പാട്ടുകൾ കൊണ്ട് പല ഭാഷകളിൽ പല ദേശങ്ങളിൽ സഞ്ചരിച്ച മലയാളികളുടെ സ്വന്തം കെ എസ് ചിത്രക്ക് ഇന്ന് അറുപതാം പിറന്നാൾ. ചിത്ര അടയാളപ്പെടാത്ത പാട്ടു പുസ്തകങ്ങളോ, പാട്ടിന്റെ ചരിത്രമോ ഇന്ത്യൻ സംഗീത ലോകത്ത് തന്നെയില്ല. ഒരു മനുഷ്യന്റെ ഒരു ദിവസത്തെ ജീവിതമെടുത്ത് നോക്കിയാൽ ഒരു ചിത്രഗീതമെങ്കിലും ജീവിതത്തിൽ അയാളെക്കടന്ന് എപ്പോഴെങ്കിലും പോയിട്ടുണ്ടായിരിക്കും. ഒരു പാട്ടിന്റെ വരിയെങ്കിലും അയാളുടെ ഓർമ്മകളിൽ തങ്ങി നിൽക്കുന്നുണ്ടാകും. അത്രത്തോളം ഇന്ത്യൻ ജനതയുടെ സംഗീത ലോകത്ത് ചിത്ര എന്ന ഗായിക നിറഞ്ഞു നിൽക്കുന്നുണ്ട്.
എന്ന് തുടങ്ങിയെന്നോ എവിടെ പ്രഗത്ഭയായെന്നോ ചിത്രയെക്കുറിച്ചു പറയുക പ്രയാസമാണ്. കാരണം തുടക്കം മുതൽ അവർ ജന മനസ്സുകളിലേക്ക് പെയ്ത് തുടങ്ങുകയായിരുന്നു. സന്ദർഭം എന്തുമാകട്ടെ, ഏത് ഭാഷയുമാകട്ടെ, കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ ചിത്ര അവരുടെ ഗാനങ്ങൾ എല്ലാം തന്നെ ഭംഗിയിൽ പാടി അവസാനിപ്പിക്കും. എല്ലാ പാട്ടുകാരോടും സംഗീത സംവിധായകന്റെ ഗർവ്വെടുക്കുന്ന സാക്ഷാൽ ഇളയരാജ പോലും ചിത്രയോട് സൗമ്യമായി പെരുമാറി. ആ ശബ്ദം കേൾക്കുമ്പോൾ പറയാൻ വച്ച എല്ലാ ദേഷ്യങ്ങളും ഒരുപക്ഷെ പെട്ടെന്ന് ഇല്ലാതെയാകുന്നതാകാം.
ALSO READ: ഉത്തരേന്ത്യയെ ആശങ്കയിലാക്കി മഴ തുടരുന്നു; നാല് സംസ്ഥാനങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത
എം ജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിയാണ് 1979ൽ കെ എസ് ചിത്ര ആദ്യമായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. എന്നാൽ ആ സിനിമ പുറത്തിറങ്ങാൻ ഒരുവർഷത്തോളം എടുത്തപ്പോൾ എം. ജി രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരികിലോ അകലെയോ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ ഗാനമായി കണക്കാക്കപ്പെടുന്നത്. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ, പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങളാണ് ചിത്രയെന്ന ഗായികയെ തുടർന്ന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്.
പിന്നീടങ്ങോട്ട് സിനിമയ്ക്ക് ഒരു ചിത്രകാലമായിരുന്നു. പാട്ടുകൾക്ക് വളരെ പ്രാധാന്യമുള്ള സിനിമാ ലോകത്ത് ചിത്രയ്ക്ക് വേണ്ടി മാത്രം വരികൾ എഴുതപ്പെടുകയും പാട്ടുകൾ രൂപപ്പെടുകയും ചെയ്തു. എത്ര നീണ്ടുപോയാലും ഇടറാത്ത ശബ്ദം, എല്ലാ പാട്ടിലും അതാവശ്യപ്പെടുന്ന ഭാവങ്ങൾ, എല്ലാ ഭാഷകളിലും പാടാനുള്ള പ്രാവീണ്യം ഇവയെല്ലാം ചിത്രയെ മറ്റ് ഗായികമാരിൽ നിന്നും വേറിട്ട് നിർത്തി. തെന്നിന്ത്യൻ സിനിമാ സംഗീത പ്രേമികൾ എല്ലാകാലത്തും ഏറ്റുപാടിയിരുന്ന പാട്ടുകൾ കെ എസ് ചിത്രയുടേതായിരുന്നു.
