തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ലിൽ മുഖം രക്ഷിക്കാനുള്ള നീക്കവുമായി കെപിസിസി. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനോടും ജില്ലാ യുഡിഎഫ് കൺവീനർ എംപി വിൻസെന്റിനോടും സ്ഥാനമൊഴിയാൻ കെപിസിസി നിർദേശം. ജില്ലയ്ക്ക് പുറത്തു നിന്നും ഇരു വിഭാഗത്തിനും സമ്മതനായ നേതാവിനെ കൊണ്ടുവന്ന് സമവായ് ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്.
കെ മുരളീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഡിസിസി യിലെ കൂട്ടത്തല്ലിലും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് കെപിസിസി ഇടപെടൽ. ജോസ് വള്ളൂരിനോടും എംപി വിൻസെന്റിനോടും സ്ഥാനങ്ങൾ രാജിവയ്ക്കാൻ നേതൃത്വം ആവശ്യപ്പെട്ടു. ഡിസിസി യിലെ കൂട്ടത്തല്ലിനെ തുടർന്ന് എഐസിസി നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് കെപിസിസി ഇടപെടൽ. തൃശൂർ ഡിസിസി പിരിച്ചുവിട്ട് ഇരു വിഭാഗത്തിനും സുസമ്മതനായ ഒരു നേതാവിന് താൽക്കാലിക ചുമതല നൽകാനാണ് ആലോചന.
ബെന്നി ബഹനാന്റെയും, വികെ ശ്രീകണ്ഠന്റെയും പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ബെന്നി ബഹനാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി. കെപിസിസി നേതൃത്വം നിർബന്ധപൂർവ്വം ആവശ്യപ്പെട്ടാൽ വികെ ശ്രീകണ്ഠൻ ചുമതല ഏറ്റെടുത്തേക്കും. തൃശൂർ ജില്ലയിൽ കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ജോസ് വള്ളൂർ ആണെന്നും നേതൃത്വം ഇടപെട്ട് ജോസ് വള്ളൂരിനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സജീവൻ കുരിയച്ചിറ ആവശ്യപ്പെട്ടു.
ഇതിനിടെ ജോസ് വള്ളൂരിനും എംപി വിൻസെൻ്റിനും എതിരെയുള്ള നടപടി ഒഴിവാക്കാൻ ജില്ലയിലെ ചില നേതാക്കൾ സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്. എംപി വിൻസെൻ്റിന് എനെതിരെയുള്ള നടപടി ഒഴിവാക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. നിലവിലെ ജില്ലാ നേതാക്കൾക്കെതിരെ നടപടി ഉണ്ടായാൽ അത് തൃശ്ശൂർ ജില്ലയിലെ മുരളീധരൻ പക്ഷത്തിന്റെ വിജയമാണ്. ആദ്യഘട്ടത്തിൽ ചെറിയ പ്രതിഷേധങ്ങൾ മാത്രം ഉയർത്തിയിരുന്ന മുരളീധരൻ വിഭാഗത്തെ പ്രകോപിപ്പിച്ചത് സജീവൻ കുരിയച്ചിറയ്ക്കെതിരെ ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ നടന്ന കയ്യേറ്റമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here