റെക്കോർഡ് മുന്നേറ്റവുമായി കെഎസ്എഫ്ഇ; 2022-23ൽ തിളക്കമാർന്ന നേട്ടം

2022-23 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ കെഎസ്എഫ്ഇ എക്കാലത്തേയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രഥമവിവരക്കണക്കുകൾ പ്രകാരം പ്രവർത്തനത്തിന്റെ എല്ലാ മേഖലയിലും നല്ല മുന്നേറ്റം കാഴ്ചവെയ്ക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

ഈ വർഷം 875.41 കോടിരൂപയുടെ പുതിയ ചിട്ടികൾ ആരംഭിക്കാനായത് റെക്കോർഡ് നേട്ടമാണ്. ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ ആർജ്ജിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ കെ.എസ്.എഫ്.ഇ യുടെ പ്രതിമാസ ചിട്ടി സല 3228 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.
പ്രവാസികൾക്ക് വേണ്ടി മാത്രം നടത്തുന്ന കെ എസ് എഫ് ഇ പ്രവാസി ചിട്ടികളിലും 20% വർദ്ധനവ് 2022-23 സാമ്പത്തിക വർഷത്തിൽ നേടാനായി. 54.16 കോടി രൂപയുടെ പുതിയ ചിട്ടി ബിസിനസ്സാണ് അവിടെ നേടാൻ കഴിഞ്ഞത്. അതോടെ കെ എസ് എഫ് ഇ പ്രവാസി ചിട്ടി യുടെ
പ്രതിമാസ ചിട്ടി സല 124.35 കോടി രൂപയായി ഉയരുകയുണ്ടായി.

പ്രവാസി ചിട്ടി കൂടി കണക്കിലെടുക്കുമ്പോൾ കെ.എസ്.എഫ്.ഇ യുടെ വാർഷിക ചിട്ടി സല 36200 കോടി രൂപയിലേക്ക് ഉയർന്ന ചിത്രമാണ് 2022-23 ലെ പ്രാഥമിക കണക്കുകൾ കാണിക്കുന്നത്.

നിക്ഷേപ – വായ്പാ രംഗത്തും നേട്ടം കൊയ്യാൻ കെ എസ് എഫ് ഇ യ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2022 – 23 അവസാനിക്കുമ്പോൾ 21800 കോടി രൂപയുടെ ആകെ നിക്ഷേപവും, 11160 കോടി രൂപയുടെ വായ്പയും ബിസിനസ്സ് കണക്കുകൾ കാണിക്കുന്നു. ഇതോടെ ആകെ വാർഷിക ബിസിനസ്സ് 69200 കോടി രൂപയായി ഉയർന്നിരിക്കുന്നു. ലക്ഷ്യമിട്ടതിലും വലിയ തുക നിക്ഷേപങ്ങളായി ആർജ്ജിക്കാൻ സ്ഥാപനത്തിനായി എന്നതും സ്വർണ്ണപ്പണയ വായ്പാ രംഗത്ത് വലിയ കുതിച്ചു ചാട്ടം നടത്താനായി എന്നതും ശ്രദ്ധേയമാണ്.

പ്രത്യേകിച്ചും ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സ്വർണ്ണപ്പണയ വായ്പാ പദ്ധതി നല്ല മുന്നേറ്റം കാഴ്ച വെയ്ക്കുകയുണ്ടായി . 2023 മാർച്ച് മാസത്തിൽ ലോകവനിതാ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വനിതകൾക്ക് മാത്രമായ സമത സ്വർണ്ണപ്പണയ വായ്പയിൽ 150 കോടി രൂപ ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം നേടാനായത് ഈ വർഷത്തെ ബിസിനസ്സ് കണക്കുകളിൽ തിളങ്ങി നിൽക്കുന്ന ഒന്നാണ്. കുടിശ്ശിക നിവാരണ പദ്ധതികളും നല്ല മുന്നേറ്റമാണ് കാഴ്ചവെച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News