“ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യം”; കെ ടി ജലീൽ എംഎൽഎയുടെ പുസ്തകം പ്രകാശനം ചെയ്തു

കെ ടി ജലീൽ എംഎൽഎയുടെ ഒൻപതാമത്തെ പുസ്തകം പ്രകാശനം ചെയ്തു. “ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യം” എന്നാണ് പുസ്തകത്തിന്റെ പേര്. രണ്ടാഴ്ചയോളം ഇന്തോനേഷ്യയിലെ പ്രധാനപ്പെട്ട നാല് ദ്വീപുകൾ സന്ദർശിച്ചതിൻ്റെ നേരനുഭവങ്ങളാണ് “ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യം” എന്ന പുസ്തകം എന്നും പത്ത് അദ്ധ്യായങ്ങളിലായാണ് യാത്രാ വിവരണക്കുറിപ്പുകൾ ഉൾകൊള്ളിച്ചിരിക്കുന്നത് എന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ മുൻമന്ത്രി ശ്രീ ഇ.പി ജയരാജനാണ്കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഐ.എൻ.എൽ സംഘടിപ്പിച്ച സൗഹാർദ സംഗമത്തിൽ വെച്ച്, ചിന്ത പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകം പുറത്തിറക്കിയത്. എഴുത്തുകാരൻ പി.കെ പാറക്കടവ് ആണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്. ‘എഴുത്തുകൾക്ക് നല്ല പ്രോൽസാഹനം നൽകി എന്നും എന്നെ ത്രസിപ്പിച്ച മാന്യവായനക്കാരുടെ ചിന്താ ശേഖരത്തിലേക്ക് ഇതാ എൻ്റേതായി ഒരിറ്റുകൂടി, സ്വീകരിച്ചാലും’ എന്നാണ് പുസ്തകത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പിൽ ജലീൽ വ്യക്തമാക്കിയത് .

