കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആളുകൾക്ക് അവസരം ഒരുക്കുന്ന കെഎസ്ആർടിസി ഉല്ലാസയാത്രയിൽ 200 ട്രിപ്പുകൾ തികച്ച് വെഞ്ഞാറമൂട് ഡിപ്പോ. 20 മാസം കൊണ്ടാണ് ഇത്രയും ട്രിപ്പുകൾ ഡിപ്പോ സംഘടിപ്പിച്ചത്. വരുമാനം വർധിപ്പിക്കാനും കൂടിയാണ് കെഎസ്ആർടിസി ഉല്ലാസയാത്രകൾ സംഘടിപ്പിച്ചത്.
2023 ഏപ്രിലിലായിരുന്നു 36 സഞ്ചാരികളുമായി വെഞ്ഞാറമൂട് ഡിപ്പോയുടെ ആദ്യത്തെ സർവീസ്. അടിച്ചുപൊളിച്ചുള്ള ആനവണ്ടിയിലെ യാത്ര യാത്രികരും ആസ്വദിച്ചു. പിന്നീടങ്ങോട്ടൊരു കുതിപ്പായിരുന്നു. 20 മാസം കൊണ്ട് 200 ട്രിപ്പുകളും ഒരു കോടി രൂപയുടെ വരുമാനവും. ഇടുക്കിയിലേക്കായിരുന്നു ഡിപ്പോയിൽ നിന്നും ഏറ്റവും കൂടതൽ യാത്രകൾ നടന്നിട്ടുള്ളത്. അതിനാൽ 200-ാമത്തെ ട്രിപ്പും ഇടുക്കിയിലെ പാഞ്ചാലിമേട്, കാൽവരിമൗണ്ട് എന്ന സ്ഥലങ്ങളിലേക്കായിരുന്നു.
വിനോദ സഞ്ചാര സ്ഥലങ്ങൾക്കൊപ്പം തീർത്ഥ യാത്രകളും കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. ട്രിപ്പുകളുടെ എണ്ണം വർധിച്ചതോടെ യാത്രയ്ക്കായി സൂപ്പർ ഡീലക്സ് ബസും ഡിപ്പോ ഒരുക്കിയിട്ടുണ്ട്. ഇനി ട്രിപ്പുകൾ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കണം എന്ന ആവശ്യവും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ഇങ്ങനെ സന്തോഷത്തോടെ ആടിയും പാടിയും ആഘോഷമായി ആനവണ്ടിയുടെ വിനോദയാത്ര തുടരുകയാണ്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here