വൈദ്യുതി ലൈനുകളിൽ മുളന്തോട്ടി പോലുള്ളവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കെ എസ് ഇ ബി. സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും ചാലകങ്ങളായി മാറുകയും ചെയ്യുമെന്നും കെ എസ് ഇ ബിയുടെ മുന്നറിയിപ്പ് പോസ്റ്റിൽ പറയുന്നു.
സാധാരണ ലോ ടെൻഷൻ ലൈനിൽ തട്ടിയാൽ ഷോക്കേൽപ്പിക്കാത്ത മുളന്തോട്ടി ഉന്നത വോൾട്ടേജ് ലൈനുകളിൽ അപകടകാരിയായി മാറാനുള്ള കാരണവും വൈദ്യുതി ലൈനുകൾക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും കെ എസ് ഇ ബി വ്യക്തമാക്കി.
also read: മാലിന്യം വലിച്ചെറിയരുത്; കെഎസ്ആർടിസി ബസുകളിൽ വേസ്റ്റ് ബിന്നുകൾ
കെ എസ് ഇ ബി യുടെ പോസ്റ്റ്
മുളന്തോട്ടിയും സുരക്ഷിതമാകണമെന്നില്ല.
സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും.
ശാസ്ത്രീയമായി പറഞ്ഞാൽ, ലോഹങ്ങൾ പോലുള്ള ചാലക വസ്തുക്കളിൽ, അവയുടെ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുന്നത്. ഇവയിൽ നിന്ന് വ്യത്യസ്തമായി ഇൻസുലേറ്റിംഗ് മെറ്റീരിയലുകളിലെ ആറ്റങ്ങൾക്ക് വളരെ ദൃഡമായി ബന്ധിപ്പിച്ച ഇലക്ട്രോണുകളാണുള്ളത്. അതിനാൽത്തന്നെ അവ വൈദ്യുതി പ്രവാഹത്തെ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, അനിശ്ചിതമായി വോൾട്ടേജിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇൻസുലേറ്ററുകൾക്കില്ല. മതിയായത്ര വോൾട്ടേജ് പ്രയോഗിച്ചാൽ, ഏതൊരു ഇൻസുലേറ്റിംഗ് മെറ്റീരിയലും ഒടുവിൽ ‘വൈദ്യുത മർദ്ദ’ത്തിന് കീഴടങ്ങും, ഇൻസുലേറ്റർ ബ്രേക്ക്ഡൗണാവുകയും വൈദ്യുതിപ്രവാഹം സംഭവിക്കുകയും ചെയ്യും. സാധാരണ ലോ ടെൻഷൻ ലൈനിൽ തട്ടിയാൽ ഷോക്കേൽപ്പിക്കാത്ത മുളന്തോട്ടി ഉന്നത വോൾട്ടേജ് ലൈനുകളിൽ അപകടകാരിയായി മാറാൻ ഇതാണ് കാരണം. വോൾട്ടേജിന് ആനുപാതികമായ അളവിൽ വൈദ്യുത പ്രതിരോധ ശേഷിയില്ലാത്ത ഏതൊരു വസ്തുവും വൈദ്യുതചാലകങ്ങളായി മാറാം എന്ന് സാരം.
മുളയും മരക്കമ്പുകളും പോലുള്ള വസ്തുക്കളിൽ ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ ചെറിയ വോൾട്ടേജിൽ പോലും അവ ചാലക സ്വഭാവം കാട്ടാനിടയുണ്ട്. അതുകൊണ്ട് വൈദ്യുതി ലൈനുകൾക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
ജാഗ്രത പുലർത്താം; അപകടം ഒഴിവാക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here