ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സർവീസ് ഉടൻ ആരംഭിക്കും. വോൾവോ ബസിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം എന്നതാണ് പ്രത്യേകത.
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം രണ്ട് ബസുകളാണ് നിരത്തിലിറക്കുക. ഓരോ എസി, നോൺ എസി ബസ്സുകൾ 10 ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കി തിരുവനന്തപുരത്തെത്തും. ബസുകളിൽ 25 വീതം സീറ്റുകളും 15 വീതം ബർത്തുകളുമുണ്ടാകും. എയർ സസ്പെൻഷൻ, റിക്ലയിനിങ് സീറ്റുകൾ, സീറ്റുകൾക്ക് സമീപം ചാർജിങ് പോയിന്‍റുകൾ എന്നിങ്ങനെ സൗകര്യമുണ്ടാകും. ടിക്കറ്റ് നിരക്ക് ബർത്തിന് മറ്റു സീറ്റിനേക്കാൾ 25 ശതമാനം അധികമായിരിക്കും.
എന്നാൽ വോൾവോ ബസിന്‍റെ ടിക്കറ്റ് നിരക്കിനേക്കാൾ കുറവിൽ യാത്ര ചെയ്യാം. രാത്രിയായിരിക്കും സർവീസ് നടത്തുക. നിലവിൽ ഗജരാജ എസി സ്ലീപ്പർ ബസ്സുകൾ, ഗരുഡ എസി സീറ്റ് ബസുകൾ, നോൺ എ സി സീറ്റർ ബസുകൾ സൂപ്പർഫാസ്റ്റുകൾ എന്നിവയാണ് സ്വിഫ്റ്റിനായി ദീർഘദൂര സർവീസ് നടത്തുന്നത്. സീറ്റർ കം സ്ലീപ്പർ ബസുകളുടെ പരീക്ഷണം വിജയിച്ചാൽ നിലവിലുള്ള 131 സൂപ്പർഫാസ്റ്റ് ബസുകൾ ഹ്രസ്വദൂര യാത്രകൾക്കായി മാറ്റുമെന്നും സൂചനയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here