ലളിത ഗാനങ്ങൾ, ഭക്തി ഗാനങ്ങൾ, ദൂരദർശൻ പാട്ടുകൾ, ആൽബം പാട്ടുകൾ തുടങ്ങിയവയെല്ലാം ചിത്രയുടെ ശബ്ദവുമായി കൂടിച്ചേർന്നു കിടന്നു. ചിത്ര പാടാത്ത സിനിമകളോ ചിത്രയിലാത്ത അവാർഡ് നിശകളോ തെന്നിന്ത്യയിൽ സംഭവിച്ചിട്ടേയില്ല. എത്ര പുതിയ ഗായകർ വന്നാലും, പാട്ടിൽ ഇനി എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും ചിത്ര അനായാസേന അവയെല്ലാം പാടി അവസാനിപ്പിക്കും.
ALSO READ: സൗദിയിൽ യുദ്ധവിമാനം തകർന്നുവീണു; ഒരാൾ മരിച്ചു
‘വാർമുകിലെ വാനിൽ നീ, വരുവാനില്ലാരുമീ, കണ്ണാടിക്കൂടും കൂട്ടി, കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ’ .. അങ്ങനെ ചിത്രഗീതങ്ങൾ നീണ്ടു നീണ്ട് കാലഘട്ടങ്ങൾക്കപ്പുറത്തേക്ക് വളർന്നു പന്തലിച്ചിരിക്കുന്നു. ഇന്നും കെ എസ് ചിത്ര പാടിക്കൊണ്ടേയിരിക്കുന്നു. മാലിക്കിലെ ‘തീരമേ തീരമേ’ എന്ന ഗാനവും ‘അനുരാഗ മധു ചഷകം’ എന്ന നീലവെളിച്ചത്തിലെ ഗാനവും ഗാനവും ചിത്രയുടെ ശബ്ദ മാധുര്യത്തിൽ ഇന്നും മലയാളികളിലേക്ക് ഒഴുകിയെത്തുന്നു. നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ ചിത്രയുടെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാനായത് പുണ്യമായി സംഗീത പ്രേമികൾ അടയാളപ്പെടുത്തുന്നു.
ALSO READ: ജാർഖണ്ഡ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ വെടിവച്ച് കൊലപ്പെടുത്തി
അന്യഭാഷകളിൽ ചിത്രയോളം പാട്ടുകൾ പാടിയ മറ്റൊരു ഗായികയില്ല. ഇളയരാജയും ചിത്രയുമൊന്നിച്ച എത്രയോ മനോഹര ഗാനങ്ങൾ ഇന്നും തമിഴ് ജനതയുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ തുടരുന്നുണ്ട്. ബോംബെ സിനിമയിലെ കണ്ണാലനെ, പുതു പുതു അർഥങ്ങളിലെ ഗുരുവായൂരപ്പാ, ഓട്ടോഗ്രാഫ് എന്ന സിനിമയിലെ ഒവ്വറു പൂക്കളുമേ തുടങ്ങി ചിത്ര പാടിയതെല്ലാം തന്നെ കോളിവുഡിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഗാനങ്ങൾ ആയിരുന്നു. എസ് പി ബാലസുബ്രമണ്യവും ഇളയരാജയും ചിത്രയും ചേരുമ്പോൾ സംഭവിക്കുന്ന ഗാനങ്ങൾക്ക് കാലാതീതമായി നിലനിൽക്കാനുള്ള ഒരു ഭംഗി പലപ്പോഴും കൈവന്നിരുന്നു.
ALSO READ: ജനഹിതം നെതന്യാഹുവിന് എതിര്; തെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കില്ലെന്ന് സർവ്വേ
അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ചിത്ര പാട്ടുകൾക്ക് വേണ്ടിയുള്ള തിരക്കിലായിരിക്കും. സംഗീതവും ശബ്ദവുമുള്ള കാലത്തോളം കേരളത്തിന്റെ വാനമ്പാടിയായി പകരക്കാരില്ലാതെ സിനിമാ ലോകത്ത് അവർ തുടരും. നന്ദി കെ എസ് ചിത്ര കേരളക്കരയിൽ ഒരു പാട്ടിന്റെ പാലാഴി തീർത്തത്തിന്. മനുഷ്യന്റെ വൈകാരിക നിമിഷങ്ങൾക്ക് വേണ്ടി അത്രമേൽ ഭാവാത്മകമായി പാടിക്കൊണ്ടേയിരിക്കുന്നതിന്.
KS Chithra@60
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here