കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബസില്‍ ഗർഭിണി ഉൾപ്പെടെ 30ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴ പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്നു വൈകീട്ടോടെയാണ് സംഭവം നടന്നത്.
മീയണ്ണൂരിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞതെന്നാണു സാക്ഷികൾ നൽകുന്ന വിവരം. സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലും ബസ് ഇടിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് തലയ്ക്കു പരിക്കേറ്റു. ഇവരെ സമീപത്തുള്ള അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ഗർഭിണിയെ വേദനയെ തുടർന്ന് ലേബർ റൂമിലേക്കു മാറ്റിയിട്ടുണ്ട്.
ALSO READ; കോട്ടയത്ത് പാമ്പാടിയിൽ ലോട്ടറി വിൽക്കുന്നതിനിടെ മധ്യവയസ്ക കാറിടിച്ച് മരിച്ചു
മറ്റൊരു സംഭവത്തിൽ, ആലുവയിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് യാത്രക്കാർ പറഞ്ഞത്.
എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്. വാതിൽ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽ നിന്നും വീണ് ചൂർണിക്കര സ്വദേശിനിയ്ക്ക് പരുക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്നും ആരോപണമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here