വൈദ്യുത വാഹന ചാർജിംഗ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെഎസ്ഇബി. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 നു ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരം എന്നും കെഎസ്ഇബി പ്രസ്താവനയിലൂടെ അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നുതന്നെ തുടരുകയാണ്. ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. 108.22 കോടി യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച കേരളം ഉപയോഗിച്ചത്. മാക്സിമം ഡിമാൻഡും 5364 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചിട്ടുണ്ട്.
ഏപ്രിൽ 5 ന് 5353 മെഗാവാട്ടായിരുന്നു നമ്മുടെ ആകെ ആവശ്യകത. ഇതിൽ 2800 മെഗാവാട്ടും സംസ്ഥാനത്തിനു പുറത്തുനിന്നും വാങ്ങിയെത്തിച്ച വിലകൂടിയ താപവൈദ്യുതിയാണ്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമ്പോഴും ഉപഭോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതിയെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് കെ എസ് ഇ ബി. എന്നാൽ ഈ ലക്ഷ്യം പൂർണ്ണമായും കൈവരിക്കുന്നതിന് ഉപഭോക്താക്കളുടെ സഹകരണം അനിവാര്യമാണ്.
Also Read: ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക: കെബിഇഎഫ് കൺവെൻഷൻ
വൈകീട്ട് 6 മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരത്തിൽ സാമൂഹികാവബോധത്തോടെയുള്ള ഇടപെടൽ നമ്മെ ഊർജ്ജ സാക്ഷരരാക്കുകയും അതുവഴി കേരളം പരിസ്ഥിതി സൗഹൃദവും സുസ്ഥിരം വികസന സംസ്കാരവുമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യും എന്നും കെഎസ്ഇബി പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here