തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ കെ പി സി സി മൂന്നംഗ സമിതിക്ക് ചുമതല. തൃശൂർ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരും യു ഡി എഫ് ജില്ലാ ചെയർമാൻ എം പി വിൻസെൻ്റും രാജിവെച്ചു. ടി എൻ പ്രതാപനെയും അനിൽ അക്കരയെയും നടപടിയിൽ നിന്നും ഒഴിവാക്കിയതിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് പ്രതിഷേധം.
കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരുൾപ്പെട്ട സമിതിയെ ആണ് തൃശൂരിലെ തെരഞ്ഞടുപ്പ് പരാജയം അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ചിട്ടുള്ളത്. പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശം. ഡി സി സി യിലെ കൂട്ടത്തല്ലിനും പൊലീസ് കേസുകൾക്കും ഒടുവിൽ യു ഡി എഫ് തൃശൂർ ജില്ലാ ചെയർമാനും ഡി സി സി പ്രസിഡൻ്റും രാജിവെച്ചു.
കെപിസിസിയുടെ അന്ത്യശാസനത്തെ തുടർന്നാണ് രാജി. ഡി സി സി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചതായി ജോസ് വള്ളൂരും, ജില്ലാ യു ഡി എഫ് ചെയർമാൻ സ്ഥാനം രാജിവെച്ചതായി എം പി വിൻസന്റും തിങ്കളാഴ്ച ഡി സി സി യോഗത്തിൽ അറിയിച്ചു. ഡി സി സി യിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുരിയച്ചിറ, എം.എല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻ്റും ചെയ്തിട്ടുണ്ട്.
Also read:സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം; എംജി രാജമാണിക്യം റവന്യൂ സെക്രട്ടറിയായി ചുമതലയേൽക്കും
തൃശൂർ ഡി സി സി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വി.കെ.ശ്രീകണ്ഠന്‍ എം.പിക്ക് നൽകിയതായി കെപിസിസി വാർത്താ കുറിപ്പിൽ അറിയിച്ചു. ഡി സി സി യിൽ കൂട്ടത്തല്ല് ഉണ്ടായതിനെ തുടർന്ന് എ ഐ സി സി ഇടപെട്ടതാണ് നടപടി വേഗത്തിലാക്കിയത്. അതേസമയം, ജോസ് വള്ളൂരിനും, എംപി വിൻസെൻ്റിനും എതിരെ മാത്രം നടപടിയെടുത്ത് ടി എൻ പ്രതാപനെയും അനിൽ അക്കരയെയും ഒഴിവാക്കിയതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധവുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here