അവധിക്കാല യാത്രകൾ ഇനി ആനവണ്ടിയിലാക്കാം; പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി കെഎസ്ആർടിസി

ksrtc new tour locations

ക്രിസ്‌മസ്-പുതുവത്സര അവധിദിനങ്ങൾ ഇനി ആനവണ്ടിയിൽ ടൂർ പോയി ആഘോഷിക്കാം. കെഎസ്ആർടിസിയുടെ കൊല്ലം ബജറ്റ് ടൂറിസം സെൽ പുതിയ ടൂർ ലൊക്കേഷനുകൾ ഉൾപ്പെടുത്തി കലണ്ടർ പ്രസിദ്ധീകരിച്ചു. കമ്പം-മധുര-തഞ്ചാവൂർ, പാലക്കാട്-നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേൽപ്പാറ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന യാത്ര റൂട്ടുകൾ.

14, 28 തീയതികളിൽ മൂന്നാർ യാത്ര പോകാനവസരം നൽകുന്നതിനൊപ്പം, 21, 23 തീയതികളിൽ കപ്പൽയാത്ര, 31-ന് വാഗമൺ പുതുവത്സരയാത്ര എന്നിവയുമുണ്ട്. 14, 27 തീയതികളിലൊരുക്കുന്ന മെട്രോവൈബ്‌സ് യാത്രയിൽ 870 രൂപയ്ക്ക് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകൾക്കൊപ്പം വാട്ടർ മെട്രോയും റെയിൽ മെട്രോയും സന്ദർശിക്കാനും അവസരമുണ്ട്.

also read; പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നീ അയ്യപ്പക്ഷേത്രങ്ങൾ സന്ദർശിച്ച്, പന്തളത്തെത്തി തിരുവാഭരണദർശനവും കണ്ടു മടങ്ങുന്ന അയ്യപ്പതീർഥാടനം 14, 28 തീയതികളിലാണ്‌ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 15, 22, 25 തീയതികളിൽ പൊന്മുടിയിലേക്കും യാത്രകളുണ്ട്‌. എല്ലാ പ്രവേശന ഫീസുകളും ഉൾപ്പെടെ 770 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ കണ്ട് മധുര മീനാക്ഷിക്ഷേത്രം വഴി തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രദർശനം നടത്തുന്ന യാത്ര 20-ന്‌ രാത്രി 10-ന് ആരംഭിക്കും. നിരക്ക് ഒരാൾക്ക് 2,350 രൂപയാണ്.

ക്രിസ്മസ് അവധി ആരംഭിക്കുന്ന 21-നും 23-നും ആസൂത്രണം ചെയ്തിട്ടുള്ള നെഫർട്ടിറ്റി കപ്പൽയാത്രയ്ക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ 10-ന് കൊല്ലം ബസ് സ്റ്റേഷനിൽനിന്ന്‌ ആരംഭിച്ച് എസി ലോഫ്ലോർ ബസിൽ എറണാകുളത്തെത്തി അഞ്ചുമണിക്കൂർ അറബിക്കടലിൽ കപ്പൽയാത്ര നടത്താം. 4,240 രൂപയാണ് ഇതിനായി ചെലവാക്കേണ്ടി വരുക.

also read; രാജ്യത്തെ ഏറ്റവും മികച്ച സൈബര്‍ വിഭാഗം; തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം

21-നും 29-നും ഇല്ലിക്കൽക്കല്ല്-ഇലവീഴാപൂഞ്ചിറ യാത്രയും 22-ന് അയ്യപ്പൻകോവിൽ തൂക്കുപാലംവഴി രാമക്കൽമേട് പോകുന്ന യാത്രയും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. 24-ന് കന്യാകുമാരി, റോസ്‌മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകളുണ്ടാകും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം എന്നിവിടങ്ങൾ സന്ദർശിച്ച്‌ കന്യാകുമാരിയിൽ എത്തി അസ്തമയദൃശ്യം ആസ്വദിച്ചു മടങ്ങാനാകുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. ക്രിസ്‌മസ് ദിനത്തിൽ പദ്ധതിയിട്ടിരിക്കുന്ന അഞ്ചുരുളി-കാൽവരി മൗണ്ട്-ഇടുക്കി യാത്ര രാവിലെ അഞ്ചിന് കൊല്ലത്തുനിന്നു തുടങ്ങും. നിരക്ക്‌ 1,020 രൂപയാണ്.

പാലക്കാട് കോട്ട, കൽപ്പാത്തി, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവ കണ്ടശേഷം നെല്ലിയാമ്പതി സന്ദർശിക്കുന്ന രണ്ടുദിവസത്തെ യാത്രയ്ക്ക്‌ 2,750 രൂപയാണ് നിരക്ക്. പാലോട് ബോട്ടാണിക്കൽ ഗാർഡൻ, മങ്കയം വെള്ളച്ചാട്ടം, കുര്യോട്ട്‌ ഫാം, മലമേൽപ്പാറ യാത്ര 29-നാണ്‌.

പുതുവർഷത്തെ വേളാങ്കണ്ണി പള്ളിയിലെ ആദ്യ മലയാള കുർബാനയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന വേളാങ്കണ്ണി യാത്ര 31-ന് രാവിലെ എട്ടിന് ആരംഭിക്കും. 2,760 രൂപയാണ് ഇതിന് നിരക്കു വരുന്നത്. പുതുവർഷം ആഘോഷിക്കാൻ അവസരമൊരുക്കുന്ന വാഗമൺ യാത്ര 31-ന് രാവിലെ ഒൻപതിന് തുടങ്ങും. അന്വേഷണങ്ങൾക്ക് 97479 69768, 94954 40444 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News