ആശ്ചര്യം തന്നെ! ജമാഅത്തെ ഇസ്ലാമിയെ എന്തടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അംഗീകരിച്ചതെന്ന് കെടി ജലീല്‍; കുറിപ്പ് ചര്‍ച്ചയാകുന്നു!

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നിഷേധിക്കേണ്ട കാര്യമില്ലെന്നും അവരുമായുള്ള ബന്ധം ഇപ്പോള്‍ തുടങ്ങിയതുമല്ലെന്ന രീതിയില്‍ പാണക്കാട് സാദിഖലി ശിഹാബ തങ്ങള്‍ നടത്തിയ അഭിപ്രായത്തില്‍ ചോദ്യമുയര്‍ത്തി മുന്‍മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. പ്രമുഖ മാധ്യമത്തിന്റെ ന്യൂസ് പങ്കുവച്ചുകൊണ്ടാണ് കെടി ജലീല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുന്നത്.

ALSO READ: ഡിസിസി ട്രഷററുടെയും മകന്റെയും മരണം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ റഫീഖ്

ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സീതിസാഹിബും സി.എച്ച് മുഹമ്മദ് കോയാ സാഹിബും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമറലി തങ്ങളും സയ്യിദ് ഹൈദരലി തങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെ എന്തടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അംഗീകരിച്ചത് എന്ന കാര്യം അത്യന്തം ആശ്ചര്യം ഉളവാക്കുന്നുവെന്ന് എഫ്ബി പേജില്‍ അദ്ദേഹം കുറിച്ചു. ഒപ്പം യുഡിഎഫില്‍ ഒരു ബര്‍ത്ത് കിട്ടാന്‍ സ്വന്തം സ്ഥാപകനായ മൗലാനാ മൗദൂദിയെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംലീഗിനെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വരില്ലെന്നും ‘കയ്യിലുള്ളതിനെ’ വിട്ട് പറക്കുന്നതിനെ പിടിക്കാന്‍ നോക്കുന്ന അതിമോഹിയുടെ ദുരന്തമാണ് ലീഗിനെ കാത്തിരിക്കുന്നതെന്നും കെടി ജലീല്‍ കുറിപ്പില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

കെടി ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം;

മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും!
ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സീതിസാഹിബും സി.എച്ച് മുഹമ്മദ് കോയാ സാഹിബും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമറലി തങ്ങളും സയ്യിദ് ഹൈദരലി തങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെ എന്തടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അംഗീകരിച്ചത് എന്ന കാര്യം അത്യന്തം ആശ്ചര്യം ഉളവാക്കുന്നു. ഇവരെല്ലാം ജീവിച്ചിരുന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ സമുന്നത നേതാക്കളും ഇന്ത്യയില്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗിനെ ജമാഅത്തോ, ജമാഅത്തെ ഇസ്ലാമിയെ മുസ്ലീംലീഗോ അംഗീകരിച്ചിട്ടില്ല. രണ്ടും രണ്ട് ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്ന ബോദ്ധ്യമാണ് അതിന്റെ രാസത്വരകമായി പ്രവര്‍ത്തിച്ചത്. മേല്‍നേതാക്കളൊന്നും അവര്‍ ജീവിച്ചിരുന്ന കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും സമ്മേളനങ്ങളിലോ അവരുടെ ഏതെങ്കിലും സ്ഥാപന വാര്‍ഷികങ്ങളിലോ പങ്കെടുത്തിട്ടില്ല. പാണക്കാട് ശിഹാബ് തങ്ങള്‍ ലീഗദ്ധ്യക്ഷനായ സമയത്താണ് ‘മാധ്യമം’ പത്രം തുടങ്ങിയത്. കൊട്ടിഘോഷിക്കപ്പെട്ട ‘മാധ്യമ’ത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ എന്തേ ശിഹാബ് തങ്ങള്‍ പങ്കെടുക്കാതിരുന്നത്? ഹൈദരലി തങ്ങള്‍ ഉള്ള ഘട്ടത്തിലല്ലേ ‘മീഡിയവണ്‍’ സംപ്രേക്ഷണം തുടങ്ങിയത്? അതിന്റെ സമാരംഭ ചടങ്ങില്‍ നിന്നെന്തേ ഹൈദരലി തങ്ങള്‍ വിട്ടുനിന്നു? ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വഴികള്‍ രണ്ടാണെന്ന ബോദ്ധ്യം ലീഗിന്റെ എല്ലാ മുന്‍കാല നേതാക്കള്‍ക്കും ഉണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികമായ ഉദ്ദേശം മതരാഷ്ട്ര സ്ഥാപനമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ലക്ഷ്യം ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഉള്‍പ്പെടുയുള്ള ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം ഉറപ്പുവരുത്തലാണ്. ജമാഅത്തെ ഇസ്ലാമിയെ നയിക്കുന്നത് മൗലാനാ മുദൂദിയുടെ ആദര്‍ശങ്ങളാണ്. മുസ്ലിംലീഗിനെ മുന്നോട്ടു നടത്തുന്നത് ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നിയ ഇന്ത്യന്‍ ഭരണഘടനയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ‘അകം’, ഖുര്‍ആന്‍ പോലും പറയാത്ത ‘മതപരിത്യാഗിയെ അഥവാ ‘മുര്‍ത്തദ്ദി’നെ വധിക്കണം’, ‘മതാധിഷ്ഠിത രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ രണ്ടാംകിട പൗരന്‍മാരായി ജീവിക്കണം’, ‘ജനങ്ങള്‍ക്കിടയില്‍ ഭരണകാര്യങ്ങളില്‍ ഉള്‍പ്പടെ ഒരു അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ദൈവത്തിന്റെ നിയമങ്ങളിലേക്ക് മടങ്ങണം’ തുടങ്ങിയ തീവ്ര ചിന്തകളാല്‍ നിറഞ്ഞതാണ്. മുസ്ലിംലീഗിന്റെ ഉള്ള് വ്യത്യസ്ത മതവിഭാഗങ്ങള്‍ തുല്യരായും സൗഹാര്‍ദ്ദത്തോടെയും ഇന്ത്യന്‍ ഭരണഘടനക്ക് അനുസൃതമായും ജീവിക്കണം എന്ന വികാരത്താല്‍ നിര്‍ഭരമാണ്. ജമാഅത്തെ ഇസ്ലാമി മുജാഹിദ്, സുന്നി സംഘടനകളുടെ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ക്കുന്നു. മുസ്ലിംലീഗ്, തീവ്ര സങ്കല്‍പങ്ങള്‍ വെച്ച് പുലര്‍ത്താത്ത എല്ലാ മുസ്ലിം സംഘടനകളെയും ഉള്‍കൊള്ളുന്നു. വിഭിന്നതകള്‍ ഏറെ ഇനിയൂം ചൂണ്ടിക്കാനുണ്ട്. അത് വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാം.
