സാരഥിയായി മകനും കണ്ടക്ടറായി അമ്മയും ഡ്യൂട്ടിക്ക് കയറിയത് കെഎസ്ആര്‍ടിസിയില്‍ അപൂര്‍വതയായി. തിരുവനന്തപുരത്താണ് ചരിത്രനിമിഷം അരങ്ങേറിയത്. ഞായറാഴ്ച ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളേജ് സ്വിഫ്റ്റ് ബസിലെ സാരഥികള്‍ ഇവരായിരുന്നു. ആര്യനാട് സ്വദേശിയും സ്വിഫ്റ്റ് സര്‍വീസിലെ ആദ്യ വനിതാ ജീവനക്കാരിയുമായ യമുനയായിരുന്നു കണ്ടക്ടര്‍. കഴിഞ്ഞ ആഴ്ച കെ- സ്വിഫ്റ്റില്‍ നിയമനം ലഭിച്ച ശ്രീരാഗായിരുന്നു ഡ്രൈവര്‍.
2009 മുതല്‍ ആര്യനാട് ഡിപ്പോയിലെ ബദലി കണ്ടക്ടറായിരുന്ന യമുനക്ക് 2022 മുതല്‍ സ്വിഫ്റ്റിലാണ് ജോലി. മുഖ്യമന്ത്രിയില്‍ നിന്ന് ആദ്യ ദിനം റാക്ക് വാങ്ങി ജോലിയില്‍ പ്രവേശിച്ച യമുനയുടെ ചിരകാലസ്വപ്നമായിരുന്നു മകന്റെ ജോലി. അമ്മക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്റെ ആവശ്യം കെ എസ് ആര്‍ ടി സി അധികൃതര്‍ ഇടപെട്ട് സാക്ഷാത്കരിക്കുകയായിരുന്നു. ഞായറാഴ്ച ഇരുവരും ഒരുമിച്ച് സസന്തോഷം ഡ്യൂട്ടി ചെയ്തു. വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ട് കഴിച്ചതും ഏറെ ശ്രദ്ധാപൂര്‍വ്വം മകന്‍ ബസ് ഓടിച്ചതും അമ്മ യമുനക്ക് മനം നിറയെ ആഹ്ലാദം നല്‍കി.
27 വയസുകാരനായ ശ്രീരാഗ് വനം വകുപ്പിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. കണ്ടക്ടര്‍ ലൈസന്‍സുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണ് ഏറെ ഇഷ്ടം. അമ്മക്കൊപ്പമുള്ള ജോലിയും ആനവണ്ടി പ്രേമവും ശ്രീരാഗിനെ സ്വിഫ്റ്റ് ഉദ്യോഗത്തില്‍ എത്തിച്ചു. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് രാജേന്ദ്രന്‍ ആശാരി, മുട്ടത്തറ എന്‍ജിനീയറിംഗ് കോളേജിലെ താല്‍ക്കാലിക ജീവനക്കാരനായ ഇളയ മകന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പം ആര്യനാട് ശ്രീരാഗ്ഭവനിലാണ് യമുനയും ശ്രീരാഗും താമസിക്കുന്നത്. അമ്മക്കും മകനും ഒപ്പമുള്ള സ്‌നേഹം നിറഞ്ഞ യാത്രകളുടെ മധുരത്തിലാണ് റൂട്ടിലെ യാത്രക്കാരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here