കീറിയ നോട്ട് നൽകി; വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്‌ടർ

ടിക്കറ്റെടുക്കാൻ നൽകിയ 20 രൂപ നോട്ടിൽ കീറലുണ്ടെന്നുപറഞ്ഞ് സ്കൂൾവിദ്യാർഥിയെ നട്ടുച്ചയ്ക്ക് ബസിൽനിന്ന്‌ വഴിയിൽ ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടറുടെ ക്രൂരത. ദേശീയപാത ബൈപ്പാസിൽ കുഴിവിളയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയെയാണ് വനിതാ കണ്ടക്ട്ർ ഇറക്കിവിട്ടത്. എന്തുചെയ്യണമെന്നറിയാതെ വഴിവക്കിൽ നിന്ന കുട്ടിയെ മുക്കാൽ മണിക്കൂറിനു ശേഷം ഒരു ബൈക്ക് യാത്രക്കാരനാണ് വീടിനു സമീപം കൊണ്ടുവിട്ടത്.

പരീക്ഷ കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സ്കൂളിനു മുന്നിൽനിന്ന്‌ വിദ്യാർഥി കിഴക്കേക്കോട്ടയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കയറിയത്. വെൺപാലവട്ടം വേൾഡ് മാർക്കറ്റിനു മുന്നിലെത്തിയപ്പോഴാണ് വനിതാ കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു വന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന 20 രൂപ നോട്ട് കൊടുത്തപ്പോൾ നോട്ട് കീറിയതാെണന്ന കാരണം പറഞ്ഞ് അപ്പോൾത്തന്നെ ബെല്ലടിച്ച് ബസ് നിർത്തി ഇറക്കിവിടുകയായിരുന്നു.

നീലനിറത്തിലുള്ള സിറ്റി ഷട്ടിൽ നടത്തുന്ന വലിയ ബസാണെന്നാണ് കുട്ടി പറയുന്നത്. കണ്ടക്ടറെ തിരിച്ചറിഞ്ഞിട്ടില്ല. ആറ്റിങ്ങൽ, കണിയാപുരം സിറ്റി ഡിപ്പോകളിൽനിന്ന്‌ ഇത്തരം ബസുകൾ ബൈപ്പാസിലൂടെ സർവീസ് നടത്തുന്നുണ്ട്. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News