മേല്‍ വിവരിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെ എങ്ങിനെയാണ് മുസ്ലിംലീഗിന് ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കാനാവുക? ലീഗിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ബഹുമാന്യനായ സാദിഖലി തങ്ങള്‍ മാതൃഭൂമി ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് വീണ്ടുവിചാരമില്ലാതെയാണോ? ജമാഅത്തെ ഇസ്ലാമി ഇന്ന് കേവലം ഒരു മതസംഘടനയല്ല. കാലങ്ങളായി അവര്‍ മനസ്സില്‍ താലോലിക്കുന്ന ‘മതരാഷ്ട്രം’ സ്ഥാപിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടി ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ സ്വന്തം വീക്ഷണങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയ ഏക മതസംഘടനയാണ് ജമാഅത്തെ ഇസ്ലാമി. സാദിഖലി തങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ലീഗ് രാഷ്ട്രീയത്തിന്റെ മണ്‍മമറഞ്ഞ എം.ഐ തങ്ങളുടെ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക. ചന്ദ്രിക മുന്‍ എഡിറ്ററും നിലവിലെ ലീഗ് സംസ്ഥാന ഭാരവാഹിയുമായ സി.പി. സൈതലവിയുടെ പുസ്തകത്തിലൂടെ കണ്ണോടിക്കുക.’മാപ്പിളനാട്’ എന്ന പ്രസിദ്ധീകരണത്തിന്റെ പഴയ താളുകള്‍ മറിച്ചു നോക്കുക.
ജമാഅത്തെ ഇസ്ലാമിയും മൗദൂദിയുമാണ് ഇന്ത്യന്‍ മുസ്ലിങ്ങളില്‍ തീവ്രവാദത്തിന്റെ വിത്തുപാകിയത് എന്ന് പ്രസംഗിച്ചതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയതും സാദിഖലി തങ്ങള്‍ പ്രസിഡണ്ടായ കമ്മിറ്റിയിലെ സെക്രട്ടറിമാരില്‍ ഒരാളായ കെ.എം ഷാജിയാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇന്ത്യന്‍ രൂപമാണ് ജമാഅത്തെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും ശക്തമായി വിമര്‍ശിച്ച് രംഗത്തു വന്ന ലീഗ് നേതൃനിരയിലെ പ്രമുഖന്‍ സി.എച്ചിന്റെ മകന്‍ ഡോ: എം.കെ മുനീറാണ്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തെ തെളിവുകളുദ്ധരിച്ച് എതിര്‍ത്തിട്ടുള്ള സി.ടി അബ്ദുറഹീം സാഹിബിന്റെ നിലപാടുകള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ഡോ: മുനീര്‍ എം.ഡിയായ ‘ഒലീവ്’ പബ്ലിക്കേഷനാണ്. ബഹുമാന്യനായ ഹൈദരലി തങ്ങള്‍ മനോരമ ചാനലിലെ ജോണി ലൂക്കോസിനു നല്‍കിയ അഭിമുഖത്തില്‍ ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനകളിലാണ് എണ്ണിയത്. ഇതിലൊക്കെ പുതിയ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ആദരണീയനായ സാദിഖലി തങ്ങള്‍ അതു വ്യക്തമാക്കിയാല്‍ നന്നാകും. നാളെ എസ്.ഡി.പി.ഐയ്യേയും കൂടെക്കൂട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഒരുകാലത്ത് തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് ലീഗ് സ്വന്തം തയ്യല്‍കടയില്‍ തുന്നിത്തയ്യാറാക്കി ഇടിയിച്ച് കൊടുത്തിരിക്കുന്ന പുതിയ പച്ചക്കുപ്പായം?
ലീഗ് നേതൃത്വം പറഞ്ഞിടത്ത് ലീഗണികളെ കിട്ടാത്ത അവസ്ഥ ഉണ്ടാക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ ഉള്ളിലിരിപ്പ്. മാധ്യമം പത്രവും, മീഡിയാ വണ്‍ ചാനലും ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമിയുടെ തലച്ചോറുള്ള ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും സൃഷ്ടിക്കലാണ് അവരുടെ ഗൂഢപദ്ധതി. ഒട്ടകത്തിന് കാല് കുത്താന്‍ സ്ഥലം കൊടുത്ത നിഷ്‌കളങ്കനായ ഗ്രാമീണന് ഉണ്ടായ ‘ദുര്‍ഗതി’ സാദിഖലി തങ്ങള്‍ മറക്കരുത്. ജനകീയ അടിത്തറയുടെ കാര്യത്തില്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ജമാഅത്തെ ഇസ്ലാമി. യുഡിഎഫില്‍ ഒരു ബര്‍ത്ത് കിട്ടാന്‍ സ്വന്തം സ്ഥാപകനായ മൗലാനാ മൗദൂദിയെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംലീഗിനെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വരില്ല.’കയ്യിലുള്ളതിനെ’ വിട്ട് പറക്കുന്നതിനെ പിടിക്കാന്‍ നോക്കുന്ന അതിമോഹിയുടെ ദുരന്തമാണ് ലീഗിനെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News