിടിച്ച് ഖബറില്‍ നിന്ന് കയറ്റി . പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെ കതകടയുന്നു . കൂടി നില്‍ക്കുന്നവരുടെ കണ്ണില്‍ ഇരുള്‍ പരക്കുന്നു .പൊന്നുമൊന്റെ കണ്ണില്‍ നിലാവ് പരക്കുന്നുണ്ടാവും. അവന്‍ നിത്യ സ്വര്‍ഗത്തിലേക്ക് യാത്രയാവുകയാണല്ലോ . പ്രാര്‍ത്ഥനയോടെ മടക്കം ..!
എല്ലാവരും മടങ്ങി ..!

പതിയെ ഒരു സലാം പറഞ് ഞാനും ….
അസ്സലാമു അലൈക യാ ശഹീദ് അബ്ദുറഹ്‌മാന്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News