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

“ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യം” പ്രകാശനം ചെയ്തു!
ഇന്ത്യയുടെ പേരിനോട് അടുത്ത് നിൽക്കുന്ന മറ്റൊരു പേരാണ് ഇന്തോനേഷ്യ. പേരിലെ സാമ്യത മത-സാമൂഹ്യ-സാംസ്കാരിക മേഖലളിലും ദൃശ്യമാണ്. ബഹുസ്വരതയുടെ കളിത്തൊട്ടിലാണ് ഇന്ത്യയെപ്പോലെത്തന്നെ ഇന്തോനേഷ്യയും. ബഹുവർണ്ണങ്ങളുടെ നാടെന്ന ഖ്യാതിയാണ് ഇരുരാജ്യങ്ങളെയും ലോകത്ത് വേറിട്ട് നിർത്തിയത്. രണ്ടാഴ്ചയോളം ഇന്തോനേഷ്യയിലെ പ്രധാനപ്പെട്ട നാല് ദ്വീപുകൾ സന്ദർശിച്ചതിൻ്റെ നേരനുഭവങ്ങളാണ് “ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യം” എന്ന പുസ്തകം. അതോടൊപ്പം ഇന്തോനേഷ്യയുടെ പ്രാചീന-മധ്യകാല-ആധുനിക ചരിത്രവും സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. പത്ത് അദ്ധ്യായങ്ങളിലായാണ് യാത്രാ വിവരണക്കുറിപ്പുകൾ ഉൾകൊള്ളിച്ചിരിക്കുന്നത്.
ദേഷ്യംപിടിക്കാത്ത ജനത എന്നാണ് ഇന്തോനേഷ്യക്കാർ അറിയപ്പെടുന്നത്. പൊതുവെ സൗമ്യർ, ശാന്തശീലർ. വിശ്വാസങ്ങളെയും ആചാരങ്ങളെയും പരസ്പരം ബഹുമാനിക്കാൻ ശീലിച്ചവർ. ശുചിത്വം ജീവിത രീതിയാക്കിയവർ. സ്നേഹം കൊണ്ട് മതാന്ധതയുടെ മതിൽകെട്ട് തകർത്തവർ. മറ്റേതൊരു മുസ്ലിം രാജ്യത്തെക്കാളും സ്ത്രീശാക്തീകരണവും ലിംഗസമത്വവും സ്വന്തം ഗൃഹാന്തരീക്ഷത്തിൽ പ്രയോഗികമാക്കിയവർ. അങ്ങിനെ പോകുന്നു ഇന്തോനേഷ്യക്കാരുടെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ.
ഇന്ത്യ ബഹുസ്വരതയെ കൈവിട്ട് ഏകശിലാ സംസ്കാരത്തിലേക്ക് നീങ്ങുമ്പോൾ ഇന്തോനേഷ്യ ബഹുവർണ്ണങ്ങളുടെ സൗന്ദര്യം കൂടുതൽ കൂടുതൽ കൊണ്ടാടുകയാണ്. വൈജാത്യങ്ങൾ കലഹിക്കാനല്ല ഐക്യപ്പെടാനാണെന്ന് തിരിച്ചറിഞ്ഞവരാണ് ഇന്തോനേഷ്യൻ സമൂഹം. തൊണ്ണൂറ് ശതമാനത്തോളം ഇസ്ലാംമത വിശ്വാസികൾ അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയിൽ മനസ്സിന് മുറിവേറ്റ ഒരൊറ്റ ന്യൂനപക്ഷ മതസ്ഥനെയും കാണാനാകില്ല. പശുവിനെ വിശുദ്ധമായി കരുതുന്നവരും ബീഫിറച്ചി ഭക്ഷിക്കുന്നവരും അവിടെ തല്ലുകയോ കൊല്ലുകയോ ചെയ്യാതെ ജീവിക്കുന്നു. ആരും ആരെയും അധിക്ഷേപിക്കുന്നില്ല. ആത്മീയത ഭ്രാന്തല്ലെന്ന് ഇന്തോനേഷ്യയിലെ ഓരോ വിശ്വാസിയും സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസത്തെ ഉൽസവമാക്കിയ ഒരു ജനത ഇന്തോനേഷ്യക്കാരെപ്പോലെ ലോകത്ത് വേറെ ഉണ്ടോയെന്ന് സംശയമാണ്.
അടിസ്ഥാനപരമായി ഒരു കാർഷിക രാജ്യമാണ് ഇന്തോനേഷ്യ. ജനസംഖ്യയിൽ ഇന്ത്യയും ചൈനയും അമേരിക്കയും കഴിഞ്ഞാൽ നാലാമത് നിൽക്കുന്ന രാഷ്ട്രം. കേരളത്തിന് പുറത്ത് പ്രകൃതി ഒരുക്കിയ മറ്റൊരു കേരളം. മതം ലഹരിയായി രക്തത്തിൽ അലിഞ്ഞു ചേരാത്ത മനുഷ്യരുടെ നാട്. പ്രാദേശിക സമ്പ്രദായങ്ങളെയും പാരമ്പര്യങ്ങളെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നവരുടെ വാസസ്ഥലം. സഞ്ചാരികൾക്ക് കൺകുളിർക്കെ കാണാനും ആസ്വദിക്കാനും നിരവധിയുണ്ട് ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിൽ. സാമാന്യം നീണ്ട യാത്രക്കിടയിൽ കണ്ണിലും മനസ്സിലും പതിഞ്ഞതെല്ലാം ഒപ്പിയെടുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
നേരത്തെ പ്രസിദ്ധീകരിച്ച യാത്രാവിവരണ ഗ്രന്ഥമായ ”ഉപ്പുപാടത്തെ ചന്ദ്രോദയ”ത്തിൻ്റെ കൂടെച്ചേർത്ത് ഒരു പരിഷ്കരിച്ച പതിപ്പിറക്കണം എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. ചിന്താ പ്രസിദ്ധീകരണ വിഭാഗത്തിൻ്റെ ചുമതലക്കാരനായ രഞ്ജിത്താണ് പറഞ്ഞത് പുതിയ പുസ്തകമാക്കി ഇറക്കുന്നതാകും നല്ലതെന്ന്. അങ്ങിനെയാണ് മറ്റൊരു തലക്കെട്ടിനു താഴെ വീർപ്പുമുട്ടി കഴിയേണ്ടിവരുമായിരുന്ന ഇന്തോനേഷ്യൻ അനുഭവങ്ങളെ സ്വന്തം അസ്തിത്വത്തിന് കീഴിലേക്ക് മാറ്റിയത്. ഇതെൻ്റെ ഒൻപതാമത്തെ പുസ്തകമാണ്. എഴുത്തുകൾക്ക് നല്ല പ്രോൽസാഹനം നൽകി എന്നും എന്നെ ത്രസിപ്പിച്ച മാന്യവായനക്കാരുടെ ചിന്താ ശേഖരത്തിലേക്ക് ഇതാ എൻ്റേതായി ഒരിറ്റുകൂടി. സ്വീകരിച്ചാലും…..
സ്നേഹത്തോടെ
ഡോ:കെ.ടി.ജലീൽ
മുൻമന്ത്രി ശ്രീ ഇ.പി ജയരാജനാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഐ.എൻ.എൽ സംഘടിപ്പിച്ച സൗഹാർദ സംഗമത്തിൽ വെച്ച്, ചിന്ത പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകം പുറത്തിറക്കിയത്. എഴുത്തുകാരൻ പി.കെ പാറക്കടവ് ആദ്യപ്രതി ഏറ്റുവാങ്ങി. മുൻമന്ത്രി അഹമദ് ദേവർകോവിൽ, സ്വാമി ഭദ്രാനന്ദ ശക്തിബോധി, കെ.കെ. ബാലകൃഷ്ണൻ, ദിവാകരൻ, മുക്കം ഉമർ ഫൈസി, അലി അബ്ദുല്ല, സേട്ടു സാഹിബിൻ്റെ മകൾ തസ്നി ഇബ്രാഹിം, എൻ്റെ ഗുരുനാഥൻ കാസിം ഇരിക്കൂർ ഉൾപ്പടെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News